മനുഷ്യൻ ആത്യന്തികമായി സ്വാർത്ഥനാണ്, ഈ വിഭാഗീയതകൾക്കിടയിൽ മനുഷ്യനായിരിക്കാൻ കഴിയുക എന്നുള്ളതുതന്നെയാണ് പ്രധാനം !

140

വി.ജി. മുകുന്ദൻ(vgm)

വിഭാഗീയതയുടെ രസതന്ത്രം

ഏഷ്യൻ, ഇന്ത്യക്കാരൻ, കേരളീയൻ ,തൃശ്ശൂർക്കാരൻ പിന്നേയും താഴേക്കുപോയാൽ ഗ്രാമപഞ്ചായത്ത്‌ തൊട്ട് തറവാട്ടു പേരുവരെ അങ്ങനെപോകും നമ്മുടെ ഭൂമിയിലുള്ള അവകാശ വാദങ്ങളുടെ നീണ്ട നിര. ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദുവിസം, ബുദ്ധമതം അങ്ങനെ വീണ്ടും ഒരു വേർതിരിവ് . ഇനി ഇതിൽ ഓരോന്നിലും ഒരുപാടു ജാതികളും ഉപജാതികളും. എല്ലാ ഗ്രൂപ്പിലുമുണ്ട് അവർണ്ണനും സവർണ്ണനും -കറുത്തവനും വെളുത്തവനും , കാണാൻ കൊള്ളാത്തവനും കണ്ടിരിക്കാൻ കൊള്ളുന്നവനും !

വടക്കെ ഇന്ത്യക്കാർക്കു തെക്കെന്മാരെ അംഗീകരിക്കാൻ മടി (മദ്രാസികളെന്നാണ് പൊതുവെ തെക്കെ ഇന്ത്യക്കാരെ ഇവർ കളിയാക്കി വിളിക്കുന്നത്), യുറോപ്പ്യൻസിനു ഏഷ്യക്കാരെ പുച്ഛം, ഇവർക്ക് രണ്ടു കൂട്ടർക്കും ആഫ്രിക്കൻസിനെ കണ്ടുകൂടാ . ഇവരെ എല്ലാവരെയും അമേരിക്കൻസിനു യാതൊരു വിലയുമില്ല. തൊലിയുടെ നിറം അനുസരിച്ചു സ്ഥാനമാനങ്ങൾ…! വെള്ളകാരെ കാണുമ്പോൾ ഇപ്പോഴും എല്ലാം മറന്നു ഓച്ഛാനിച്ചു നിൽക്കുന്നവർ …!

എന്തിനേറെ….നമ്മൾ മലയാളികൾ കേരളത്തിനുപുറത്തു തമ്മിൽ തർക്കിക്കുന്നത് കണ്ടിട്ടുണ്ടോ – ജില്ലകളുടെ പേര് പറഞ്ഞിട്ടാകും…! തൃശ്ശൂർകാർക്ക് തമ്മിൽ ഒരു പ്രത്യേക അടുപ്പം ഉണ്ടാകും …അങ്ങനെ മറ്റു ജില്ലാ കാർക്കും ഉണ്ട് . ഇനി….ജീവിച്ചു തീർക്കാൻ വേണ്ടി മാത്രം ചെയ്തു പോകേണ്ടുന്ന കർമ്മങ്ങളിലുമുണ്ട്‌ . വിഭാഗീയതയുടെ മതിലുകൾ. കഷ്ടിച്ചു ജീവിക്കാൻ വേണ്ടി ചെയ്യേണ്ടിവരുന്ന ജോലികളുടെ പേരിലും വേർതിരിവുകൾ…!

തനിക്കു ജാതിയും മതവുമില്ല; അമേരിക്കാരനായലും ഏഷ്യകാരനായലും എല്ലാവരും ഒരു പോലെയാണ് എന്നുപറയുന്നവർ കള്ളം പറയുന്നവർ എന്നേ വിശ്വസിക്കാൻ പറ്റുകയുള്ളൂ. ഈശ്വര വിശ്വാസമില്ലെന്ന് പറയുന്ന പുരോഗമന രാഷ്ട്രീയപാർട്ടിക്കാരെപോലെ. ജാതിമത വിവേചനം, സാമ്പത്തിക, രാഷ്ട്രീയ, ഭൂമിശാസ്ത്ര പരമായ വിവേചനം അങ്ങനെ വേർതിരിവുകൾ ഒരുപാടുണ്ട്.

ഇങ്ങനെയുള്ള വിവേചനങ്ങൾക്കുമപ്പുറം സാധാരണ മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വികാരമാണ് സ്വാർത്ഥത.! ഇതും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിവേചനത്തിന് കാരണമല്ലേ- എന്റെ ഭാര്യ എന്റെ മക്കൾ എന്റെ അമ്മ എന്റെ എന്റെ …മനുഷ്യൻ ആത്യന്തികമായി സ്വാർത്ഥനാണ്. ഈ വിഭാഗീയതകൾക്കിടയിൽ മനുഷ്യനായിരിക്കാൻ കഴിയുക എന്നുള്ളതുതന്നെയാണ് പ്രധാനം.!