“സത്യം പറയണം.എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞു വരുന്നുണ്ടോ”? ഭാര്യയില്‍ നിന്നും അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് രാംദാസ് ഒന്ന് പകച്ചു. എന്താ ഇപ്പോള്‍..ഇങ്ങനെ ഒരു ചോദ്യം ?ഇന്നത്തെ ദിവസം അരുതാത്തതായി ഒന്നും തന്നെ പറഞ്ഞിട്ടില്ലലോ എന്ന് അയാള്‍ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിച്ചു. വൈകുന്നേരത്തെ ഭക്ഷണത്തിന് ശേഷം വെറുതെ ഫേസ്ബുക്കില്‍ കൂടി അലയുകയായിരുന്നു രാംദാസ്.
പെട്ടെന്ന് ഒരു ഉത്തരം കൊടുക്കാന്‍ രാംദാസിന് സാധിച്ചില്ല. കാരണം തിരക്കുകള്‍ തങ്ങളുടെ ഇടയിലെ ബന്ധത്തിന് പോറല്‍ വരുതിയിട്ടുണ്ടായിരുന്നില്ലെങ്കിലും, പഴയ ഊഷ്മളത നഷ്ടപ്പെട്ടു എന്നുള്ള ഒരു സന്ദേഹം അയാള്‍ക്ക് തന്നെ പലപ്പോഴും തോന്നിയിരുന്നു. പരസ്പരം തുറന്നു സംസാരിക്കാനുള്ള സമയം കുറവ് വന്നത് തന്നെ ആയിരുന്നു കാരണം. ജോലി-വീട് എന്നിങ്ങനെ മാത്രം ഉള്ള ഒരു ലോകത്തായിരുന്നു അയാള്‍. ജോലിക്ക് ശേഷം ഒരു ചെറിയ പാര്‍ട്ട് ടൈം ജോലി. അതുകഴിഞ്ഞാല്‍ നേരെ വീട്. അധ്യാപികയായ ഭാര്യക്ക് കുറച്ചു കുട്ടികളുടെ ട്യുഷന്‍ ഉണ്ടായിരുന്നു. അതിനു ശേഷം കുട്ടികളുടെ പഠിപ്പ് ഒക്കെ ആയി അവര്‍ക്കും തിരക്ക്. മൂത്ത മകള്‍ പത്താംക്ലാസില്‍ ആയതിനാല്‍ അവള്‍ക്കും തിരക്ക്.രണ്ടു ചെറിയവര്‍ അവരുടേതായിട്ടുള്ള കളികളും ഒക്കെ ആയി.എല്ലാ തിരക്കുകളും കഴിയുമ്പോള്‍ നേരെ കാണാന്‍ തന്നെ സമയം ഉണ്ടായിരുന്നില്ല. പിറ്റെന്നെക്കുള്ള തയാറെടുപ്പുകള്‍. കാലത്തെ ഉണര്‍ന്നു ഓരോരോ ചില്ലയിലേക്ക് ചാടിയും ഓടിയും കയറുന്ന പ്രവാസി പക്ഷികള്‍. അതിനിടയില്‍ എവിടെ ഇഷ്ട്ടം പ്രകടിപ്പിക്കാന്‍ സമയം ? തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ ?
സുഹൃത്തുക്കള്‍ ഒരു ബലഹീനത ആയിരുന്ന അയാള്‍, എന്നാല്‍ പ്രവാസ ലോകത്ത് എത്തി ചേര്‍ന്ന ശേഷം സുഹൃത്തുക്കളെ ഉണ്ടാക്കി എടുക്കുന്നതില്‍ പാടെ പരാജയപ്പെട്ടു. ആത്മാര്‍ഥമായ സുഹൃത്ത് ബന്ധങ്ങള്‍ ഗള്‍ഫില്‍ തുലോം കുറവാണല്ലോ. എല്ലാരെക്കാളും മുന്‍പന്‍ എന്ന് സ്വയം അഹങ്കരിച്ചു നടക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ പൊങ്ങച്ചം കാണിക്കാനും മറ്റും അയാള്‍ക്ക് സാധിച്ചിരുന്നില്ല. പ്രവാസി സംഘടനകളില്‍ ആളായി നടന്നു സ്വന്തം പടം പത്രങ്ങളില്‍ വരുന്നത് കണ്ടു ആനന്ദിക്കാനുള്ള ഒരു സ്വഭാവ വിശേഷത്തിനു അടിമ അല്ലായിരുന്നു അയാള്‍ . നിരോധനം മൂലം മദ്യപാന ശീലം നാട്ടില്‍ മാത്രമായി ചുരുങ്ങിയതും, ചില സുഹൃത്തുക്കളുടെ ഇടയില്‍ എങ്കിലും, അയാള്‍ സ്വീകാര്യനല്ലാതെ ആയി തീര്‍ന്നു.
തിരക്ക് എന്ന വാക്ക് ആയിരുന്നു അയാള്‍ ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. ഓഫീസില്‍, വീട്ടില്‍, പരിചയക്കാരെ വിളിക്കുമ്പോള്‍, ജോലി സംബന്ധമായ സംഭാഷണങ്ങളില്‍ എല്ലാം. തിരക്കില്ല എന്ന് പറയുന്നവരെ ഒന്ന് കാണാന്‍ പറ്റിയിരുന്നെകില്‍ എന്ന് രാംദാസ് പലപ്പോഴും കൊതിച്ചിരുന്നു.ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത പരിചയക്കാര്‍.പിന്നീട് തിരക്കിലായിരുന്നു എന്ന് ജാഡ പറഞ്ഞു തിരിയെ വിളിക്കുമ്പോള്‍ ഗൂഡമായ ഒരു ചിരി വരുന്നത് പലപ്പോഴും അയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. പ്രവാസ ജീവിതത്തിന്റെ ഇടയിലെ ചെറിയ ചെറിയ അവധി ദിവങ്ങളില്‍ നാട്ടില്‍ എത്തുമ്പോഴും,തിരക്ക് എന്ന് വാക്ക് ഒരുപാട് കേട്ടു. പഴയ സുഹൃത്തുക്കളെ ഒക്കെ വിളിച്ചാല്‍ കിട്ടാതായി തുടങ്ങിയതിനാല്‍, അവധി ദിവസങ്ങളില്‍ തിരക്കില്ലാത്ത ഏക ആളായി മാറാന്‍ കഴിയുന്നതില്‍ അയാള്‍ ഒരു രസം കണ്ടു തുടങ്ങിയിരുന്നു.
ഭാര്യ അല്ലാതെ മറ്റൊരു സ്ത്രീ അയാളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു.പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ തന്നില്‍ പക്ഷെ ചില കുറവുകള്‍ വന്നിട്ടുണ്ട് എന്ന് അയാള്‍ക്ക് തോന്നി.ഒരു പുതിയ ഡ്രസ്സ് വാങ്ങുമ്പോള്‍, അത് ധരിക്കുമ്പോള്‍ ഭാര്യയെ പുകഴ്ത്താന്‍ ഒക്കെ മറന്നു പോയിരിക്കുന്നു. അവര്‍ അത് ആഗ്രഹിക്കുന്നുണ്ടാവുമോ ? ഒരു സമ്മാനം ഭാര്യക്ക് കൊടുത്ത കാലം മറന്നിരിക്കുന്നു.ഫേസ് ബുക്കില്‍ അപ്ഡേറ്റ് വരുമ്പോള്‍ മാത്രം ഓര്‍മ്മ വരുന്ന ജന്മ ദിനങ്ങള്‍ .
ഓഫീസില്‍ ഇരിക്കുമ്പോഴും രാംദാസിന്റെ ചിന്ത എങ്ങനെ ജീവിതത്തില്‍ പഴയ ഊഷ്മളത കൊണ്ടുവരാം എന്നായിരുന്നു. വൈകുന്നേരം ഭാര്യയുമായി ഒന്ന് നടക്കാന്‍ പോകാമെന്നും, പുറത്തു നിന്നാവട്ടെ ഇന്നത്തെ ഭക്ഷണം എന്നും അയാള്‍ തീരുമാനിച്ചു. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ചു വരില്ല എന്ന് പറഞ്ഞു. ഭാര്യക്ക് ഒരു സര്‍പ്രയ്സ് ആവട്ടെ എന്ന് കരുതി മനപൂര്‍വം പറയാതെ ഇരിക്കുമ്പോഴും ഇത് പറയുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം കുറച്ചു നാളുകള്‍ക്കു ശേഷം എങ്ങനെ ഉണ്ടാവും എന്ന് അയാള്‍ ഓര്‍ത്തു.
ക്ഷീണിതന്‍ ആയിട്ടാണ് വീട്ടില്‍ എത്തിയതെങ്കിലും വൈകുന്നേരത്തെ പ്രോഗ്രാം മാറ്റാന്‍ അയാള്‍ക്ക് തോന്നിയില്ല. പതിവിനു വിപരീതമായി ചായക്ക് പകരം രാംദാസിനു ഇഷ്ട്ടപ്പെട്ട അടപ്പായസം ഭാര്യ കൊടുത്തപ്പോള്‍ എന്താണ് വിശേഷം എന്ന് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല. ഹാപ്പി ബര്‍ത്ത്ഡേ എന്ന് ആര്‍ത്തു വിളിച്ചു കൊണ്ട് മക്കള്‍ വന്നപ്പോഴായിരുന്നു താന്‍, തന്റെ തന്നെ ജന്മദിനം മറന്നുവല്ലോ എന്ന് ഓര്‍ത്തത്. രാത്രി ഭക്ഷണം പുറത്താണെന്നും അമ്മ നമുക്കായി അഞ്ചു സീറ്റുകള്‍ മുഗള്‍ മഹാള്‍ ഹോട്ടലില്‍ റിസര്‍വ് ചെയ്തിരിക്കുന്നു എന്നും മൂത്ത മകള്‍ പറഞ്ഞു. ഭാര്യ കൈയ്യിലേക്ക് കൊടുത്ത കവറിനുള്ളിലെ ഷര്‍ട്ടിന്റെ നിറം തന്റെ പ്രിയ നിറമായ ഇളം നീല തന്നെ ആണെന്ന് കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നിട്ടും രാംദാസിനു മനസ്സിലായി.