സ്വർണക്കടത്തിൽ ബിഎംഎസ്‌ നേതാവിന്റെ പങ്ക്‌ വെളിപ്പെട്ടതിന്‌ പിന്നാലെ കസ്റ്റംസിന്റെ അന്വേഷണം മുസ്‌ലിം ലീഗ്‌ നേതൃത്വത്തിലേക്കും

86

സ്വർണക്കടത്തിൽ ബിഎംഎസ്‌ നേതാവിന്റെ പങ്ക്‌ വെളിപ്പെട്ടതിന്‌ പിന്നാലെ കസ്റ്റംസിന്റെ അന്വേഷണം മുസ്‌ലിം ലീഗ്‌ നേതൃത്വത്തിലേക്കും. ഗൾഫ് നാടുകളിലും കേരളത്തിലും സ്വർണ വ്യാപാരം നടത്തുന്ന സ്ഥാപനത്തിൽ പങ്കാളികളിലേക്കാണ്‌ അന്വേഷണം എത്തുക. മലപ്പുറത്തെയും കോഴിക്കോട്ടെയും എംഎൽഎമാർ അടക്കമുള്ള പ്രമുഖ നേതാക്കളും അവരുടെ മക്കളും കൊടുവള്ളിയിലെ മുതിർന്ന നേതാവും മലപ്പുറം ജില്ലയിലെ എംഎൽഎയുടെ ബന്ധുക്കളുമെല്ലാം ഈ സ്ഥാപനത്തിന്റെ ഭാഗമാണ്‌. ലീഗിന്റെ നിയന്ത്രണത്തിലുള്ള ഗൾഫിലെ മലയാളികളുടെ സംഘടന കെഎംസിസിയുടെ ഭാരവാഹികളിലേക്കും അന്വേഷണം ചെന്നെത്തുമെന്ന്‌ ഉറപ്പായിരിക്കുന്നു.

ഗൾഫ്‌ മലയാളികളെ നാട്ടിലെത്തിക്കാൻ വിമാനം ചാർട്ടർ ചെയ്‌ത്‌ വൻ തുക പ്രവാസികളിൽ നിന്ന്‌ ഇടാക്കുകയും ഈ അവസരം മുതലാക്കി കോടികളുടെ സ്വർണം കടത്തുകയും ചെയ്‌തതിൽ ലീഗ്‌ നേതാക്കൾക്കുള്ള പങ്ക്‌ അന്വേഷിക്കുന്നതിനിടെയാണ്‌ യുഎഇ കോൺസുലേറ്റ്‌ വഴിയുള്ള കള്ളക്കടത്തിലും ലീഗ്‌ നേതാക്കളുടെ പേര്‌ പുറത്തുവരുന്നത്‌. കള്ളക്കടത്ത്‌ പണം കൊണ്ടാണ്‌ ഇപ്പോൾ ലീഗിന്റെ നിലനിൽപ്പ്‌. കെഎംസിസിയെ ഉപയോഗിച്ച്‌ കേരളത്തിലെത്തിക്കുന്ന കള്ളക്കടത്തു സ്വർണവും കള്ളപ്പണവും കൊണ്ടാണ്‌ ആ പാർട്ടി ജീവിച്ചുപോകുന്നതും നേതാക്കൾ ബാങ്ക്‌ ബാലൻസ്‌ കുന്നുകൂട്ടുന്നതും. നേതാക്കൾ അഴിമതിയിലൂടെയും കള്ളക്കടത്തിലൂടെയും നേടുന്ന കള്ളപ്പണമാകട്ടെ പ്രവാസി വ്യവസായികൾ വഴി വെളുപ്പിച്ചെടുക്കുകയും ചെയ്യുന്നു. കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്തു സ്വർണത്തിന്റെ ഭൂരിഭാഗവും ലീഗ്‌ നേതാക്കളിലാണ്‌ എത്തുന്നത്‌. കള്ളക്കടത്തിന്റെ കാര്യത്തിൽ ലീഗും ബിജെപിയും ഒരേ തൂവൽ പക്ഷികളാണന്ന്‌ കൂടി തെളിയുകയാണ്‌.

ലീഗിന്റെ തട്ടിപ്പിനെക്കുറിച്ചും ആശയ പാപ്പരത്തത്തെക്കുറിച്ചും ബോധ്യമുള്ള അണികൾ ആ പാർട്ടിയെ കൈയൊഴിയാൻ ആരംഭിച്ചതോടെയാണ്‌ പുതിയ സഖ്യകക്ഷികളെ തേടാനുള്ള ശ്രമം. ജനുവരി 26ന്‌ പൗരത്വ പ്രശ്‌നത്തിൽ എൽഡിഎഫ്‌ നടത്തിയ മനുഷ്യമഹാശൃംഖലയിൽ കേരളത്തിലങ്ങോളമിങ്ങോളം പതിനായിരക്കണക്കിന്‌ ലീഗ്‌ പ്രവർത്തകരാണ്‌ അണിചേർന്നത്‌. ഇതോടെയാണ്‌ അടിത്തറ തകർന്നുപോയെന്ന ഭയത്തിൽ എസ്‌ഡിപിഐയുമായും ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫേർ പാർടിയുമായും സഖ്യം ചേരാനുള്ള നീക്കങ്ങൾ. ബിജെപിയുമായി പരസ്യമായും രഹസ്യമായും പല തെരഞ്ഞെടുപ്പുകളിലും നീക്കുപോക്കുണ്ടാക്കിയ ലീഗിന്റെ വെൽഫേർ പാർട്ടി ബന്ധത്തിനെതിരെ അണികളിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്‌. ഇ ടി മുഹമ്മദ്‌ ബഷീറിനെപ്പോലുള്ള നേതാക്കളാണ്‌ സഖ്യത്തിന്‌ മുൻകൈയെടുക്കുന്നത്‌. അണികൾ കൊഴിഞ്ഞു പോയാലും പാർട്ടി നശിച്ചാലും സ്വന്തം ബിസിനസ്സും കള്ളക്കടത്തും മെച്ചപ്പെടണമെന്ന വിചാരമേ ലീഗ്‌ നേതൃത്വത്തിനുള്ളൂ.