ഡിപ്രഷനിലിരിക്കുന്നവരോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നീതി അവരെ കേട്ടിരിക്കാൻ തയ്യാറാവുക എന്നതാണ്

45

മാനസി പി. കെ

ഡിപ്രഷനിലിരിക്കുന്നവരോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നീതി അവരെ കേട്ടിരിക്കാൻ തയ്യാറാവുക എന്നതാണ്. കരയാൻ വെമ്പുന്നവരെ കരയാൻ അനുവദിക്കുകയും, പൊട്ടിത്തെട്ടിറിക്കുന്നവരെ ക്ഷമയോടെ കേട്ടിരിക്കുകയും, സാമീപ്യം ആഗ്രഹിക്കുന്നവർക്ക് അത് നൽകുകയും ചെയ്യുമ്പോൾ ഒന്ന് മയപ്പെടാൻ,ഒറ്റയല്ല എന്ന തോന്നലുണ്ടാകാൻ അത് ഉപകരിക്കുക തന്നെ ചെയ്യും. ചിലപ്പോൾ അവരുടെ വിഷാദവലയങ്ങളെ ഭേദിക്കുവാൻ തക്ക വിധത്തിൽ നമ്മുടെ കയ്യിൽ ഒന്നുമുണ്ടാകില്ല. ചിലപ്പോൾ അവരത് പ്രതീക്ഷിക്കുന്നത് പോലുമുണ്ടാകില്ല. പക്ഷെ ഉള്ളിലങ്ങനെ ചോര പൊടിയുമ്പോൾ പറഞ്ഞ് തീർക്കാനുള്ളത് മുഴുവൻ അവർ പറഞ്ഞ് തീർക്കുമ്പോൾ, ഉള്ളം കൈ ചേർത്ത് അൽപനേരമിരിക്കുമ്പോൾ ആ നിമിഷത്തിൽ മാത്രം വിരിയുന്ന ഒരു പുഞ്ചിരി അവരുടെ ചുണ്ടുകളിൽ കാണാൻ കഴിഞ്ഞേക്കും.

കരയുന്നവരോട് നിനക്ക് നാണമില്ലേ കരയാൻ എന്ന് ചോദിക്കുന്നത്രയും ക്രൂരത മറ്റൊന്നുമില്ല, അലറിക്കരയുന്നരോട്, തെറി പറയുന്നവരോട് വെറുതെയല്ല നീയിങ്ങനെ ആയിപ്പോയതെന്ന് പറഞ്ഞ് പാതിവഴിയിൽ ഉപേക്ഷിക്കുന്നത്രയും ഭീകരത വേറെയില്ല. ഒരു വിരലിനറ്റം കൊതിക്കുന്നവരോട് നിലനിൽപ്പിന്റെ, കരുത്തിന്റെ സിദ്ധാന്തങ്ങൾ ഓതിയിട്ട് കാര്യവുമില്ല. അവർക്ക് ആ നിമിഷം ആ വിരലിനപ്പുറത്തേക്ക് മറ്റൊന്നും വേണ്ടി വരില്ല.പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവർക്കും മിടുക്കുണ്ടാവണമെന്നില്ല. പക്ഷെ കേട്ടിരിക്കാൻ, തെറികളോട് മുഖം തിരിക്കാതിരിക്കാൻ, ഒരു ചെറുവിരലെങ്കിലും നൽകാൻ കഴിയാത്ത അത്രയും ദാരിദ്ര്യമൊന്നും ഇവിടെ ഒരു മനുഷ്യനുമില്ല.ഹൃദയവേദകളോളം വലുതായി മറ്റൊരു വേദനയുമില്ലെന്ന് തിരിച്ചറിയുക. ചുറ്റുമുള്ള മനഷ്യരുടെ മുഖങ്ങളിലേക്കൊന്നു നോക്കുക. കൂടെ അവനവന്റെ ഹൃദയത്തിലേക്കും ഒന്ന് കണ്ണോടിക്കുക.