ശൈലജ ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥിനി ടീച്ചറെ കുറിച്ച് പറയുന്നു

163
മാനസി പി കെ
2003-2004 അദ്ധ്യായന വർഷം ശിവപപുരം ഹയർ സെക്കന്ററി സ്കൂളിൽ എന്റെ കെമിസ്ട്രി അദ്ധ്യാപികയായിരുന്നു കെ കെ ശൈലജ ടീച്ചർ. 5 മുതൽ 7വരേയുള്ള പഠനകാലയളവിൽ എന്നെ പാഠങ്ങൾ പഠിപ്പിച്ചിരുന്നില്ല പക്ഷെ എങ്ങനെ ഒരു മികച്ച പ്രാസംഗിക ആകാമെന്ന് ടീച്ചർ പഠിപ്പിച്ചു തന്നിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവെലിന് പ്രസംഗവേദികളിലും, മിമിക്രിയും, മോണോ ആക്ടും, നാടകവുമൊക്കേയായി സ്കൂളിലെ കലാതിലകപട്ടം നേടിയപ്പോഴുള്ള സന്തോഷം ഓർക്കുമ്പോൾ ടീച്ചറും, മലയാളം അദ്ധ്യാപകൻ രാജീവൻ സാറും ഓർമ്മയിൽ വരാതിരിക്കുന്നതെങ്ങനെ.
ആ അദ്ധ്യായന വർഷം തന്നെ വളന്ററി റിട്ടേയർമെന്റ് എടുത്ത് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ടീച്ചർ പ്രവേശിക്കുമ്പോൾ നല്ലൊരു അദ്ധ്യാപികയെ നഷ്ട്ടപ്പെട്ട ദു:ഖത്തിൽ ഇരുന്നിട്ടുണ്ട്. വെറുമൊരു
അദ്ധ്യാപിക എന്നതിലുപരി ടീച്ചർ കുട്ടികളുടെ ഇടയിലും, നാട്ടുകാരുടെ ഇടയിലും എങ്ങനെയൊക്കെയായിരുന്നു ഇടപെട്ടിരുന്നത് എന്ന് എണ്ണിപ്പറയാൻ നിന്നാൽ ഒരുപാട് പറയേണ്ടി വരും.പക്ഷെ ആ നഷ്ട്ടം ഇന്ന് നാടിന്റെ നന്മക്കായി മാറിയത് കാണുമ്പോൾ അതിയായി സന്തോഷം തോന്നുന്നു.മികച്ച വിദ്ധ്യാർഥികളെ എങ്ങനെ വാർത്തെടുക്കണം എന്ന് വ്യക്തമായി അറിയുന്ന ടീച്ചർക്ക് തന്റെ ജനതയെ എങ്ങനെ ചേർത്തു പിടിക്കണമെന്ന് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല.
നോക്കൂ എത്ര വ്യക്തതയോടേയാണ് ടീച്ചർ തന്റെ ജനങ്ങളോട് സംസാരിക്കുന്നത്. എത്ര കൃത്യമായ രാഷ്ട്രീയവും, മാനുഷികവുകമായ നിലപാടിലൂടേയാണ് ടീച്ചർ നമുക്ക് പ്രിയപ്പെട്ടതായത്.
എത്ര മാന്യമായാണ് പ്രതിപക്ഷത്തോട് ടീച്ചർ സംസാരിക്കുന്നത്. എത്ര സന്തോഷത്തോടേയാണ് നിങ്ങൾ എന്നെ ടീച്ചറമ്മയെന്ന് വിളിക്കുന്നതിൽ പരിഭവമില്ലെന്ന് പറയുന്നത്.എത്ര മികച്ച രീതിയിലാണ് ആരോഗ്യരംഗത്ത് അത്രയും കരുതലോടെ ഓരോരുത്തരേയും ചേർത്തു പിടിക്കുന്നത്.
പ്രിയപ്പെട്ട ടീച്ചർ തീർച്ചയായും അന്ന് ഞങ്ങൾക്കുണ്ടായ നഷ്ട്ടത്തിൽ ഇന്ന് അഭിമാനം തോന്നുന്നു.