മനസ്സിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’

405

funny

ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി, ബക്രീത്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങളെല്ല്‌ലാം മറ്റുള്ളവരെക്കാള്‍ വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നു. കാരണം അവര്‍ക്ക് ആ ദിവസങ്ങളിലെ അവധികള്‍ കൂടിച്ചേര്‍ന്നാണ് ആഘോഷം. ഇതില്‍ ഏറ്റവും കൂടുതല്‍ ദിവസം അവധി ലഭിക്കുന്നത് വിഷുക്കാലത്തായതിനാല്‍ (മധ്യവേനല്‍ അവധി) കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത്, ആ വിഷു സമയത്തായിരിക്കും.

കണ്ണൂര്‍ ജില്ലയിലെ ആഘോഷപ്പൊലിമയില്‍ ഓണത്തിനും വിഷുവിനും ഒരേ ഗ്രെയിഡാണ്. ഓണത്തിന് ‘പൂക്കളം’ ഇടുമ്പോള്‍ വിഷുവിന്, ‘കണിവെച്ച് പടക്കം പൊട്ടിക്കും’. ഓണം പത്ത് ദിവസം നീളുമ്പോള്‍ വിഷു അതിലും കൂടുതല്‍ ദിവസത്തേക്ക് നീളും. പടക്കം പൊട്ടുന്ന കാലത്തെല്ലാം കുട്ടികള്‍ക്ക് വിഷു ആഘോഷം ആയിരിക്കും. സ്‌ക്കൂള്‍ അടക്കുന്ന ദിവസം മുതല്‍ പൊട്ടാന്‍ തുടങ്ങുന്ന പടക്കം റിസല്‍ട്ട് വരുന്നതുവരെ പൊട്ടും.
,,,
അങ്ങനെയുള്ള ഒരു വിഷുക്കാലം; ഏതാണ്ട് നാല്‍പ്പത് വര്‍ഷം മുന്‍പത്തെ ഒരു മധ്യവേനല്‍ അവധി.

അധ്യയനവര്‍ഷത്തിന്റെ ലാസ്റ്റാമത്തെ ദിനം ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ തിരക്കിട്ട പണിയാണ്. പഴയ പുസ്തകങ്ങള്‍ എല്ലാം രണ്ടായി മാറ്റിവെക്കുന്നു; ഒരു ഭാഗം തൂക്കിവില്‍ക്കാനുള്ളവയും, മറ്റൊരു ഭാഗം പകുതി വിലക്ക് മറ്റുകുട്ടികള്‍ക്ക് വില്‍ക്കാനുള്ള ടെക്ള്‍സ്റ്റ് പുസ്തകങ്ങളും. പിന്നീട് കളിക്കാനുള്ള എല്ലാ ഉപകരണങ്ങളും കളിപ്പന്തുകള്‍, വടികള്‍, പളുങ്കുഗോട്ടികള്‍, കാര്‍ഡ്‌ബോര്‍ഡുകള്‍, ചായങ്ങള്‍, കുട്ടിയുംകോലും ആദിയായവ പൊടിതട്ടിയെടുക്കുന്നു. പിന്നെ, പകലന്തിയോളം കളിയും മാങ്ങതീറ്റിയും ചേര്‍ന്ന് ഓട്ടവും ചാട്ടവും തന്നെ. ഗ്രാമത്തിലുള്ള എല്ലാപറമ്പുകളും ആ പറമ്പുകളിലെ മാവും മാങ്ങകളും കൂടാതെ മറ്റു ചെടികളും കുട്ടികള്‍ക്ക് സ്വന്തമായ; വേലിയും മതിലും കൊണ്ട് വേര്‍തിരിക്കാത്ത ഒരു കാലമായിരുന്നു അത്.

എന്റെ ഓര്‍മ്മയിലെ കുട്ടിക്കാലം തുടങ്ങുന്നത് അമ്മയുടെ വീട്ടിലാണ്. അവിടെ അച്ഛനും അമ്മയും അമ്മാവന്മാരും അമ്മൂമ്മയും ഇളയമ്മയും ചേര്‍ന്ന മുതിര്‍ന്നവര്‍ക്ക്, ‘പഠിപ്പിക്കാനും കളിപ്പിക്കാനും ചിരിപ്പിക്കാനും കരയിക്കാനും തല്ലാനും വഴക്ക്പറയാനും’ ഞാനൊരാള്‍ മാത്രം. എന്നാല്‍ എല്ലായിനം കുഴപ്പവും ഉണ്ടാക്കുന്ന എന്നെ ‘ആരെങ്കിലും വഴക്ക്ള്‍പറഞ്ഞെന്ന്, അറിഞ്ഞാല്‍ എന്റെ വീട്ടുകാരെല്ലാം ഒന്നിച്ച് കൈകോര്‍ത്ത് അവരെ ചോദ്യംചെയ്യാന്‍ പുറപ്പെടും. അതുകൊണ്ട് വഴിക്ക് വെച്ച് എനിക്ക് കിട്ടിയത്, ഒന്നുംതന്നെ ഞാന്‍ വീട്ടില്‍ കൊടുക്കാറില്ല.

അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളില്‍ എനിക്ക്മാത്രം പ്രത്യേക ജോലിയുണ്ട്; വായന. തൊട്ടടുത്ത വായനശാലയുടെ പരിപൂര്‍ണ്ണ അധികാരം ലൈബ്രേറിയനായ എന്റെ മൂത്ത അമ്മാവനായതിനാല്‍ പരമാവധി പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് നിര്‍ദ്ദേശം നല്‍കും. അദ്ധ്യാപകനായ അമ്മാവന്റെ ശിക്ഷണത്തില്‍ ആയതിനാല്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനു മുന്‍പ്തന്നെ ഞാന്‍ മാതൃഭൂമിയും മനോരമയും കൂടാതെ ഏതാനും കഥാപുസ്തകങ്ങള്‍കൂടി വായിച്ചിരുന്നു. എനിക്ക് മാത്രമല്ല നാട്ടിലെ എല്ലാ കുട്ടികള്‍ക്കും ഈ അമ്മാവനെ ഒത്തിരി ഭയമാണ്.

തൊട്ടടുത്തുള്ള എല്‍.പി. സ്‌ക്കൂളില്‍ അഞ്ചാം ക്ലാസ്സ് പൂര്‍ത്തിയാക്കി ഞാന്‍ വിജയം പ്രതീക്ഷിച്ചിരിക്കുന്ന കാലം. നമ്മുടെ കളിക്കൂട്ടത്തില്‍ സ്ത്രീപുരുഷ സംവരണമൊന്നും ഉണ്ടായിരുന്നില്ല. അടിപിടി കൂടാന്‍ ആണും പെണ്ണും ഒരുപോലെ മുന്നില്‍. എന്റെ വീട്ടിലെ കളിക്കുട്ടിയായി ഞാന്‍ മാത്രമായതിനാല്‍ വീട്വിട്ട് അധികം അകലെ പോവാന്‍ എനിക്ക് പെര്‍മിഷന്‍ ഇല്ല. എങ്കിലും കളിക്കൂട്ടം എന്നെ തേടി എന്നും വീട്ടിലെത്തും. വീടിനു ചുറ്റും വിശാലമായ വെളുത്ത മണല്‍ നിറഞ്ഞ പറമ്പും അതിനു പിന്നില്‍ കടല്‍ത്തീരവും ഉണ്ട്. കളിക്കാന്‍ തയ്യാറായ കുട്ടികള്‍ക്ക് ഇതില്‍ കൂടുതലെന്ത് വേണം! പിന്നെ ആ വീടിനു സമീപം വന്ന് കളിക്കുമ്പോള്‍ മറ്റു കുട്ടികള്‍ക്ക് ഒരു നേട്ടം കൂടിയുണ്ട്; വിശപ്പും ദാഹവും തീര്‍ക്കാനുള്ള വക അടുക്കളയില്‍നിന്ന് ഏത് നേരത്തും ലഭിക്കും.

ഒന്നിച്ച് കളിക്കാന്‍ എനിക്ക് അനേകം ഫ്രന്റ്‌സ് ഉണ്ടായിരുന്നു; കൂടുതലും ബോയ്ഫ്രന്റ്‌സ് തന്നെ. എന്നെ സ്‌നേഹിക്കാനും എന്റെ കൂടെ കളിക്കാനും അവര്‍ മത്സരിച്ചെങ്കിലും ഇക്കൂട്ടത്തില്‍ ചിലരെ എനിക്കിഷ്ടപ്പെടാത്തതിനാല്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ എന്റെ അതേപ്രായമുള്ള ഒരുത്തന്‍ എന്റെ ‘ബെസ്റ്റ് ഫ്രന്റ്’ ആയി മാറി. സ്‌ക്കൂള്‍ ദിവസം, അവനെന്റെ ബോഡീഗാര്‍ഡായി എന്നെ എസ്‌ക്കോര്‍ട്ട് ചെയ്തു. അവധിദിവസം രാവിലെതന്നെ വീട്ടിലെത്തുന്ന അവനും ഞാനും ചേര്‍ന്ന് മറ്റു കുട്ടികളുടെ കൂടെ കളിക്കാന്‍ പോകും; പിന്നെ ഉച്ചഭക്ഷണംവരെ കളിതന്നെ. നമ്മുടെ കളിക്കൂട്ടത്തില്‍ ധാരാളം കുട്ടികള്‍ എപ്പോഴും ഉണ്ടാവും.

വിഷു വളരെ ഇഷ്ടമാണെങ്കിലും പടക്കം പൊട്ടുന്ന ശബ്ദം എനിക്കിഷ്ടമല്ല. മുറ്റത്ത് പടക്കം പൊട്ടുമ്പോള്‍ രണ്ട് ചെവിയും പൊത്തിപ്പിടിച്ച് ഞാന്‍ അകത്തെ മുറിയില്‍ ഓടും. അച്ഛന് കണ്ണൂര്‍ ടൌണില്‍ ജോലിയുള്ളതിനാല്‍ ധാരാളം പടക്കങ്ങളും പൂത്തിരികളും കൊണ്ടുവരും. വീട്ടിലെ കുട്ടിയായ എനിക്ക് പടക്കങ്ങളെ പേടിയായതിനാല്‍ എല്ലാം നാട്ടുകാരായ ആണ്‍കുട്ടികള്‍ക്ക് പൊട്ടിക്കാനും കത്തിച്ച് പുകയ്ക്കാനും വേണ്ടിയാണ്.

വിഷു ദിവസം പുലര്‍ച്ചക്ക് കണിവെക്കുന്ന നേരംനോക്കി എല്ലാ വീട്ടിലെയും കുട്ടികള്‍ പുറത്തിറങ്ങുകയായി. അവര്‍ ഗ്രൂപ്പായിചേര്‍ന്ന് കണികാണല്‍ യാത്ര ആരംഭിക്കുന്നു. കണിവെക്കുന്ന എല്ലാ വീട്ടിലും കുട്ടികള്‍ കയറിയിറങ്ങുകയായി. ഒരോ വീട്ടിലായി കണികാണാന്‍ വരുന്ന കുട്ടിപ്പടകള്‍ പെട്ടെന്ന് തിരിച്ചുപോവുകയില്ല. അകത്ത് കടന്ന് കണി കാണുന്നു. അത് ആ വര്‍ഷത്തെ കണിഫലം പോലെ ഇരുന്നിട്ടോ, കിടന്നിട്ടോ, നിന്നിട്ടോ ആയിരിക്കും. അതിനുശേഷം വീട്ടിലെ മുതിര്‍ന്ന ആള്‍ ഓരോ കുട്ടിക്കും അപ്പവും കൈനീട്ടവും കൊടുക്കുന്നു. ഇതില്‍ അപ്പം ഏത് രൂപത്തിലും ആവാം; എന്നാല്‍ കൈനീട്ടം ’25 പൈസയില്‍ കൂടുകയില്ല’. അപ്പം കിട്ടിയ ഉടനെ തിന്ന് ബാക്കി പണത്തോടൊപ്പം പോക്കറ്റില്‍ നിറക്കുന്നു. പുറത്തിറങ്ങിയ ശേഷം പടക്കം ഉണ്ടെങ്കില്‍ അതും പൊട്ടിച്ച് അവര്‍ പടികടക്കുമ്പോഴേക്കും അടുത്ത ഗ്രൂപ്പിന്റെ വരവായി.

ഇങ്ങനെയൊരു വിഷുക്കണി ഇപ്പോഴും നമ്മുടെ നാട്ടിന്‍പുറത്ത് കാണാം. വിഷുക്കണി കാണാന്‍ വരുന്നവരുടെ എണ്ണം 100 വരെ പ്രതീക്ഷിക്കാം. അതിനാല്‍ വിഷുക്കണിക്ക് തയ്യാറായ വീട്ടുകാര്‍ അതില്‍ കൂടുതല്‍ അപ്പം ചുട്ടുവെച്ചിരിക്കും.

ഇത്രയൊക്കെ പൊലിമയില്‍ ഒരുക്കുന്ന വിഷുക്കണി കാണാനായ്, മറ്റുവീടുകളില്‍ പോകാന്‍ എനിക്ക് അനുവാദം ഇല്ല. എന്നാല്‍ മറ്റു വീടുകളില്‍ കണിവെച്ച അപ്പത്തരങ്ങള്‍ ഞാന്‍ തിന്നും; അല്ല, എന്നെക്കൊണ്ട് അവന്‍ തീറ്റിക്കും. സൂര്യനുദിക്കുന്നതു വരെ വിഷുക്കണി കാണാന്‍ മറ്റു വീടുകളില്‍ പോയ അവന്‍ അപ്പത്തരങ്ങളും പണവുമായി എന്റെ വീടിന്റെ വരാന്തയില്‍ വന്ന് ഓരോ വീട്ടിലെയും വിശേഷങ്ങള്‍ പറഞ്ഞ്; നെയ്യപ്പം, കാരയപ്പം, കലത്തപ്പം, കിണ്ണത്തപ്പം, അട, വെല്ലം, തേങ്ങാപ്പൂള് ആദിയായവ ഓരോന്നായി പൊട്ടിച്ച് പകുതി എനിക്ക് തരും. വിശേഷം അറിയാനായി പുറത്തു വരുന്ന അമ്മൂമ്മക്കും ഒരു ഭാഗം നല്‍കും. ഇതില്‍ വെല്ലവും തേങ്ങാപ്പൂളും കണിവെച്ച വീട്ടുകാര്‍ അപ്പം തീര്‍ന്നാല്‍ പകരം നല്‍കുന്നതാണ്.

വിഷുസദ്യ കഴിച്ച ഉടനെ കുട്ടികളെല്ലാം കളിക്കാനായി കടല്‍തീരത്തെത്തും, ഒപ്പം മുതിര്‍ന്നവരും ഗ്രൂപ്പായിചേര്‍ന്ന് കാറ്റുകൊള്ളാന്‍ ഇറങ്ങും. പിന്നെ നമ്മുടെ സദ്യ എപ്പോഴും നോണ്‍വെജ് ആയിരിക്കും. അക്കാലത്ത് നമ്മുടെ ഗ്രാമത്തിലുള്ളവര്‍ മാംസം കഴിക്കുന്നത് ഓണത്തിനും വിഷുവിനും ആയിരിക്കും.

അങ്ങനെ ആ വിഷുദിവസവും ഉച്ചഭക്ഷണം കഴിച്ച് അവന്‍ എന്റെ വീട്ടില്‍ വന്നു. കളിക്കാനായി വിളിച്ചപ്പോള്‍ വീടിന്റെ പിന്‍വശത്ത് പോയി വെളുത്ത പൂഴിമണലില്‍ ഞങ്ങള്‍ കളിവീടുകള്‍ ഉണ്ടാക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു,
‘നമുക്ക് കള്ളക്കുണ്ട് കുഴിച്ച് ആളെ വീഴ്ത്താം’

അന്നത്തെ വിഷു സ്‌പെഷ്യലായി ആളുകള്‍ നടക്കുന്ന വഴിയില്‍, രണ്ടുപേരും ചേര്‍ന്ന് അരമീറ്റര്‍ ആഴത്തില്‍ വലിയ ഒരു കുഴി തയ്യാറാക്കി. തീരപ്രദേശത്തെ വെളുത്ത മണലില്‍ എളുപ്പത്തില്‍ ഒരു കുഴിയുണ്ടാക്കാം. പിന്നെ കുറേ ചുള്ളിക്കമ്പുകളും വാഴയിലയും കൊണ്ടുവന്ന് അതിന്റെ മുകളില്‍ ഫിറ്റ് ചെയ്തു. കുഴിയുടെ മുകളിലുള്ള കമ്പുകളില്‍ നിരത്തിയ വാഴയിലയില്‍ പൂഴികൊണ്ട് മൂടിയപ്പോള്‍ അടിയില്‍ ഒരു ചതിക്കുഴി കിടപ്പുണ്ടെന്ന് ആരും അറിയില്ല. കാട്ടില്‍ ആനെയെ വീഴ്ത്താനുള്ള വാരിക്കുഴിയുടെ നിര്‍മ്മാണ രഹസ്യം തന്നെ. ഇത് നമ്മള്‍ കടപ്പുറത്തെ കുട്ടികള്‍ക്ക് പാരമ്പര്യമായി കിട്ടിയതാണ്.

ആളുകള്‍ നടക്കുന്ന പൊതുവഴിയില്‍ ആര്‍ക്കും തിരിച്ചറിയാനാവാത്തവിധം ചതിക്കുഴി റഡിയായി. അങ്ങനെ വലിയൊരു കെണി ഒരുക്കിയശേഷം ഞങ്ങള്‍ അല്പം അകലെയുള്ള തെങ്ങിന്റെ പിന്നില്‍ ഒളിച്ചിരുന്നു. കടല്‍ക്കാറ്റേറ്റ് വണ്ണം കൂടിയ തെങ്ങിനു പിന്നില്‍ രണ്ട്‌പേര്‍ക്ക് ശരിക്കും ഒളിച്ചിരിക്കാം. അവിടെയിരുന്ന് വഴിയാത്രക്കാരെ ഓരോരുത്തരെ നിരീക്ഷിക്കാന്‍ തുടങ്ങി. അന്നത്തെ വിഷുക്കണി മോശമായ ആരായിരിക്കും കുഴിയില്‍ വീഴുന്നത്?

ആദ്യമായി വന്നത് രണ്ട് ചെറുപ്പക്കാരാണ്; പരിസരം മറന്ന് സംസാരിച്ചു വരുന്ന അവരില്‍ ഏതെങ്കിലും ഒരുത്തന്‍ കുഴിയില്‍ വീഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുപോലെ സംഭവിച്ചില്ല.
പിന്നീട് ആ വഴി വന്നത് ഒരു അയല്‍ക്കാരിയാണ്; അവര്‍ കരയുന്ന മകനെയും എടുത്ത്‌കൊണ്ട് അങ്ങനെ നടന്നുവരികയാണ്. അവരെങ്ങാനും കുഴിയില്‍ വീണാലോ? കുട്ടിയും അമ്മയും ഒന്നിച്ച് വീണ് കാലൊടിയുന്ന കാര്യം ഓര്‍ത്ത് ആകെ പേടിയായി. പക്ഷെ വിചാരിച്ചതുപോലെ ഒന്നും സംഭവിച്ചില്ല; ആശ്വാസം അവര്‍ കെണിയില്‍ ചവിട്ടാതെ നടന്നുപൊയി.
കുഴിയില്‍ വീഴുന്ന വഴിയാത്രക്കാരെ പ്രതീക്ഷിച്ചിരിക്കെ പെട്ടെന്ന് നമ്മള്‍ രണ്ടുപേരും ഒന്നിച്ച് ഞെട്ടി, ‘അയ്യോ, അമ്മാവന്‍’
വരുന്നത് അദ്ധ്യാപകനും ലൈബ്രേറിയനുമായ എന്റെ വല്യമ്മാവന്‍ തന്നെ. ഉച്ചഭക്ഷണം കഴിച്ച് വായനശാലയിലേക്ക് പോകുന്ന വഴിയാണ്.

അമ്മാവന്റെ നടത്തത്തോടൊപ്പം എന്റെ ഹൃദയമിടിപ്പ് കൂടി. അദ്ദേഹം കുഴിയില്‍ വീണ് കാലൊടിഞ്ഞാല്‍,,,
പിന്നത്തെക്കാര്യം ഓര്‍ക്കാന്‍ വയ്യ.
പരിസരം നോക്കാതെ തലയുയര്‍ത്തി അമ്മാവന്‍ നടന്നുവരവെ വളരെ കൃത്യമായി കുഴിയുടെ മുകളില്‍ ചവിട്ടിയതു കണ്ട ഉടനെ ഞങ്ങള്‍ ഓട്ടമായി. ഒരു കാല്‍ കുഴിയില്‍താഴ്ന്ന് നിലത്തിരുന്ന അമ്മവന്‍ ഓടുന്ന പ്രതികളെ കണ്ടുപിടിച്ചു. അദ്ദേഹം വിളിച്ച ഉടനെ, വളരെ ഭയത്തോടെ രണ്ട്‌പേരും മുന്നില്‍ ഹാജരായി. തുടര്‍ന്ന് ചോദ്യം ചെയ്യലായി,
‘ആരെടാ കുഴി ഉണ്ടാക്കിയത്?’
‘അത് ഞാനാണ്’ അവന്‍ പറഞ്ഞു.
‘ആരെടാ കുഴി മൂടി ആളെ വീഴ്ത്തിയത്?’
‘അതും ഞാന്‍ തന്നെയാ’
‘അപ്പോള്‍ അടി കിട്ടേണ്ടതും നിനക്ക് തന്നെ’

തൊട്ടടുത്ത വേലിയില്‍നിന്നും അരിപ്പൂച്ചെടിയുടെ കമ്പ് പൊട്ടിച്ച് അവന്റെ കാലിനും കൈക്കും രണ്ടുവീതം അടി കൊടുത്തു. ഓരോ അടി വീഴുമ്പോഴും അവന്‍ കരയുകയും ഞാന്‍ ചിരിക്കുകയും ചെയ്തു. ഒടുവില്‍ വടിയൊക്കെ കളഞ്ഞ് അമ്മാവന്‍ എന്നെ നോക്കി പറഞ്ഞു,
‘ഇങ്ങനെയുള്ള കുരുത്തംകെട്ടവന്റെ കൂടെയാണോ നീ കളിക്കുന്നത്?’
ഞാനൊന്നും പറഞ്ഞില്ലെങ്കിലും പിന്നെ എനിക്ക് ചിരി വന്നില്ല. അമ്മാവന്‍ എന്നെയും കൂട്ടി നേരെ വായനശാലയില്‍ പോയി ഒരു വലിയ പുസ്തകം എടുത്ത്തന്ന് എന്നോട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ പുസ്തകം തുറന്നെങ്കിലും ഒരക്ഷരവും മനസ്സില്‍ പതിയുന്നില്ല. ഓര്‍മ്മയില്‍ നിറഞ്ഞത് അടിയുടെ വേദനകൊണ്ട് കരയുന്ന അവന്റെ മുഖമായിരുന്നു.

മനുഷ്യാവകാശ കമ്മീഷനും കോടതിയും ഇടപെടാത്ത ആ കാലത്ത് എന്റെ ഗ്രാമത്തിലെ പ്രധാന വ്യക്തികള്‍ക്ക് (പ്രത്യേകിച്ച് അദ്ധ്യാപകര്‍ക്ക്) തെറ്റ്‌ചെയ്ത് കുട്ടികളെ ശിക്ഷിക്കാന്‍ അധികാരം ഉണ്ടായിരുന്നു. ഒരു രക്ഷിതാവും ചോദിക്കാന്‍ വരില്ല, എന്ന് മാത്രമല്ല, വികൃതികളായ കുട്ടികളെ നന്നാക്കാനുംകൂടി, ചിലര്‍, നാട്ടിലെ വിഐപി കളുടെ സഹായം അക്കാലത്ത് തേടാറുണ്ട്.

അന്ന് വൈകുന്നേരം വീട്ടില്‍വന്ന അവനോട് ഞാന്‍ പറഞ്ഞു,
‘പൊട്ടാതെ ബാക്കിവന്ന പടക്കങ്ങളൊക്കെ ഞാനെടുത്ത്വെച്ചിട്ടുണ്ട്, അതൊക്കെ നമ്മള്‍ക്ക് ഇന്ന് പൊട്ടിക്കാം’
‘പടക്കങ്ങളൊക്കെ നിന്റെ വലിയമ്മാവന്‍ എനിക്കിട്ട് പൊട്ടിച്ചില്ലെ; ഇതാ നോക്ക്’
ഷര്‍ട്ടിന്റെ കൈപൊക്കി ചുവന്ന രണ്ട് വരകള്‍ എന്നിക്ക് കാട്ടിത്തന്നപ്പോള്‍ എനിക്ക് ശരിക്കും സങ്കടം വന്നു. എന്റെ കണ്ണുനീര്‍ തുടച്ചുകൊണ്ട് അവന്‍ എന്നോട് പറഞ്ഞു,
‘നമ്മള് രണ്ടാളുംചേര്‍ന്ന് കുഴിച്ച കുഴിയിലാ അമ്മാവന്‍ വീണത്; പിന്നെ നിനക്ക് അടികൊള്ളാതിരിക്കാനാ ഞാനൊറ്റക്ക് കുഴിച്ചതെന്ന് പറഞ്ഞത്. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ’
അവന്റെ ആ ഇഷ്ടം അപ്പോള്‍ മാത്രമല്ല, എപ്പൊഴും ‘എന്റെ മനസ്സില്‍ ഒളിച്ചിരിക്കുകയാണ്’ എന്ന്, ഞാന്‍ ഇപ്പോഴും തിരിച്ചറിയുന്നു.