ഒരു മിട്ടായി വാങ്ങുമ്പോൾ പോലും നികുതി ഈടാക്കുന്ന ഭരണകൂടം പ്രജകൾക്ക് എന്തെല്ലാം തിരിച്ചു നൽകണമോ അതാണ്‌ ആം ആദ്മി പാർട്ടി ചെയ്തത്

1151
Manee Sarang
ഇന്ത്യയിലെ സംസ്ഥാനങ്ങൾ നൂറു നിയോജക മണ്ഡലങ്ങൾ എന്ന അടിസ്ഥാനത്തിൽ വിഭജിച്ചാൽ അവിടെയെല്ലാം ഇതുപോലുള്ള പുതിയ പാർട്ടികളുടെ കേജ്രിവാൾ വിപ്ലവം സാധ്യമാകും. അഴുകിപ്പോയ പഴയ പാർട്ടികൾ സ്വാഭാവികമായി ഇല്ലാതായി പോവുകയും ചെയ്യും. ഒരു മിട്ടായി വാങ്ങുമ്പോൾ പോലും നികുതി ഈടാക്കുന്ന ഭരണകൂടം പ്രജകൾക്ക് എന്തെല്ലാം തിരിച്ചു നൽകണമോ അതാണ്‌ ആം ആദ്മി പാർട്ടി ചെയ്തത്.. അതല്ലാതെ ഒരു മാജിക്കും കേജ്രിവാൾ കാണിച്ചില്ല.
ഭക്ഷ്യസുരക്ഷ, ആരോഗ്യ പരിപാലനം മികച്ച വിദ്യാഭ്യാസ നിലവാരം തുടങ്ങിയ പദ്ധതികളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ആയതും, ശുദ്ധമായ സൗജന്യ കുടിവെള്ളം, സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക്‌ ബസ്സിൽ സൗജന്യ യാത്ര, എന്ന് വേണ്ട സാധാരണക്കാരന്റെ സമഗ്ര മേഖലകളിലും ഈ എഴുപത് വർഷത്തിനിടയിൽ ഒരു സംസ്ഥാനത്തും ഒരു രാഷ്ട്രീയ പാർട്ടിയും ചെയ്യാതിരുന്നതുമായ വിപ്ലവകരവും ചരിത്രപരവുമായ പ്രവർത്തങ്ങൾ ആണ് ഒരു സംസ്ഥാനത്തിന്റെ പകുതി അധികാരം പോലും ഇല്ലാതിരുന്ന ഒരു സംസ്ഥാനത്ത് ഇരുന്ന് കെജ്രിയും സംഘവും ചെയ്തു കാണിച്ചത്.
ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങൾക്ക് വികസനമോ ജീവിത സുരക്ഷയോ വിദ്യാഭ്യാസമോ അല്ല വലുത് ഞങ്ങളുടെ മതമാണ് എന്ന് പറഞ്ഞുകൊണ്ട് 40%അധമരായ ജനങ്ങൾ ഇപ്പോഴും അവിടെ ഉണ്ട് എന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണ്.
15 വർഷം ഷീല ദീക്ഷിതും സംഘവും കട്ടുമുടിച്ചു നാമാവശേഷമാക്കിയ ഒരു സംസ്ഥാനത്തിലെ ജനതയ്ക്ക് മുന്നിൽ കേജ്രിവാൾ ആകെ ചെയ്തത് സംശുദ്ധിയുടെ ആ ചൂല് ഒന്ന് ഉയർത്തി കാണിക്കുക മാത്രമായിരുന്നു. കോൺഗ്രസ്‌ വീണ്ടും പരാജയത്തിന്റെ കണക്കും ചരിത്രവും പരിശോധിച്ച് അവിടെ ഇരിക്കട്ടെ.
സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റവും അറിയുന്നവർ എന്ന് ഇപ്പോഴും പലരും ധരിച്ചു വെച്ചിരിക്കുന്ന കമ്യുണിസ്റ്റ് പാർട്ടികൾ ആവട്ടെ കോടികൾ ചെലവിട്ടു ഒരു കോഴ നേതാവിന് സ്മാരകം പണിയുന്നു. വൈദ്യുതി ചാര്ജും ബസ് നിരക്കും വർഷാ വർഷം മുടക്കമില്ലാതെ കൂട്ടുന്നു. ഒരു പണിയും ഇല്ലാത്ത, ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത കുറെ കടൽ കിഴവന്മാരെ ഡൽഹിയിൽ തീറ്റി പോറ്റുന്നു. കേരളത്തിലെ ഹതഭാഗ്യരായ ജനങ്ങൾ വേറെ ഓപ്‌ഷനുകൾ ഇല്ലാതെ അഞ്ചു വർഷം കൂടുമ്പോൾ ഗതികെട്ട് ഇടതനെയും വലതനെയും മാറി മാറി കസേരയിൽ ഇരുത്തുന്നു. ആകെ ഉള്ള ഒരു ഓപ്ഷൻ ആവട്ടെ മത ഭീകര രാജ്യം പണിയാൻ പുറപ്പെട്ടവർ ആയതുകൊണ്ട് അതിനേക്കാൾ നല്ലത് ഇവരുടെ അഴിമതി ആണെന്ന് തലയിൽ കൈവെച്ചു മലയാളി എല്ലാം സഹിക്കാൻ തുടങ്ങിയിട്ട് കൊല്ലം കൊറേ ആയി.
ഇവിടെ ഉണ്ടാക്കിയ ആം ആദ്മി പാർട്ടി ആവട്ടെ ചുളുവിൽ അധികാരത്തിനു ഏറാം എന്ന മോഹവും ആയി വന്ന കൊറേ മുതലാളിമാരും ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ബുദ്ധിജീവികളുടെയും കയ്യിൽ പെട്ട് നാനാവിധമാവുകയും ചെയ്തു.
കേജ്രിവാൾ തുടർ ഭരണത്തിൽ നിന്ന് നമ്മുടെ മുഖ്യമന്ത്രി എന്തെങ്കിലും പഠിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അത് ഇന്ന് തന്നെ തുടങ്ങണം.. അതല്ല പോത്തിനെന്തു ഏത്തവാഴ എന്നാണെങ്കിൽ ഇങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ.. എന്തൊക്കെ സഹിച്ചവരാണ് ഞങ്ങ.. ഇനിയും സഹിക്കും
ഡൽഹിയുടെ വിപ്ലവ നായകൻ കെജ്രിവാളിനും കൂട്ടർക്കും വിപ്ലവാഭിവാദ്യങ്ങൾ !