Manikandan Polpparambath
മലയാള സിനിമയിലെ സ്വാഭാവികാഭിനയത്തിന്റെ ആദ്യത്തെമാതൃക സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആരംഭിച്ച വർഷത്തിലും (1969) മരണാനന്തര ബഹുമതിയായി 1971 ലും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഭിനേതാവ്. ദശാബ്ദങ്ങൾക്കിപ്പുറം മലയാള ചലച്ചിത്ര രംഗത്ത് ഇന്നും ഒരു പാഠപുസ്തകമായി കരുതപ്പെടുന്ന അതിവിശിഷ്ട അഭിനയ ശൈലി.
1912 നവംബർ 9 ന് തെക്കൻ തിരുവിതാംകൂറിൽ തിരുമലയ്ക്കടുത്തുള്ള ആരമട ഗ്രാമത്തിൽ മാനുവേൽ ലില്ലി ദമ്പതികളുടെ പുത്രനായി ഒരു നാടാർ കുടുംബത്തിലാണ് സത്യൻ ജനിച്ചത്. വിദ്വാൻ പരീക്ഷ ( ബിരുദം) പാസ്സായ ശേഷം സെന്റ് ജോസഫ് സ്കൂളിൽ അദ്ധ്യാപകനായി ജോലി നോക്കി.തുടർന്ന് കുറച്ചു കാലത്തിനു ശേഷം ഹജൂർ കച്ചേരി (സെക്രട്ടറിയേറ്റ് ) ക്ലാർക്കായി ജോലി നോക്കിയ ശേഷം 1941 ൽ രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന ബ്രിട്ടീഷ് സർക്കാരിന്റെ പട്ടാളക്കാരനായി മണിപ്പൂർ സേനയിൽ ജോലി ചെയ്ത സത്യൻ, യുദ്ധാനന്തരം പട്ടാളത്തിൽ നിന്നും മടങ്ങിവന്ന്, തിരുവിതാംകൂർ പോലീസ് സേനയിൽ പോലീസ് ഇൻസ്പെക്ടറായി ജോലി ചെയ്തു.
ഈ കാലത്ത് (1947 – 48 ) പുന്നപ്ര വയലാർ സമരത്തെ അടിച്ചമർത്താൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ നിയോഗിച്ച ഒരു പോലീസ് ഓഫീസർ എന്ന പേരിൽ കുപ്രസിദ്ധനായി. ഈ കുപ്രസിദ്ധി കാരണം പോലീസ് സേനയിൽ നിന്നും നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സത്യൻ പതുക്കെ നാടകാഭിനയത്തിലേയ്ക്ക് ചുവടു മാറ്റി.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന സംഗീത സംവിധായകൻ വഴി സത്യൻ പല പല സിനിമാ പ്രവർത്തകരെയും കണ്ടു അങ്ങിനെ 1951 ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അഭിനയിയ്ക്കാൻ ഒരു അവസരം ലഭിച്ചു. അതിനു ശേഷം സത്യൻ പോലീസ് ജോലി ഉപേക്ഷിച്ച് സത്യനേശൻ നാടാർ എന്ന തന്റെ പേര് മാറ്റി സത്യനെന്ന പേരിൽ സിനിമാഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
എന്നാൽ ഭാഗ്യമോ നിർഭാഗ്യമോ ത്യാഗസീമ എന്ന സിനിമ പുറത്തുവന്നില്ല എന്നാലും 1952 ൽ ആത്മസഖി എന്ന മറ്റൊരു സിനിമയിലൂടെ സത്യൻ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. തുടർന്ന് 1954 ൽ പുറത്തിറങ്ങിയ ഉറൂബ് രാമു കാര്യാട്ട് ടീമിന്റെ നീലക്കുയിൽ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിലെത്തന്നെ നാഴികക്കല്ലായി മാറിയപ്പോൾ ആ സിനിമയിലെ നായകനായ സത്യൻ മലയാളിയുടെ കണ്ണിലുണ്ണിയായി.

തുടർന്ന് പി.ഭാസ്കരൻ, കെ.എസ് സേതുമാധവൻ, വിൻസന്റ്, രാമു കാര്യാട്ട് തുടങ്ങിയ പ്രതിഭാധനരായ സംവിധായകർക്കൊപ്പം സ്നേഹസീമ മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, അനുഭവങ്ങൾ പാളിച്ചകൾ, കായംകുളം കൊച്ചുണ്ണി, അടിമകൾ, ചെമ്മീൻ, കരകാണാകടൽ തുടങ്ങിയ മികച്ച കുറെ സിനിമകളിൽ അഭിനയിയ്ക്കാനുള്ള അവസരം സത്യനു ലഭിച്ചു. 1971 ജൂൺ 15 ന് രക്താർബുദം ബാധിച്ച് തന്റെ 58-ാം വയസ്സിൽ സത്യൻ അന്തരിച്ചെങ്കിലും മലയാളിയുടെ മനസ്സിൽ അഭിനയത്തിന്റെ ഒളിമങ്ങാത്ത പാഠപുസ്തകമായി സത്യൻ ഇന്നും വിളങ്ങുന്നു. ഇന്ന് സത്യന്റെ ജന്മദിനം