തമിഴ് നാട് എന്നെന്നും ഓർക്കുന്ന എം.ജി.ആറിന്റെ 35-ാം ചരമവാർഷികദിനമാണിന്ന്
എം.ജി.ആർ.
മരുതൂർ ഗോപാലൻ രാമചന്ദ്രൻ
എന്ന മക്കൾ തിലകം, പുരെെട്ചി തലൈവർ എം.ജി.രാമചന്ദ്രൻ ജനിച്ചത് 1917 ജനുവരി 17 ന് ശ്രീലങ്കയിലെ കാൻഡിയിലായിരുന്നു. തമിഴ് സിനിമകണ്ട പ്രമുഖ അഭിനേതാക്കളിൽ ഒരാളും 1977 മുതൽ സ്വന്തം മരണംവരെ (1987 ഡിസംബർ 24 ) തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ഭാരതരത്നം എം.ജി. ആർ, പാലക്കാട് വടവന്നൂരുകാരനായ മരുതൂർ ഗോപാല മേനോന്റെയും സത്യഭാമയുടെയും മകനായിരുന്നു. അച്ഛന്റെ മരണത്തോടെ അനാഥവും ദാരിദ്ര്യപൂർണ്ണവുമായ ജീവിതം കാരണം പഠിയ്ക്കാൻ കഴിയാതെ പോയ എം ജി ആർ ചെറുപ്പത്തിലെ ഒറിജിനൽ ബോയ്സ് എന്ന നാടക സംഘത്തിൽ ചേർന്നു ഈ നാടക ട്രൂപ്പുവഴിയാണ് എംജിആർ സിനിമയിലേയ്ക്ക് പ്രവേശിച്ചത്.
1936 ൽ പുറത്തിറങ്ങിയ സതി ലീലാവതി എന്ന സിനിമയായിരുന്നു എംജിആറിന്റെ ആദ്യ സിനിമ അമേരിയ്ക്കക്കാരനായ എല്ലിസ് ആർ ഡങ്കൻ ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ. 1947 ൽ കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ രാജകുമാരി എന്ന സിനിമയുടെ വിജയത്തോടെ എം.ജി.ആർ എന്ന ത്ര്യക്ഷരി തമിഴന്റെ നാഡിത്തുടിപ്പായി മാറി
ചെറുപ്പത്തിലറിഞ്ഞ ദാരിദ്ര്യവും വിശപ്പും വിദ്യാഭ്യാസമില്ലായ്മയും എം ജി ആർ എന്ന നടനെ നല്ല ഒരു ഭരണാധികാരി കൂടിയാക്കി. ഉച്ചക്കഞ്ഞിയെന്ന് മലയാളികൾ പോലും അക്കാലത്ത് പരിഹസിച്ചിരുന്ന വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ പരിപാടിയുടെയും, തമിഴ് നാട്ടിൽ ഇന്നു കാണുന്ന പരശതം എഞ്ചിനീയറിംഗ് വിദ്യാലയങ്ങളുടെയും പേരിൽ തമിഴ് നാട് എന്നെന്നും ഓർക്കുന്ന എം.ജി.ആറിന്റെ 35-ാം ചരമവാർഷികദിനമാണിന്ന്