വർഗ്ഗീസിന്റെ രക്തസാക്ഷിത്വത്തിന് 50 വയസ്

0
91
Manikandan Polpparambath
വയനാട്ടിലെ തിരുനെല്ലിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലിരിയ്ക്കെ വെടിയേറ്റു മരിച്ച നക്സൽ നേതാവായിരുന്നു അടിയോരുടെ പെരുമൻ എന്ന അരീക്കൽ വർഗ്ഗീസ്.സി.പി.ഐ.എം ന്റെ കണ്ണൂർ ജില്ലാ ഓഫീസ് സെക്രട്ടറിയും പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്ന ഏ.വർഗ്ഗീസിനെ പാർട്ടി അന്നത്തെ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന വയനാട്ടിലെ ആദിവാസികൾക്കിടയിൽ അവരിലൊരാളായി പ്രവർത്തിയ്ക്കാനയച്ചു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലമായിരുന്നിട്ടു കൂടി അന്ന് വയനാട്ടിലെ ആദിവാസികളുടെ സ്ഥിതി തീർത്തും ശോചനീയമായിരുന്നു. സ്വന്തം കൃഷിയിടങ്ങളിലെ ജോലിയ്ക്കായി അവിടുത്തെ ഭൂവുടമകൾ വയനാട്ടിലെ ആദിവാസികളെ വള്ളിയൂർക്കാവിലമ്മയുടെ നടയിൽ ആൺ ഒന്നിന് 3 വാരം (3 ലിറ്റർ) നെല്ലും 75 പൈസയും പെണ്ണൊന്നിന് 2 വാരം നെല്ലും 50 പൈസയും വെച്ച് സത്യം ചെയ്യിച്ച് ഓരോ വർഷത്തേയ്ക്കായി അടിമക്കച്ചവടം നടത്തിയിരുന്ന കാലം കൂടിയായിരുന്നു അന്ന്.
വര Manikandan Polpparambath
വര Manikandan Polpparambath

മുട്ടിനു താഴെ മുണ്ടുടുക്കാനോ മലയാളം സംസാരിയ്ക്കാനോ എന്തിന് പകൽ വെളിച്ചത്തിൽ ഇറങ്ങി നടക്കാനോ സ്വാതന്ത്ര്യമില്ലാതിരുന്ന ഈ ആദിവാസികളെ സംഘടിപ്പിച്ച് വർഗ്ഗീസ് പല പ്രക്ഷോഭങ്ങളും നടത്തി, അതിന്റെ ഫലമായി വയനാട്ടിൽ അടിമക്കച്ചവടം നിലയ്ക്കുകയും ആണുങ്ങൾക്ക് 3 പറ നെല്ലും പെണ്ണുങ്ങൾക്ക് 2 പറ നെല്ലും കൂലിയായി നൽകിയാലെ പണിയ്ക്കിറങ്ങു എന്ന് പറയാനും പ്രവർത്തിയ്ക്കാനുമുള്ള തന്റെടം ആദിവാസികൾക്കിടയിൽ ഉണ്ടാക്കുവാനും ഇടയാക്കി.

ഇതോടനുബന്ധിച്ച് ആദിവാസികളെ എഴുതാനും വായിയ്ക്കാനും പഠിപ്പിച്ചു, ആദിവാസികൾക്കിടയിൽ അവകാശബോധം വളർത്താൻ പഠന ക്ലാസ്സുകൾ നടത്തി അതിന്റെയടിസ്ഥാനത്തിൽ അവരുടെയിടയിൽ നിന്ന് ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ നേതാക്കൾ ഉദയം ചെയ്തു. ഇത് ജന്മിമാരെയും കമ്മ്യൂണിസ്റ്റ് ഇതര പ്രവർത്തകരെയും ചൊടിപ്പിച്ചു.
ഇത് ഒരു തരം ഏറ്റുമുട്ടലിന്റെ അന്തരീക്ഷം വയനാട്ടിൽ ഉണ്ടാക്കി, ഇതിന്റെ ഫലമായി തൃശ്ശിലേരിയിലെ വസുദേവ അഡിഗ, ചേക്കു എന്നീ ഭൂവുടമകളുമായുള്ള സംഘർഷത്തിന്റെ അന്ത്യത്തിൽ വസുദേവ അഡിഗയും ചേക്കുവും കൊല ചെയ്യപ്പെട്ടു.ഈ പ്രവൃത്തികൾ കൊണ്ട് വർഗ്ഗീസിന്റെ ഇമേജ് ആദിവാസികളുടെ ഇടയിൽ അവരുടെ രക്ഷകന്റേതായിരുന്നെങ്കിലും മറ്റുള്ളവരുടെയിടയിൽ ഒരു തീവ്രവാദിയുടെതായി മാറി.
ഒടുവിൽ തിരുനെല്ലിയിൽ നിന്നും പിടിയ്ക്കപ്പെട്ട വർഗ്ഗീസിനെ പോലീസുമായുളള ഏറ്റുമുട്ടലിൽ കൊലപ്പെടുത്തേണ്ടി വന്നു എന്ന ഔദ്യോഗീക വിശദീകരണത്തോടെ തീർത്തും അവസാനിപ്പിച്ചുവെങ്കിലും.സ്വല്പം വൈകിയിട്ടാണെങ്കിലും കാലം സത്യം തെളിയിക്കും എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന വിധത്തിൽ വർഷങ്ങൾക്കു ശേഷം ; കൃത്യമായി പറഞ്ഞാൽ 18 വർഷങ്ങൾക്കു ശേഷം വർഗ്ഗീസിനെ വെടിവെച്ചുകൊന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ ആ സത്യം വിളിച്ചു പറയുകയും അതിലെ പ്രതികളെ നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു.
കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി പോലീസ് ഓഫീസർ (പോലീസുകാരല്ല) പ്രതിയായ ഒരു കേസ് തെളിയിയ്ക്കപ്പെടുകയും അതിൽ ഒരു ഓഫീസറെങ്കിലും ശിക്ഷിയ്ക്കപ്പെടുകയും ചെയ്യുന്നത് ഇതാദ്യമാണ്. വർഗ്ഗീസിന്റെ ഈ കൊലപാതകത്തെ ആസ്പദമാക്കി മധുപാൽ സംവിധാനം ചെയ്ത സിനിമയാണ് തലപ്പാവ്, അതിൽ വർഗ്ഗീസ്സായി അഭിനയിച്ചത് പ്രിഥ്വിരാജ് സുകുമാരനും, രാമചന്ദ്രൻ നായരായി അഭിനയിച്ചത് ലാലുമാണ്.
Advertisements