സത്യത്തിൽ രാമായണം സീരിയലിലേയും മഹാഭാരതം സീരിയലിലേയും ജീവിതം ജീവിക്കുന്നവരാണ് സംഘപരിവാറുകാർ

0
135
മനില.സി.മോഹൻ
സത്യത്തിൽ രാമായണം സീരിയലിലേയും മഹാഭാരതം സീരിയലിലേയും ജീവിതം ജീവിക്കുന്നവരാണ് സംഘപരിവാറുകാർ. അതിലിട്ട പോലത്തെ ഉടുപ്പൊന്നും ഇടുന്നില്ലാ എന്നേയുള്ളൂ. സെറ്റൊക്കെ അത് തന്നെയാണ്. രാജാവ് മന്ത്രി സന്യാസിമാർ പരിചാരകർ കിരീടം സിംഹാസനം മണി ഹോമകുണ്ഡം ശംഖ് പൂജ കൊട്ടാരം യുദ്ധ സന്നദ്ധരായ സൈന്യം വാൾ പീരങ്കി അമ്പും വില്ലും കഴുമരം അയൽ രാജ്യ സന്ദർശനം രാജ്യസ്നേഹം ക്ഷത്രിയന്റെ കടമ ബ്രാന്മണന്റെ ഔന്നത്യം ഉപദേശകരുടെ സ്വാധീനം പ്രജകളുടെ റാൻ മൂളൽ etc………
രാമാനന്ദ സാഗറും രാമായണവും മഹാഭാരത് കഥയും കാലപുരുഷും കറങ്ങുന്ന ചക്രവും ആക്രമണും
ഭ്രാതാശ്രീകളും പരന്തുവും കിന്തുവും നിതീഷ് ഭരദ്വജും ഭീഷ്മരും എല്ലാം ചേർന്ന് ചില്ലറ ചെയ്ത്തൊന്നുമല്ല ഇന്ത്യയ്ക്കിട്ട് അന്ന് ചെയ്തത്. അതുവരെ പുസ്തകത്തിലും കലണ്ടറുകളിലും ചിത്രങ്ങളിലും മാത്രം വിഷ്വലൈസ് ചെയ്യപ്പെട്ടിരുന്ന ഒരു മിത്തിനെ ചരിത്രത്തിലെ കൊട്ടാരങ്ങളും ആടയാഭരണങ്ങളും നൽകി തിരക്കഥയും സംഭാഷണങ്ങളും നൽകി ഡോക്യുഫിക്ഷൻ ഇമേജുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തമാക്കിയത് ആ സീരിയലുകളാണ്. 87 ൽ സീരിയൽ തുടങ്ങുന്നു. തൊണ്ണൂറ്റി രണ്ടിൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നുണ്ട്. കൊറോണക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകാശിപ്പിക്കാൻ രാജാവ് ആഹ്വാനം ചെയ്തപ്പോൾ ശംഖും പൂജാമുറിയിലെ മണിയും പാത്രങ്ങളും കൊണ്ട് മട്ടുപ്പാവുകളിൽ ഭക്തിയോടെ നിന്ന, തെരുവിൽ ആഹ്ളാദനൃത്തം ചവിട്ടിയ ആ ജനതയില്ലേ അവരിൽ ഭൂരിഭാഗവും ആ സീരിയൽ സെറ്റുകളിൽ യഥാർത്ഥ ജീവിതം ജീവിക്കുന്നവരാണ്.ഒരു മന്ത്രം കൊണ്ട് കൊറോണ അപ്രത്യക്ഷമാവുമെന്ന് കരുതുന്നുണ്ടാവും അവർ. അയൽ രാജ്യങ്ങളൊക്കെ യുദ്ധത്താൽ തോൽപ്പിക്കപ്പെടാനുള്ളവരെന്ന് വിശ്വസിക്കുന്നവർ. മുസ്ലീങ്ങൾ മുഴുവൻ ഒരമ്പ് തൊടുക്കുമ്പോൾ അഞ്ചമ്പേറ്റ് കൊല്ലപ്പെടാനുള്ളവരെന്ന് പകയോടെ കാത്തിരിക്കുന്നവർ.
രണ്ട് സീരിയലുകൾ, രാമായണവും മഹാഭാരതവും വീണ്ടും പ്രദർശിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുമ്പോൾ ബാബറി മസ്ജിദ് കേസിൽ വിധി വന്നു കഴിഞ്ഞിട്ടുണ്ട്. രാമക്ഷേത്രം പണിയാമെന്ന വിധിയുണ്ട്. വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പട്ടും വളയും വാങ്ങി ബി.ജെ.പി.നോമിനേഷനിൽ രാജ്യസഭാംഗമായിത്തീന്നിട്ടുണ്ട്. സംഭവം, 33 കൊല്ലം മുൻപത്തെ യുദ്ധ ഗ്രാഫിക്സ് കണ്ടാൽ പുതിയ പിള്ളാര് ചിരിച്ച് മരിക്കുമായിരിക്കും. പക്ഷേ ആ സീരിയലുകൾ പണ്ട് കണ്ട തലമുറയിൽപ്പെട്ടവർ, ഇപ്പോഴും ആ യുഗത്തിൽ നിന്ന് പുഷ്പകവിമാനം കിട്ടിയിട്ടില്ലാത്തവർ, ഭക്ത്യാദരപൂർവ്വം വീണ്ടുമത് കാണാനാണ് സാധ്യത. സ്വന്തം കല്യാണ കാസറ്റും ആൽബവും വർഷങ്ങൾക്കു ശേഷം കാണുമ്പോൾ കിട്ടുന്ന ഒരു ‘അനുഭൂതി ‘ യില്ലേ, അതാണത്.
എത്ര പേർക്ക് വരുമെന്നും എത്ര പേർക്ക് ജീവൻ നഷ്ടപ്പെടുമെന്നും അറിയാത്ത മഹാമാരി പടർന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, ഒരു രാജ്യത്ത്, അടച്ചിടപ്പെട്ട ഒരു ജനതയ്ക്ക് എന്റർടെയിൻമെന്റ് വേണമെന്ന് ഭരണാധികാരത്തിന് തോന്നുമ്പോൾ അത് ആ അതേ സീരായലുകളാവുന്നത് സ്വാഭാവികമാണ്. ആരെവിടെ, കൊട്ടാരത്തിൽ ഡോക്യുമെന്ററി പ്രദർശനം ആരംഭിക്കട്ടെ.പണ്ട് കൊടുത്ത പോലെ തിരക്കഥയും പ്രസിദ്ധീകരിക്കുമോ എന്തോ?