രാജ്യം കത്തുമ്പോൾ മാമാങ്കം സിനിമയുടെ വ്യാജ പതിപ്പാണ് മലയാളി മാധ്യമങ്ങളുടെ പ്രധാന സങ്കടം

150

Manila C Mohan

“രാജ്യം മുഴുവൻ കത്തുകയാണ്. ഒരു തരി ജനാധിപത്യ ബോധമുള്ള മനുഷ്യരാരും സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല ഇന്നലെ രാത്രി. സർവ്വകലാശാലകളിൽ, തെരുവുകളിൽ യുവത്വം ഒത്തുകൂടുകയാണ്. മുസ്ലീം വിരുദ്ധമായ, മനുഷ്യ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു രാജ്യത്തെ ജനത, അതിന്റെ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നേർക്കുനേർ നിന്ന് ഫൈറ്റ് ചെയ്യുകയാണ്. വിഭജിച്ച് ഭരിക്കലിന്റെ സമകാലിക രൂപത്തോട് എതിരിട്ട്, ഹിന്ദുത്വഭാരം തലയിലില്ലാത്ത സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങുന്ന അപൂർവ്വവും ആശ്വാസകരവുമായ കാഴ്ചകൾ കാണുകയാണ് ഇന്ത്യ. വസ്ത്രധാരണത്തിലൂടെ കലാപകാരികളെ തിരിച്ചറിയാമെന്ന്, ഇന്ത്യൻ പ്രധാനമന്ത്രി പച്ചയ്ക്ക് പരസ്യമായി വർഗ്ഗീയത പറഞ്ഞ ദിവസമായിരുന്നു ഇന്നലെ. ബസ്സ് കത്തിക്കുന്ന, വിദ്യാർത്ഥികളെ ക്രൂരമായി തല്ലുന്ന പൊലീസിന്റെ ദൃശ്യങ്ങൾ, ഇന്നലെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിന്നു.

ഭയപ്പെടുത്തി, പരുവപ്പെടുത്തി ഭരണകൂടം നിശ്ശബ്ദരാക്കി വെച്ച ജനത, നിശ്ശബ്ദതയുടെ കെട്ടുകളെ ഗതികെട്ട് പൊട്ടിച്ചെറിഞ്ഞ് മൗലികാവകാശങ്ങൾക്ക് വേണ്ടി, ഭരണഘടനാ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുമ്പോൾ മലയാളത്തിലെ രണ്ട് ദേശീയ മാധ്യമങ്ങൾ ഇന്നവരുടെ മുഖപ്രസംഗങ്ങൾ എഴുതിയിരിക്കുന്നത് എന്ത് വിഷയങ്ങളിലാണ് എന്ന് അറിയണം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ തഴമ്പ് ഇപ്പഴും പേറുന്ന മാതൃഭൂമിയും മനോരമയും.

മാമാങ്കം സിനിമയുടെ വ്യാജ പതിപ്പാണ് മാതൃഭൂമിയുടെ വിഷയം. ദേശീയ സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ കേരളമാണ് മനോരമയുടെ വിഷയം. മികച്ച വായനാനുഭവമാണ്. അതിലും ഗംഭീരമായ രാഷ്ട്രീയ അനുഭവമാണ്.

മുസ്ലീങ്ങളോട്, പൗരൻമാരോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്ന സ്വന്തം രാജ്യത്തിന്റെ ഭരണകൂടനെറികേട് നിങ്ങൾ ബോധപൂർവ്വം കണ്ണടച്ച് കാണാതിരിക്കുമ്പോൾ, സർക്കുലേഷനും പരസ്യവും മാത്രമാണ് പത്രം എന്ന് ആവർത്തിച്ച് നിലപാടെടുക്കുമ്പോൾ, പറഞ്ഞ് പിഞ്ഞിയ വാചകം നാണത്തോടെ ഒന്നുകൂടി പറയേണ്ടി വരുന്നു. ചരിത്രം നിങ്ങൾക്ക് മാപ്പ് തരില്ല, വർത്തമാനകാലവും ഭാവിയും നിങ്ങൾക്ക് മാപ്പ് തരില്ല.”