“രാമൻ ജനിച്ചത് അയോധ്യയിലല്ല വാത്മീകിയുടെ മനസിലാണ്”

320

Manilal Lekshmanan

“രാമൻ ജനിച്ചത് അയോധ്യയിലല്ല വാത്മീകിയുടെ മനസിലാണ്”

രാമജന്മ ഭൂമി-ബാബറിമസ്ജിദ് വിവാദം കത്തിനിന്ന നാളുകളിൽ “രാമൻ ജനിച്ചത് അയോധ്യയിലല്ല വാത്മീകിയുടെ മനസിലാണ്” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മലയാളിയായ ഒരു ഇന്ത്യൻ സന്യാസി ഉണ്ടായിരുന്നു. പിന്നീട് കോൺഗ്രസുകാരും ബിജെപിക്കാരും ചേർന്ന് മസ്ജിദ് പൊളിച്ച ദിവസവും സധൈര്യം അതുതന്നെ പറഞ്ഞ ഒരു ഗുരു….

അദ്ദേഹം വയനാട്ടിലെ പുൽപ്പള്ളിയിൽ ഒരുവീട്ടിൽ ആത്മോപദേശ ശതകം ക്‌ളാസെടുക്കുമ്പോൾ ആണ് ബാബറിമസ്ജിദ് പൊളിക്കപ്പെട്ടത്. തുടർന്ന് വന്നുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരുടെ ഫോൺ കോളുകൾക്കെല്ലാം അദ്ദേഹം ഇങ്ങനെ തന്നെ മറുപടി പറഞ്ഞുകൊണ്ടിരുന്നു.പിറ്റേദിവസത്തെ മലയാളം പത്രങ്ങളിൽ അത് ഹെഡ് ലൈൻ ന്യൂസും ആയിരുന്നു. അദ്ദേഹം തന്നെയാണ് ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സംഘിണികൾ കേസുമായി പോകുന്നതിനും; വെറുതെ ഒരു തമാശയ്ക്ക് ജനാധിപത്യ മഹിളാമണികൾ അതിൽ കക്ഷിചേരുന്നതിനും മുൻപേ തന്നെ സ്ത്രീകളോട് ‘നിങ്ങൾ ശബരിമലയിൽ കയറണ’മെന്നും പറഞ്ഞത്- അത് വേറാരുമല്ല , നാരായണ ഗുരുകുലങ്ങളുടെ മുൻ അധിപൻ ഗുരു നിത്യചൈതന്യ യതി.

കോണ്‍ഗ്രസും ബി ജെ പിയും ഒരർത്ഥത്തില്‍ വേരുറപ്പിച്ചിരിക്കുന്നത് ഒരേ സാമൂഹിക സാമ്പത്തിക ശക്തികളിലാണ്. ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ഒന്നിച്ചുചേരണമെന്നാണ് ഗോള്‍വാള്‍ക്കര്‍ സ്വപ്‌നം കണ്ടിരുന്നത്. ഗോള്‍വാള്‍ക്കറുടെ ഈ രഹസ്യസ്വപ്‌നം കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും പങ്കിട്ടുപോന്നിട്ടുണ്ട്. നെഹ്‌റു ജീവിച്ചിരുന്ന കാലത്തുപോലും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ ആര്‍ എസ് എസ് അജന്‍ഡക്ക് കൂട്ടുനിന്നിട്ടുണ്ട്. ബാബരിമസ്ജിദ് പ്രശ്‌നം അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. കേരളത്തിലെ ശൂദ്രകലാപത്തിലും രാഹുലിനെ വകവെക്കാതെ ചെന്നിത്തല ഗാന്ധിയും മറ്റും അതാണ് ചെയ്തതും.

1949 ഡിസംബര്‍ 22-ന് അര്‍ധരാത്രിയാണ് ബാബരി മസ്ജിദിനകത്തേക്ക് വിഗ്രഹങ്ങള്‍ ഹിന്ദുമഹാസഭക്കാര്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. അതിന് നേതൃത്വം കൊടുത്തത് ഹിന്ദു മഹാസഭാ നേതാക്കളായ ബാബാ രാഘവദാസ്, ദിഗ്‌വിജയനാഥ്, സ്വാമി കര്‍പത്‌നി എന്നിവരായിരുന്നു. വിഗ്രഹം ഒളിച്ചു കടത്തി സ്ഥാപിച്ചവര്‍ പള്ളിക്കകത്ത് രാമവിഗ്രഹം സ്വയംഭൂവായെന്ന് നുണപ്രചാരണം നടത്തുകയായിരുന്നു.

അന്നത്തെ യു പി സര്‍ക്കാറിനോട് ഒളിച്ചുകടത്തിയ വിഗ്രഹം നീക്കം ചെയ്യാന്‍ നെഹ്‌റു ആവശ്യപ്പെട്ടതാണ്. പള്ളിക്കകത്തെ വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയിലേക്ക് എറിഞ്ഞുകളയാനാണ് അന്നത്തെ യു പി മുഖ്യമന്ത്രി ഗോവിന്ദ്‌വല്ലഭ് പന്തിന് പ്രധാനമന്ത്രി നെഹ്‌റു നിര്‍ദേശം നല്‍കിയത്. പക്ഷേ, ഹിന്ദുമഹാസഭക്കാരന്‍ കൂടിയായ ഗോവിന്ദ്‌വല്ലഭ് പന്ത് ഫൈസാബാദ് ജില്ലാ കലക്ടറായിരുന്ന കെ കെ നായരുടെ സഹായത്തോടുകൂടി പള്ളിക്കകത്തെ വിഗ്രഹങ്ങള്‍ നിലനിര്‍ത്തി പള്ളി തര്‍ക്കഭൂമിയാണെന്ന് ഉത്തരവിറക്കി പൂട്ടിയിടുകയാണ് ചെയ്തത്.

ഈ ഹിന്ദുത്വാനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.പിയായിരുന്ന ആചാര്യ നരേന്ദ്രദേവ് രാജിവെച്ചത്. പിന്നീട് ഫൈസാബാദ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ആചാര്യ നരേന്ദ്രദേവ് മത്സരിച്ചു. അദ്ദേഹത്തെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭക്കാരനായ ബാബാരാഘവദാസ് എന്ന സന്യാസിയെയായിരുന്നു.

ബാബ്‌റിമസ്ജിദിന്റെ തകര്‍ച്ചയിലുടനീളം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവങ്ങളുടെയും ഉപജാപങ്ങളുടെയും ചരിത്രം കാണാം. 1986-ല്‍ തര്‍ക്കഭൂമിയായ പള്ളി ഒരു കീഴ്‌ക്കോടതിവിധിയെ നിമിത്തമാക്കി ഹിന്ദുത്വവാദികള്‍ക്ക് തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയും എന്‍ ഡി തിവാരിയുമായിരുന്നു. പിന്നീട് ശിലാന്യാസത്തിന് അനുവാദം കൊടുത്തതും അവര്‍ തന്നെ.

പാര്‍ലിമെന്റിന്റെയും ദേശീയ ഉദ്ഗ്രഥന സമിതിയുടെയും സുപ്രീം കോടതിയുടെയും കര്‍ശനമായ നിര്‍ദേശം ഉണ്ടായിട്ടും പള്ളി സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച നരസിംഹ റാവു സര്‍ക്കാറാണ് 1992 ഡിസംബര്‍ 6-ന് മസ്ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദിയായത്. പള്ളിതകര്‍ത്തത് ആര്‍ എസ് എസുകാരാണെങ്കിലും അതിന് ഒത്താശ ചെയ്തുകൊടുത്തത് നരസിംഹറാവു ഗവണ്‍മെന്റായിരുന്നു.ചരിത്രം വര്‍ത്തമാനത്തെക്കൂടിയാണ് ഓര്‍മിപ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെയും എഐസിസിയുടെയും നിലപാടിൽ ആരും ആശ്ചര്യപ്പെടേണ്ടകാര്യമില്ല.