മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയായ ആയിഷയുടെ യഥാർത്ഥ കഥയെന്ത് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ആയിഷ തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. 1950 കളിലെ നാടക സംഘം കേരള നൂര്ജഹാന് എന്ന് വിശേഷിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ ( nilambur ayisha ) ജീവിതമാണ് മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന സിനിമയുടെ പ്രമേയം . സാങ്കല്പ്പികമായ ഒരു ലോകത്ത് നിലമ്പൂര്‍ ആയിഷയുടെ ജീവിതാനുഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് സിനിമയിൽ.

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട 1950 കളുടെ തുടക്കത്തില്‍ നാടകരംഗത്തേക്ക് കടന്നുവന്നതാണ് നിലമ്പൂര്‍ ആയിഷ. മുസ്ലീം സമുദായത്തിലെ ആദ്യ നാടകനടിയായ നിലമ്പൂര്‍ ആയിഷക്ക് ഒരുപാട് എതിര്‍പ്പുകളും , ആക്രമണങ്ങളും നേരിടേണ്ടി വന്നു. കുടുംബത്തിന്റെ ദരിദ്രാവസ്ഥയില്‍ 13 വയസില്‍ അവര്‍ക്ക് വിവാഹം കഴിക്കേണ്ടി വന്നു. അധികനാള്‍ നീണ്ടുനില്‍ക്കാത്ത വിവാഹബന്ധത്തില്‍ നിന്നും വേര്‍പ്പെട്ടെങ്കിലും അതില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു.കല്ലേറ് കൊണ്ട് മുറിഞ്ഞു ചോര വാർന്ന മുറിവുമായി നാടകം ഒരു നിമിഷം പോലും നിർത്താതെ തന്റെ പ്രകടനം തുടർന്ന ആയിഷയുടെ കഥ കേൾക്കാത്തവർ ചുരുക്കം. മറ്റൊരു വേദിയിൽ വച്ചു ഒരാൾ മുഖത്തേക്ക് വീശിയടിച്ചതിനെ തുടർന്ന് അവരുടെ കേൾവി ശക്തിക്കു കുറവ് വന്നിട്ടുണ്ട്. പതിനാറു വയസ് മുതൽ തുടരുന്ന അഭിനയ ജീവിതം ഇന്നും തുടർന്നു കൊണ്ടാണ് നിലമ്പൂർ ആയിഷ തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്ന് സമരം തുടരുന്നത്.
കേരളത്തിനകത്തും ,പുറത്തും ആയിരക്കണക്കിന് വേദികളില്‍ ആയിഷ വ്യത്യസ്ത കഥാപാത്രങ്ങളായി നിറഞ്ഞാടി. നാടകത്തില്‍ മാത്രമല്ല കണ്ടം ബെച്ച കോട്ട്, സുബൈദ, കുട്ടികുപ്പായം, ഓളവും തീരവും, കുപ്പിവള തുടങ്ങി 2022-ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമണ്‍ വരെ എത്തി നില്ക്കുന്നു ആയിഷയുടെ സിനിമാ ജീവിതം.പതിമൂന്നു വയസിൽ നാല്പത്തിയേഴു വയസു കഴിഞ്ഞ ഒരാളുമായി ദിവസങ്ങൾ മാത്രം നീണ്ട വിവാഹ ജീവിതത്തെ കുറിച്ചും നിലമ്പൂർ ആയിഷ അവരുടെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നുമുള്ള പരോക്ഷ സ്വാധീനം ടി വി ചന്ദ്രന്റെ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിൽ കാണാം.
ഇ.കെ. അയമുവിന്റെ ” ജ്ജ് നല്ല മനിസനാവാൻ നോക്ക് ” ആയിരുന്നു ആദ്യനാടകം. അമ്പതിലേറെ വർഷത്തോളം ഇവർ നാടകവേദിയിൽ തുടരുന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “ജീവിതത്തിന്റെ അരങ്ങ് “എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടു .2002ലെ മികച്ച നടിക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുമുള്ള എസ്.എല്‍. പുരം സദാനന്ദന് പുരസ്കാരം,2011ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ആയിഷയെ തേടിയെത്തിയിട്ടുണ്ട്.