സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നുപറഞ്ഞ ജയകൃഷ്ണനെ പിറകെ നടത്തിച്ച പെണ്ണ്

0
314

Manjusha Thottungal

നോക്കു… എനിക്ക് തൂവാനത്തുമ്പികൾ സിനിമ ഇഷ്ടമാണ്. ആ സിനിമയുടെ 34 ആം വാർഷികത്തിൽ പലരുടെയും സ്റ്റാറ്റസുകളിൽ നിറഞ്ഞ ക്ലാര – ജയകൃഷ്ണൻ പ്രണയം കണ്ടപ്പോഴാണ് എനിക്കാ നഗ്ന സത്യം മനസിലായത്.. തൂവാനത്തുമ്പികൾ ഇഷ്ടപ്പെടാൻ എനിക്കുള്ള കാരണമല്ല മജോറിറ്റി വരുന്ന ആളുകൾക്കുള്ളതെന്ന്.. കൂടിയ പക്ഷം ആളുകളും ജയകൃഷ്ണന്റെ പ്രണയത്തെയാണ് ഗ്ലോരിഫൈ ചെയ്യുന്നത്… എന്നാൽ എന്റെ കാരണം മറ്റൊന്നാണ്… ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കു…
.
പദ്മരാജൻ എന്ന extraordinary ആയ multi talented ആയ ഒരു മനുഷ്യന്റെ ക്ലാസ്സിക്‌ ചിത്രമാണ് തൂവാനത്തുമ്പികൾ. തന്റെ സിനിമകളിലൂടെ അതിഗംഭീരമായ രാഷ്ട്രീയം സംസാരിക്കുന്ന പദ്മരാജൻ ജയകൃഷ്ണനെ പോലെ ഒരു മാടമ്പിയെ ഗ്ലോരിഫൈ ചെയ്യാൻ എടുത്ത പടമല്ല അതെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. മലയാള സിനിമ കന്യകാത്വത്തിന്റെ wholesale dealers ആയിരുന്ന കാലത്താണ് പദ്മരാജൻ ക്ലാരയെ അവതരിപ്പിക്കുന്നത്. മായാനദിയിലെ അപ്പുവിനും മുൻപ് sex is not a promise എന്ന് പറഞ്ഞ, ആണധികാരത്തിന്റെ ആൾരൂപമായ ജയകൃഷ്ണനെ “എന്നെ ഉപേക്ഷിക്കരുതേ” എന്ന് പിറകെ നടത്തിച്ച പെണ്ണ്..

സിനിമ അത്യന്തം ക്ലാരയുടേത് തന്നെയാണ്.. എങ്കിലും ഇലക്കും മുള്ളിനും കേടില്ലാത്ത വണ്ണം കഥ പറഞ്ഞു നിർത്തുമ്പോൾ പ്രേക്ഷകർക്ക് ചിലപ്പോൾ ജയകൃഷ്ണൻ ഒരു സംഭവമായും ട്രൂപ് ലവ് ന്റെ ബ്രാൻഡ് അംബാസ്സഡർ ആയുമൊക്കെ തോന്നാം.. സ്വാഭാവികം.. എന്നാൽ ഒരു പൂ പറിക്കും പോലെ സുന്ദരമായി ക്ലാര അയാൾക്ക് മുന്നിലൂടെ കൈ വീശിക്കൊണ്ട് യാത്രയാകുന്നു.. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമെടുത്, ഏറ്റവും നല്ല തിരഞ്ഞെടുപ്പ് നടത്തിക്കൊണ്ട്… ജയകൃഷ്ണൻ ക്ലാരയെ അർഹിക്കുന്നില്ല എന്നത് തന്നെയാണ് ആത്യന്തികമായ സത്യം.. അത് കൊണ്ട് തന്നെയാകണം പദ്മരാജൻ ക്ലാരയെക്കൊണ്ട് അത്ര ബോൾഡ് ആയ തീരുമാനം എടുപ്പിക്കുന്നത്. മീശ പിരിച്ചു മുണ്ടും മടക്കിക്കുത്തി സകല ഉടായിപ്പും കാണിച്ചു രാജാവ് ചമഞ്ഞു നടന്ന ഒരുത്തനെ, തന്റെ ഒരു ഔദാര്യമൊന്നും എനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്ന ക്ലാര തന്നെയാണ് തൂവാനത്തുമ്പികളെ പ്രസക്തമാക്കുന്നത്.. അല്ലാതെ ജയകൃഷ്ണന്റെ മാടമ്പിത്തരങ്ങളും പ്രണയവുമില്ല!!
.
കാഴ്ചക്കാരന് പക്ഷെ കുറച്ചൊക്കെ നമ്മളെ ഇക്കിളിപ്പെടുത്തിയ പ്രണയകഥയെന്ന നിലക്ക് ഈ ചിത്രം കാണാം, ഇഷ്ടപ്പെടാം…പക്ഷെ ജയകൃഷ്ണനെ റദ് ചെയ്തു കാണുമ്പോഴാണ് “ഞാൻ ഗന്ധർവനും ഇന്നലെയും ഒരിടത്തൊരു ഫയൽവാനും ചെയ്ത, അതിലൂടെ അതിശക്തമായ രാഷ്ട്രീയം പറഞ്ഞ, വ്യവസ്ഥിതികളെ തച്ചുടച്ച പദ്മരാജനെന്ന സിനിമാക്കാരനോട് ഒരു പ്രേക്ഷകനെന്ന നിലയിൽ നീതി പുലർത്തുന്നതെന്ന് എനിക്ക് തോന്നുന്നു… മറ്റൊരു തരത്തിൽ ആലോചിക്കുമ്പോൾ ഇതെന്റെ മാത്രം ശെരിയാകുന്നു..😁 (NB: ജയകൃഷ്ണന്റെ പേരിൽ പദ്മരാജനെ അർജുൻ റെഡ്‌ഡി പോലുള്ള സിനിമകളോട് താരതമ്യം ചെയ്യുന്നതിനെ ഒരു കണക്കിനും എനിക്ക് അംഗീകരിക്കാൻ ആവില്ല. അങ്ങനെ ചെയ്യുന്നവരോട്: നിങ്ങൾക്ക് പദ്മരാജനെന്ന പപ്പേട്ടനെ മനസിലായിട്ടില്ല!!)