ബൊമ്മിയെ ആഘോഷമാക്കുന്ന ഒരു വലിയ സമൂഹമില്ലേ, അവരുടെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്

0
114

Manjusha Thottungal

ആദ്യമേ പറയട്ടെ ഇതൊരു സിനിമ നിരൂപണമല്ല. സുധ കൊങ്കരയുടെ soorarai pottru സിനിമയിലെ അപർണ ബാലമുരളിയുടെ ബൊമ്മിയെ കുറിച്ചാണ് ഈ എഴുത്ത്.

അടുത്ത കാലത്ത് വൻതോതിൽ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമാണ് ബൊമ്മി എന്ന സുന്ദരി.തന്റേതായ അഭിപ്രായങ്ങളും സ്വപ്നങ്ങളുമുള്ള.. സ്വന്തം കാലിൽ നിൽക്കുന്ന ബൊമ്മി ഒരുപാട് നിരൂപക പ്രശംസ നേടുകയും, ധാരാളം സ്ത്രീപക്ഷ വായനകൾ ബൊമ്മിയെ കേന്ദ്രീകരിച്ചുണ്ടാവുകയും ചെയ്തു. അതവിടെ നിൽക്കട്ടെ. നമുക്കിനി കാര്യത്തിലേക്ക് കടക്കാം.

ആത്യന്തികമായി സിനിമ മാരന്റെ കഥയാണ്. വിചിത്രവും വെല്ലുവിളി നിറഞ്ഞതുമായ അയാളുടെ ഒരു സ്വപ്നവും അത് നേടിയെടുക്കാൻ പെടുന്ന കഷ്ടപ്പാടുകളുമാണ് ആകെ മൊത്തം കഥ എന്ന് പറയാം. എന്നാൽ നമുക്ക് ഒന്ന് മാറി ചിന്തിച്ചാലോ. അതായത് മാരന്റെയും ബൊമ്മിയുടെയും സ്വപ്നങ്ങളെ ഒന്ന് വച്ച് മാറിയാലോ. ബേക്കറി സ്വപ്നം മാരന്റെയും deccan air എന്ന സ്വപ്നം ബൊമ്മിയുടെയും ആണെന്ന് കരുതുക. ഇനി പറയു : തന്റെ സ്വപ്നത്തിനു വേണ്ടി കുടുംബത്തെയും ഭർത്താവിനെയും വേണ്ട വണ്ണം ശ്രദ്ധിക്കാനാകാതെ വരുന്ന ബൊമ്മിയെ എത്ര പേർ അനുകൂലിക്കും?? ഒരു കുഞ്ഞുണ്ടായാൽ അത് തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു തടസ്സമായെങ്കിലോ എന്ന് ചിന്തിക്കുന്ന ബൊമ്മിയെ എത്ര പേർ വാഴ്ത്തിപ്പാടും??? ഇനി അഥവാ.. കുഞ്ഞുണ്ടായാൽ തന്നെ… അതിനെ പരിചരിക്കാനാവാതെ വരുന്ന ബൊമ്മിയെ എത്ര പേർ കൊട്ടിഘോഷിക്കും??

ഉടനെ കേൾക്കാം.. ഇന്ത്യൻ സംസ്കാരം മറന്ന.. മാതൃത്വത്തിന്റെ മഹത്വം മറന്ന വെറും സ്വാർത്ഥയാണ് ബൊമ്മി എന്ന മുറവിളി. ബൊമ്മി ആത്യന്തികമായി ഒരു ആവർത്തനം മാത്രമാണ്. കാലാകാലങ്ങളായി പുരുഷകേന്ദ്രീകൃത സമൂഹം സൃഷ്ടിച്ചു വച്ച ഉത്തമ ഭാര്യ സങ്കൽപ്പത്തിന്റെ ഊട്ടിയുറപ്പിക്കൽ. ഭർത്താവിന്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന.. അയാൾ തകരുമ്പോൾ താങ്ങാവുന്ന.. കുടുംബം പുലർത്തുന്ന.. the so called indian wife !

സിനിമ ഇറങ്ങിയത് മുതൽ കേൾക്കുന്ന കാര്യമാണ് ഏതൊരു middle class boy യുടെയും സ്വപ്നമാണ് ബൊമ്മിയെ പോലെ സപ്പോർട്ടീവ് ആയ ജീവിത പങ്കാളി എന്ന്. അതങ്ങനെ പുരുഷന്റെ ജീവിത പങ്കാളി സങ്കൽപ്പങ്ങളുടെ ഗ്ലോറിഫിക്കേഷൻ മാത്രമാകുന്നിടത്താണ് പ്രശ്നം. soorari pottru പല റിയൽ incidents നെയും പുനരാവിഷ്‌ക്കരിച്ചതാണെന്ന് അറിയാം. അത് കൊണ്ടു തന്നെ ബൊമ്മിയെ നമുക്ക് വിമർശിക്കാനൊക്കില്ല.

പക്ഷെ ബൊമ്മിയെ ആഘോഷമാക്കുന്ന ഒരു വലിയ സമൂഹമില്ലേ… അവരുടെ ഉദ്ദേശ ശുദ്ധിയിൽ എനിക്ക് സംശയമുണ്ട്. ഇഷ്ട്ടപ്പെട്ട കോഴ്സ് പഠിക്കണമെന്ന് പറയുന്ന പെൺകുട്ടികളോട്, “അപ്പൊ എനിക്കൊരു കപ്പ് ചായ ഇട്ട് തരാൻ നീ ഉണ്ടാകില്ലേ” എന്ന് ചോദിക്കുന്ന ആണുങ്ങളിപ്പോഴുമുണ്ട്. അവരുടെ ഇടയിലേക്കാണ് സഹനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായി വീണ്ടുമൊരു ബൊമ്മി… ആടിനെ പട്ടിയാക്കുന്ന ടീംസ് ആണേയ് …അത് കൊണ്ട് ചിന്തിച്ചു പോയെന്ന് മാത്രം..