മനുഷ്യര്‍ മാത്രം കരയുന്നു – കഥ

0
562

” മോളെ , ഈ കഞ്ഞി കുടിക്ക്.. പനി മാറണ്ടേ..? ”
സരോജം മകളെ മടിയിലിരുത്തി കഞ്ഞി കൊടുക്കുകയാണ്.. ആ ഏഴു വയസ്സുകാരിയുടെ ശരീരം പനി കൊണ്ട് വിറക്കുന്നുണ്ട്…കഞ്ഞി കുറച്ചു കഴിച്ചതും അവള്‍ വല്ലാതെ ചുമച്ചു. കരിമ്പടം കൊണ്ട് മകളെ പുതപ്പിച്ച് കിടത്തി സരോജം പഴയ മരുന്ന് ശീട്ട് തപ്പിയെടുത്തു. കഴിഞ്ഞ തവണ പനി വന്നപ്പോള്‍ ഡോക്ടര്‍ കുറിച്ച് തന്നതാണ്. നല്ല മരുന്നാണ്.. ഉടനടി ആശ്വാസം കിട്ടും. പക്ഷെ ഇരുനൂറു രൂപയാകും. നൂറു രൂപ ബാഗിലുണ്ട്.. ഒരു നൂറു കൂടി ഒപ്പിക്കണം…നിരന്നു നില്‍ക്കുന്ന ദൈവപടങ്ങള്‍ക്ക് മുന്നില്‍ സരോജം വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചു… പിന്നെ ആ ഓലപ്പുരയുടെ വാതില്‍ മെല്ലെ പൂട്ടി കോരിച്ചൊരിയുന്ന മഴയത്ത് വാടിയ വാഴയില പോലുള്ള കുടയും ചൂടി അവള്‍ ഇറങ്ങി നടന്നു…
വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലായതിനാല്‍ , റോഡു വിജനമാണ്.
നൂറു രൂപ…!
എവിടുന്നുണ്ടാക്കും..?
ആര് തരും..?

ആശ്വാസം..! ഒരു പരിചയക്കാരന്‍ വരുന്നുണ്ട്..
‘ഭാസീ , ഒരു നൂറു രൂപ എടുക്കാനുണ്ടാകുമോ..? മോക്കു മരുന്ന് വാങ്ങിക്കാനാ..”
” ഒരമ്പത് ഉറുപ്പികയുമുണ്ട് .. ഞാനുമുണ്ട്.. ഇതോണ്ട് വേണം ഇന്നത്തെ ചിലവൊപ്പിക്കാന്‍..!”
പ്രതീക്ഷ മങ്ങി .
”സരോജത്തിനാണോ പൈസക്ക് പഞ്ഞം..?”
”ആരേലും വരേണ്ടേ ഭാസീ..?”
” ഈ മഴയത്താണോ അതിനു പ്രയാസം..! ദേ, ആ പഴയ കെട്ടിടത്തിനു മൂലയ്ക്ക് നിക്ക്… ചറ പറാന്നു ആള് വരും..”
ഉപദേശവും തന്നു ഭാസി പോയി…
കെട്ടിടത്തിനു സമീപം ആരുമില്ല.. സമയം പോകുന്നു.. മണി പതിനൊന്നായി.. വയറിനകത്ത് ചെറിയ നീറ്റല്‍.. രാവിലെ ഒരു കട്ടന്‍ ചായ മാത്രം കഴിച്ചത് കൊണ്ടാവണം.. മഴ നിലക്കുന്ന ലക്ഷണമില്ല.. സാരിയുടെ താഴ് ഭാഗം നനഞ്ഞിരിക്കുന്നത് പിഴിയുമ്പോള്‍ പിന്നാമ്പുറത്തു ഒരു അനക്കം … സരോജം നോക്കി. രണ്ടു പേര്‍ മഴ നനഞ്ഞു ഓടി വരുന്നു.. കെട്ടിടത്തിന്റെ തറയിലിരുന്ന ഇരുവരും കുപ്പിയും ഗ്ലാസ്സുമായി മദ്യപിക്കാനുള്ള ഒരുക്കത്തിലാണ്…

നായിന്റെ മക്കള്‍..!,..!

ഹര്‍ത്താലുണ്ടാക്കുന്നവരും , അത് ആഘോഷിക്കുന്നവരും..!

ചെറുപ്പക്കാര്‍ രണ്ടുപേരും കാണാന്‍ വേണ്ടി സരോജം മുന്നോട്ടു നീങ്ങി നിന്നു.

ഇല്ല , മദ്യം വിഴുങ്ങുന്ന തിരക്കില്‍ അവര്‍ പരിസരം ശ്രദ്ധിക്കുന്നില്ല..

സരോജം ഒന്ന് ചുമച്ചു… അതേറ്റു..

”രാജാ, ഏതാടാ ഈ പീസ്..?”

”കയ്യില്‍ ലേഡീസ് ബാഗ്, കട്ടി നിറം സാരി , .. ഉം.. സംഗതി മറ്റേതാ..”

ലക്ഷണം നോക്കി രാജന്‍ പ്രവചിച്ചു..

”ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി എത്രയാടി ചാര്‍ജ്..?”

”ഇരുനൂറ്.”

” ഹോ.. ഒരാള്‍ക്ക് നൂറോ..? നീ ആരെടീ , ലോക സുന്ദരിയോ..? നിന്റെ ടൈപ്പ് സാധനമൊക്കെ ഉറുപ്പികക്കു പത്തെണ്ണം കിട്ടും..”

സരോജം മിണ്ടിയില്ല … മകള്‍…!

”രണ്ടാള്‍ക്കും കൂടി നൂറു രൂപ തരും… എന്തേ..?”

രണ്ടാമതൊന്നു ആലോചിച്ചില്ല .. സമ്മതം..!

അവരിരുവരും സരോജത്തെ തൊട്ടടുത്തുള്ള ഒരു നാലാം കിട ലോഡ്ജിലേക്ക് കൊണ്ട് പോയി..ഒന്നാമന്റെ കാമ പ്രകടനം പിച്ചലും , മാന്തലും ആയിരുന്നു.. സഹിക്കുക തന്നെ ചെയ്തു.. രണ്ടാമനും അവന്റെ സൂക്കേട് തീര്‍ത്തതും

സരോജം നേരെ ബാത്ത് റൂമിലേക്ക് ഓടി.. വല്ലാത്ത നീറ്റല്‍.. ഒരു ബക്കറ്റ് വെള്ളം അപ്പാടെ കമഴ്ത്തി..

പുറത്തു വന്നപ്പോള്‍, ചെറുപ്പക്കാര്‍ ഇരുവരും കട്ടിലില്‍ ഇരിക്കുന്നു.. ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി..

”ഇന്നാടീ നൂറ്”

വാങ്ങി പേഴ്‌സില്‍ വെക്കാന്‍ പോലും നിന്നില്ല. മഴത്തിറങ്ങി ഓടി അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലെത്തി.. ശീട്ട് നല്‍കി..

”നൂറ്റി തൊണ്ണൂറു രൂപയാകും..”

”ശരി , എടുത്തോളൂ..”

ഭാഗ്യം പത്തു രൂപ ബാക്കി കാണും. അതിനു വല്ലതും കഴിക്കണം.. വയറു ചുട്ടു പുകയുന്നു.

കടക്കാരന്‍ ബില്ലടിക്കുകയാണ്…

സരോജം പേഴ്‌സ് തുറന്നു നോക്കി..

ഭഗവാനെ, പേഴ്‌സിലെ നൂറ് രൂപ കാണാനില്ല..!

കയ്യില്‍ ആകെ ഉള്ളത് ചെറുപ്പക്കാര്‍ തന്ന നൂറ് രൂപ..!

”ഞാനിപ്പോ വരാം.”

കടക്കാരനെ നോക്കാതെ സരോജം മഴയത്തിറങ്ങി..

ആര്‍ക്കെങ്കിലും വേണോ എന്റെ ശരീരം..?

നൂറ് രൂപയ്ക്കു തരാം.. എത്ര പേര്‍ക്ക് വേണമെങ്കിലും…

ഭൂമി കറങ്ങുന്നു… തലയ്ക്കകത്ത് ഒരായിരം മിന്നല്‍.. വയറിനകത്തെന്തോ കൊത്തി വലിക്കുന്നു.. കണ്ണുകള്‍ മങ്ങുന്നു…ശരീരം തളരുന്നു..

സരോജം വീണു..

മലര്‍ന്നടിച്ചു ആ റോഡരുകില്‍…

ആരും തിരിഞ്ഞു നോക്കിയില്ല..

അന്ന് ഹര്‍ത്താലായിരുന്നു…

”അതെ പോലീസ് ഏമാനേ..സരോജം കുഴഞ്ഞു വീണു മരിച്ച അന്ന് തന്നെയാ അവളുടെ മോള് പനി മൂത്ത് മരിച്ചതും…”

പാല്‍ക്കാരി നാണിയമ്മ സങ്കടത്തോടെ പറഞ്ഞു..

”അവള്‍ക്കു ബന്ധുക്കള്‍ ആരുമില്ലേ..?”

”ഇല്ല ഏമാനെ..അങ്ങ് കണ്ണൂരാ സ്വന്തം നാടെന്നു മാത്രം അറിയാം.. ഈ നാട്ടിലാരും അവളോട് മിണ്ടാറില്ല.. വല്ലപ്പോഴും ഞാന്‍ വരുന്നതാ അവള്‍ക്കശ്വാസം.. എന്നോടെല്ലാം അവള്‍ പറയുമായിരുന്നു..”

”അപ്പൊ, അവള്‍ടെ കൊച്ചിന്റെ അച്ഛന്‍..?”

” ആ പെങ്കൊച്ചു അവള്‍ടെ മകള്‍ അല്ല ഏമാനേ.. പ്രസവിച്ചുടനെ വലിച്ചെറിഞ്ഞതാ ഏതോ പണക്കാരി തള്ള.. ആ ചോരക്കുഞ്ഞിനെ സരോജം സ്വന്തം മോളെ പോലെ വളര്‍ത്തി.. സരോജം പാവമാ ഏമാനേ..”

നാണിയമ്മ കണ്ണുകള്‍ തുടച്ചു… പോലീസുകാരന്‍ ഫയല്‍ അടച്ചു..

ഒരു തെരുവ് വേശ്യയുടെ കഥ നാട്ടുകാര്‍ക്ക് ഇവിടെ തീര്‍ന്നു..

പക്ഷെ ചിലര്‍ കഥ തുടര്‍ന്നു…

”എടാ ബഷീറേ, നീ കോമഡി അറിഞ്ഞോ..?”

ബാറിലെ ചുവന്ന വെളിച്ചത്തില്‍ മൂവര്‍ സംഘം.

”എന്ത് കോമഡി..?”

”ഞാനും രാജനും കൂടി കഴിഞ്ഞ ആഴ്ച ഒരുത്തിയെ മുട്ടി.. നൂറ് രൂപ ചാര്‍ജും പറഞ്ഞു.”

”എന്നിട്ട്..?”

”എല്ലാം കഴിഞ്ഞു അവള്‍ കുളി മുറീല്‍ പോയ തക്കത്തിന് ഞാനവളുടെ പെഴ്‌സിലുണ്ടായിരുന്ന നൂറ് രൂപ അടിച്ചു മാറ്റി. അവള്‍ തിരിച്ചു വന്നപ്പോള്‍ ആ പണം അവള്‍ക്കു തന്നെ നല്‍കി..എങ്ങനുണ്ട്..? കാര്യോം നടന്നു.. പണം

ചിലവായതുമില്ല…എങ്ങനുണ്ട് കോമഡി..?”

”ഹ ഹ സൂപ്പര്‍…”

അവര്‍ മൂവരും പൊട്ടി ചിരിച്ചു…

ആ കഥ കേട്ട് പിശാചുക്കളും..

സരോജത്തിന്റെ കുടിലിലെ ദൈവ പടങ്ങളും പൊട്ടിച്ചിരിച്ചു …

മനുഷ്യര്‍…, മാത്രം കരയുന്നു…