അഹിംസാവാദിയായ അശോകന്റെ പൂച്ചക്കുട്ടി പോലത്തെ സിംഹങ്ങളാണല്ലോ ഇപ്പോൾ വാർത്ത. യഥാർത്ഥ അശോക സ്തംഭത്തിൽ സിംഹം അലറുക തന്നെയാണ്. സിംഹങ്ങൾ നാലു ദിശകളിലേക്കും ഉച്ചത്തിൽ ധർമ്മം ഉദ്ഘോഷിക്കുന്നു എന്നാണ് സങ്കല്പം.
മനോജ് ബ്രൈറ്റ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്
നമ്മൾ അശോക സ്തംഭം ബുദ്ധനു തീറെഴുതി കൊടുത്തിട്ടുണ്ടെങ്കിലും അശോകചക്രം ജൈനമതത്തിനും ചേരും. ഇരുപത്തിനാല് ആരക്കാലുകളുള്ള ചക്രം ജൈനമതത്തിലുമുണ്ട്. ഇരുപത്തിനാല് ജൈന തീര്ത്ഥങ്കരന്മാരെ സൂചിപ്പിക്കുന്നതാണ് അത്. അശോകസ്തംഭത്തിലെ സിംഹങ്ങളും ബുദ്ധമതത്തിനു മാത്രം അവകാശപ്പെട്ടതല്ല. അതൊക്കെ ജൈനമതത്തിനും ചേരും. അശോകൻ സ്തംഭത്തിന്റെ അടിയിൽ കാണുന്ന കാളയും, കുതിരയും, പശുവുമെല്ലാം ജൈന തീർത്ഥങ്കരന്മാരെ സൂചിപ്പിക്കുന്നതാണ്. തമിഴ്നാട്ടിലെ മേൽസിത്തമൂർ ജൈന മഠത്തിൽ പതിനാറാം നൂറ്റാണ്ടിൽ കൊത്തിയെതെന്നു കരുതുന്ന

അശോകസ്തംഭത്തിന്റെ രൂപമുണ്ട്. അശോക സ്തംഭത്തിന് ഇപ്പോൾ പറയുന്ന ബുദ്ധിസ്റ്റ് ഒറിജിനും സെക്കുലാർ അർത്ഥമൊക്കെ പിന്നീട് ഉണ്ടായതാണ്.
അശോകൻ ശരിക്കും ബുദ്ധ മത വിശ്വസിയായിരുന്നോ എന്നു പോലും സംശയമാണ്. കല്‍ഹണന്റെ രാജതരംഗിണിയില്‍ അശോകന് ജിനന്റെ തത്വങ്ങള്‍ സ്വീകരിച്ച ആളാണെന്നും, അദ്ദേഹം ശിവന് ക്ഷേത്രങ്ങള്‍ പണിതു നല്‍കിയതായും പറയുന്നുണ്ട്. (ജിനന് (വിജയിച്ചവന്) എന്ന വാക്ക് സ്വന്തം മതസ്ഥാപകനെ വിശേഷിപ്പിക്കാന്‍ ബുദ്ധനു മുന്‍പെ തന്നെ ജൈനരടക്കമുള്ള മറ്റു വേദവിരുദ്ധ വിഭാഗങ്ങളെല്ലാം ഉപയോഗിച്ചിരുന്നതാണ്. അശോകന് ജൈന വിശ്വാസിയായ ഭാര്യയുണ്ടായിരുന്നു എന്ന് ജൈനര്‍ വാദിക്കുന്നുണ്ട്. അശോകന് പ്രചരിപ്പിക്കുന്ന ജന്തുസ്നേഹം ബുദ്ധമതത്തെക്കാള്‍ ജൈനമതത്തിന്റെ വിശ്വാസമാണ്. ഭൂതേശനെ (ശിവനെ) പ്രീതിപ്പെടുത്തിയാണ് അദ്ദേഹത്തിന് ജലൂക എന്നൊരു പുത്രനുണ്ടായത് എന്നും രാജതരംഗിണിയില്‍ കാണാം.
അശോകന് കലിംഗ യുദ്ധത്തില്‍ പശ്ചാത്തപിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്ന ശേഷം അക്രമം ഉപേക്ഷിച്ചു എന്നാണ് കഥ. അശോകന് ബുദ്ധമതാനുയായി ആയതോടെ അഹിംസാ പാര്‍ട്ടിക്കാരനായി എന്നാണ് നമ്മുടെ ചരിത്രകാരന്മാരുടെ ഭാഷ്യം. അശോകനെക്കുറിച്ചു നമുക്ക് അറിയുന്നതില്‍ അധികവും ബുദ്ധമത ഗ്രന്ഥങ്ങളില്‍ കാണുന്ന അതിശയോക്തി കഥകളാണ്. സത്യം വളരെ വ്യത്യസ്തമാവാനാനിട. അശോകന് എത്ര മാത്രം ബൌദ്ധ ആശയങ്ങള്‍ സ്വീകരിച്ചിരുന്നു എന്നു പോലും സംശയമാണ്. ശിലാശാസനങ്ങളില്‍ നിന്ന് അശോകനെക്കുറിച്ച് കാര്യമായൊന്നും അറിയാന്‍ കഴിയില്ല. ഒന്നു രണ്ടിടത്തൊഴിച്ച് അശോകന് എന്ന പേരു പോലും ഇല്ല. ഒരു പിയാദസിയാണ് അതില്‍ സംസാരിക്കുന്നത്. ഈ ശിലാലിഖിതങ്ങള്‍ സ്ഥാപിച്ച പിയാദസിയും, സിലോണില്‍ നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്നു കരുതുന്ന ദ്വീപവംശം എന്ന ബുദ്ധിസ്റ്റ് കൃതിയില്‍ കാണുന്ന ബിംബിസാര രാജാവിന്റെ രണ്ടാമത്തെ ഭാര്യയുടെ പുത്രനും, അശോകന് എന്ന് പില്ക്കാലത്ത് അറിയപ്പെട്ടവനുമായ പിയാദസിയും ഒരാളാണ് എന്നാണ് നിലവിലെ അനുമാനം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ സായിപ്പ് ഈ ശിലാശാസനങ്ങള്‍ കണ്ടെത്തുന്നതിനു മുന്‍പ് ആരും അശോകന് എന്നൊരു ചക്രവര്‍ത്തിയെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്നു. (വിഷ്ണുപുരാണത്തില്‍ മൌര്യന്മാര് 137 വര്‍ഷം മഗധ ഭരിച്ചതായും, ചന്ദ്രഗുപ്തന്റെ ചെറുമകനായി ഒരു അശോകവര്ദ്ധനന് ഭരിച്ചിരുന്നതായും പറയുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ച് വേറെ കാര്യമായൊന്നും അതില്‍ പറയുന്നില്ല. അതില്‍ അശോകന് ഒരു അപ്രധാന രാജാവ് മാത്രമാണ്.)

അശോകന്റെ ശിലാലിഖിതങ്ങള്‍ മാത്രം ആധാരമാക്കിയാല്‍ അതില്‍ സംസാരിക്കുന്ന പിയാദസി ഒരു ബുദ്ധവിശ്വാസി മാത്രമാണെന്ന് പറയാനാവില്ല. ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ കാണുന്ന അശോകനല്ല ശിലാശാസനങ്ങില് കാണുന്ന അശോകന്. ശിലാശാസനങ്ങളിലെ അശോകന് ബുദ്ധപക്ഷപാതി എന്നതിനേക്കാള്‍ ഒരു സര്‍വ്വമത തല്പരനാണ്. സര്‍വ്വ മതങ്ങളെയും ഒരുപോലെ പ്രീണിപ്പിക്കുന്ന, ഇന്നത്തെ അര്‍ത്ഥത്തിലുള്ള സെക്യുലാര്‍ ഭരണാധികാരിയാണ് ശിലാശാസനങ്ങളില്‍ കാണുന്ന അശോകന്. സ്വന്തം മതത്തെ അതിരു കവിഞ്ഞു പുകഴ്ത്തുന്നതും, മറ്റുള്ളവരുടെ മതങ്ങളെ ഇകഴ്ത്തുന്നതും അദ്ദേഹം തടഞ്ഞിരുന്നു.
അശോകന്റെ ശിലാശാസനങ്ങളില്‍ ഒരിടത്തുപോലും ബുദ്ധന്റെ പേരു പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിലൊന്നും പലരും കരുതുന്നപോലെ അതിലൊന്നും ബുദ്ധിസ്റ്റ് ആശയ പ്രചരണവുമില്ല. നന്മ ചെയ്യണം, എല്ലാ മതങ്ങളും വഴക്കടിക്കാതെ നടക്കണം, രാജാവിന് പ്രജകളെല്ലാം മക്കളെപ്പോലെയാണ് എന്നൊക്കെയുള്ള പൊതുവായ ചില ഉപദേശങ്ങളും പ്രസ്താവനകളും മാത്രമേ ഉള്ളൂ. ശിലാലിഖിതങ്ങളില്‍ ആവര്‍ത്തിച്ചു കാണുന്ന “ധമ്മ” എന്ന വാക്ക് കടമ എന്ന അര്‍ത്ഥത്തില്‍ ഹിന്ദു, ജൈന വിശ്വാസങ്ങളില്‍ എല്ലാം ഉപയോഗിക്കുന്നതാണ്. ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ അശോകന് അവരുടെ ആളാണ് എന്ന് പറയുന്നതുകൊണ്ട് ശിലാലിഖിതങ്ങളിലെ അശോകനും ബുദ്ധദര്ശനത്തെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നു നമ്മള് ഊഹിക്കുന്നതാണ്. അദ്ദേഹം എല്ലാ വിഭാഗങ്ങള്‍ക്കും ഒരു വിവേചനവും കാണിക്കാതെ ധാരാളം സഹായങ്ങള്‍ ചെയ്തിരുന്നു.
പ്രശസ്തമായ കലിംഗ യുദ്ധം പോലും എത്രത്തോളം സത്യമാണ് എന്നു സംശയമാണ്. അശോകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന അശോകാവദാനയില് ഈ കലിംഗ യുദ്ധത്തെക്കുറിച്ചോ, പശ്ചാത്താപം മൂലമാണ് അശോകന് ബുദ്ധമതം സ്വീകരിച്ചതെന്നോ പറയുന്നില്ല. ഒരു ബുദ്ധിസ്റ്റ് ഗ്രന്ഥവും അശോകന്റെ മതം മാറ്റത്തെ ഏതെങ്കിലും യുദ്ധവുമായി ബന്ധിപ്പിക്കുന്നില്ല.
അശോകന്റെ മനഃസ്താപത്തെക്കുറിച്ച് കലിംഗ രാജ്യത്തു നിന്നു കണ്ടുകിട്ടിയിട്ടുള്ള ശിലാലിഖിതങ്ങളില്‍ ഒരു സൂചനയും ഇല്ലാത്തതും അത്ഭുതമാണ്. കലിംഗയുദ്ധത്തിനു ശേഷമുള്ള മനഃസ്താപത്തിന്റെ വിവരണം വേറെ ദൂരസ്ഥലങ്ങളിലാണ് എഴുതി വച്ചിട്ടുള്ളത്. ശരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ആ നാട്ടിലെ ജനങ്ങളോടല്ലേ പറയേണ്ടത്? പൊതുവേ കരുതുന്നപോലെ യുദ്ധത്തിനു ശേഷമല്ല ബുദ്ധിസത്തോട് അനുഭാവം ഉണ്ടാകുന്നത്. കലിംഗ യുദ്ധത്തിനു (262 ബി.സി ) ചുരുങ്ങിയത് രണ്ടു കൊല്ലം മുന്‍പെങ്കിലും സ്ഥാപിക്കപ്പെട്ട ശാസനങ്ങളില്‍ അശോകന് ആത്മീയ താല്പര്യം വന്നതായി സൂചനകളുണ്ട്.
അശോകനെ ആഹിംസാവാദിയും, ശുദ്ധനുമായ ഒരു ബുദ്ധമതാനുയായിയായി കാണുന്നതിനു പകരം മുത്തച്ഛനായ ചന്ദ്രഗുപ്ത മൌര്യന്റെ മന്ത്രിയായിരുന്ന ചാണക്യന്റെ സൂത്രങ്ങള്‍ മുഴുവന്‍ പ്രയോഗത്തില്‍ വരുത്തിയ, വളരെ കുശാഗ്രബുദ്ധിയായ ഒരു രാജാവായി കാണുന്നതായിരിക്കും ശരി. അല്ലാതെ ഇത്ര വലിയ ഒരു സാമ്രാജ്യം എങ്ങനെകൊണ്ടുനടക്കാനാകും? ബൌദ്ധരുടെ പുകഴ്ത്തല്‍ ചരിത്രത്തില്‍ നമുക്ക് നഷ്ടപ്പെട്ടുപോയത് അശോകന് എന്ന പൊളിറ്റിക്കല്‍ ജീനിയസ്സിനെയാണ് എന്നു വരാം. രാജ്യം പിടിച്ചെടുത്ത് നാലു വര്‍ഷമെങ്കിലും കഴിഞ്ഞാണ് അശോകന് കിരീടധാരണം നടത്താന്‍ സാധ്യമാകുന്നത്. കൊട്ടാരത്തില്‍ അധികാര വടംവലികള്‍ നടന്നിരുന്നു എന്നത് വ്യക്തം. അശോകന് തന്റെ സഹോദരങ്ങളെ വധിച്ച് അധികാരം പിടിക്കുമ്പോള്‍ മുത്തച്ഛന് ചന്ദ്രഗുപ്ത മൌര്യന്റെ ഇഷ്ടക്കാരായ ജൈനരും, അച്ഛന് ബിന്ദുസാരന്റെ ഇഷ്ടക്കാരായ അജീവകരും (ബിന്ദുസാരന് ബ്രാഹ്മണ വിശ്വാസിയായിരുന്നു എന്നാണ് മഹാവംശം പറയുന്നത്.) ഉള്‍പ്പെട്ട കൊട്ടാരത്തിലെ ഉപജാപസംഘത്തെ നിലക്കു നിര്‍ത്താന്‍ ബൌദ്ധരുടെ സഹായം തേടിയിട്ടുണ്ടാകാം. അതാവാം അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നു എന്നു ബൌദ്ധര് പ്രചരിപ്പിക്കുന്നതിന്റെ പുറകിലെ സത്യം.
അശോകന് ആദ്യം ജൈനവിശ്വാസിയായിരുന്നു, ശിവന്റെ ആരാധകനായിരുന്നു എന്നൊക്കെ കഥകളുണ്ട്. അധികാരം ഉറപ്പിക്കാന്‍ ഇവരുടെ സഹായം നേടുന്നതില്‍ പരാജയപ്പെട്ടപ്പോളായിരിക്കാം ബുദ്ധമതത്തോട് അനുഭാവം കാണിക്കുന്നത്. അശോകന് ബുദ്ധമതത്തെ പ്രോത്സാഹിപ്പിച്ചത് അദ്ദേഹത്തിന്റെ ചാണക്യബുദ്ധി തന്നെയാണ് എന്നു കരുതുന്നതാണ് ന്യായം.
കൊട്ടാരത്തില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഉപജാപസംഘങ്ങളെ, മുത്തച്ഛന്റെ സില്ബന്ധികളായ ജൈനരെയും, അച്ഛന്റെ സില്ബന്ധികളായ അജീവകരെയും, അശോകന് ധാരാളം സമ്മാനങ്ങള്‍ നല്കി പ്രീതിപ്പെടുത്തുന്നുണ്ട്. ക്രൂരത മൂലം ആദ്യകാലത്ത് “ചണ്ഡശോകന്” എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കലിംഗ യുദ്ധത്തിലുള്ള മനഃസ്താപം എന്നു നമ്മള് മനസ്സിലാക്കുന്ന ശിലാശാസനം തനിക്കു കൊലയൊന്നും പുത്തരിയല്ല, നിലക്ക് നിന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം എന്നുള്ള ഒളിച്ചു വച്ചുള്ള ഒരു ഭീഷണി പോലെ മനസ്സിലാക്കുകയായിരിക്കും ശരി. അല്ലെങ്കില്‍ കലിംഗയുദ്ധത്തിനു ശേഷമുള്ള മനഃസ്താപത്തിന്റെ വിവരണം വേറെ നാട്ടുകാരോടു പറയേണ്ട കാര്യമെന്ത്? അശോകന്റെ പ്രസിദ്ധമായ കുറ്റബോധം പ്രകടിപ്പിക്കുന്ന ശിലാശാസനത്തില്‍ തന്നെ ആളുകളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. കലിംഗ യുദ്ധത്തില്‍ നടന്ന കൊലകളില്‍ ദുഃഖം പ്രകടിപ്പിച്ച ശേഷം, എന്നു കരുതി തലയില്‍ കയറരുത് എന്ന് പറയുന്നുണ്ട്. താന്‍ മര്യാദക്കെങ്കില് മര്യാദക്ക്. വെറുതെ തന്നെക്കൊണ്ടു ടൂള്‍സ് എടുപ്പിക്കരുത്.
ആ ശാസനം വായിച്ചാല്‍ ഭീഷണിക്ക് ശക്തി കിട്ടാനാണ് ആദ്യം സമാധാന മുഖം കാണിച്ചത് എന്നു തോന്നും. പണ്ട് ധാരാവിയിലെ ചേരി ഒരൊറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചിട്ടുള്ള തനിക്ക് ഇതൊക്കെ ഒരു പൂ പറിക്കുന്നപോലെയാണ് എന്നൊരു ധ്വനിയാണ് ഈ ലിഖിതം നല്‍കുന്നത്. വേറൊരു ശിലാശാസനത്തില്‍ ഇങ്ങനെ കാണാം. അവനവന്റെ ജോലി ശരിക്ക് ചെയ്യുക. രാജാവിന്റെ പ്രീതി സമ്പാദിക്കുക. രാജാവിനോടുള്ള കടമ നിറവേറ്റുക. പൊതുവേ അശോകന്റെ ശാസനങ്ങളുടെ ധ്വനി നിങ്ങള്‍ക്ക് എന്തു മതത്തിലും വിശ്വസിക്കാം. പക്ഷേ ഞാന്‍ അനുവദിക്കുന്ന പോലെ നടന്നുകൊള്ളണം. ഞാന്‍ പറയുന്നപോലെ നടക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്.
അശോകന് ബുദ്ധമതം സ്വീകരിച്ച ശേഷം (”ചണ്ഡശോകന്” മാറി ”ധര്മ്മശോകന്” ആയശേഷം) ചുരുങ്ങിയത് മൂന്നു കൂട്ടക്കൊലകളെങ്കിലും നടത്തിയിട്ടുണ്ട് എന്ന് ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ തന്നെ അഭിമാനപൂര്‍വ്വം പറയുന്നു. (അശോകന്റെ മകനായ കുനാലന് അന്ധനാകാന്‍ കാരണക്കാരിയായ രാജ്ഞി തിഷ്യരക്ഷിതയെ ക്രൂരമായി ചിത്രവധം ചെയ്തു കൊന്നത് കണക്കില്‍ പെടുത്തിയിട്ടില്ല.) ഈ കൂട്ടക്കൊലകള്‍ ഒന്നും രാജ്യദ്രോഹം പോലുള്ള കുറ്റങ്ങള്ക്കൊന്നുമല്ല, തീരെ നിസ്സാരമായ കാര്യങ്ങള്‍ക്കാണ് എന്നതാണ് രസം.
ഒരിക്കല്‍ ഒരു ജൈനവിശ്വാസി, മഹാവീരന്റെ കാല്ക്കല് ബുദ്ധന് നമസ്ക്കരിക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം വരച്ചത്രെ. ബുദ്ധനെ ഇപ്രകാരം “കൊച്ചാക്കിയതില്” (മഹാവീരന്റെ വെറും ശിഷ്യനാണ് ബുദ്ധന് എന്നാണല്ലോ സൂചന) കോപിച്ച അശോകന് അവരില്‍18000 പേരുടെ തല വെട്ടി എന്നാണ് അശോകാവദാന എന്ന ഗ്രന്ഥത്തില്‍ അശോകന്റെ ബുദ്ധമതത്തോടുള്ള താല്പര്യം എത്രമാത്രമാണ് എന്നു കാണിക്കാന്‍ അവര്‍ തന്നെ വളരെ അഭിമാനപൂര്‍വ്വം എഴുതിവച്ചിരിക്കുന്നത്..!!!.. (അശോകാവദാനയില് പറയുന്നത് 18000 അജീവകരുടെ തലവെട്ടി എന്നാണ്. ഒരു ജൈന വിശ്വാസി ബുദ്ധനെ “അപമാനിച്ചതിന്” അജീവകരുടെ തല വെട്ടുന്നതെന്തിന്? ആജീവകര്‍ തികച്ചും വേറൊരു ഗ്രൂപ്പാണല്ലോ. ഒരു പക്ഷേ ഈ അവദാന എഴുതിയവന് ഈ വ്യത്യാസമൊന്നും വലിയ പിടിയുണ്ടാകില്ലായിരിക്കാം.) ഒടുവില്‍ അശോകന്റെ സ്വന്തം സഹോദരനും ഒരു ബുദ്ധഭിക്ഷുവുമായ വിത്തശോകന്റെ തല കൂടി അബദ്ധത്തില്‍ വെട്ടിപ്പോയപ്പോഴാണ് അശോകന് ഈ കൊലകള്‍ നിര്‍ത്തിയതത്രേ. എന്തോ അസുഖം മൂലം വിത്തശോകന് ആ സമയത്ത് മറ്റു ബുദ്ധഭിക്ഷുക്കളേപോലെ തല മൊട്ടയടിച്ചിരുന്നില്ല. അതാണത്രെ ഈ കണ്ഫ്യൂഷന് പറ്റിയത്. (ഭരണം പിടിച്ചെടുക്കാന്‍ അശോകന് സ്വന്തം സഹോദരങ്ങളെ കൊന്നു തള്ളിയപ്പോള്‍ ഇദ്ദേഹത്തെ മാത്രമാണ് ബാക്കി വച്ചത്. ആ പാവം ജീവന് രക്ഷിക്കാന്‍ ബുദ്ധസന്യാസിയായി മാറിയാതാകാനാണ് സാധ്യത.)
മറ്റൊരു അവസരത്തിലും ഇതുപോലെ ബുദ്ധനെ അപമാനിച്ചു ചിത്രം വരച്ചു എന്ന പേരില്‍ അശോകന് ജൈനരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട് എന്ന് ഇതേ പുസ്തകത്തില്‍ പറയുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ മാത്രമാണ് അശോകന്റെ ബുദ്ധിസത്തോടുള്ള അനുഭാവം കാണുന്നത്. ശിലാലിഖിതങ്ങള്‍ പ്രകാരം ആജീവകരെയും, ജൈനരെയും (അവരെ മാത്രമല്ല, ബ്രാഹ്മണരടക്കമുള്ള എല്ലാ മതവിഭാഗങ്ങളെയും) നന്നായി ബഹുമാനിച്ചിരുന്ന ആളാണ് അശോകന്. ശിലാശാസനങ്ങളില്‍ കാണുന്ന അശോകന് ഒരു സര്‍വ്വമത വിശ്വാസിയാണ്. വെറും ബൌദ്ധ വിശ്വാസിയല്ല. ഒരുപക്ഷേ നേരത്തെ സൂചിപ്പിച്ചപോലെ അശോകന് അധികാരം പിടിച്ചെടുത്തപ്പോള്‍ മുത്തച്ഛന്റെയും, അച്ഛന്റെയും സില്ബന്ധികളായി കൊട്ടാരത്തില്‍ സ്ഥാനം പിടിച്ചിരുന്ന ജൈനരുടേയും, അജീവകരുടേയും നേര്‍ക്ക് തരം പോലെ സാമ, ദാന, ഭേദ, ദണ്ഡങ്ങള്‍ ഒക്കെ പ്രയോഗിച്ചിരിക്കാം. അതിനെയായിരിക്കാം ബൌദ്ധര് ഇങ്ങനെ കഥകളുണ്ടാക്കി പ്രചരിപ്പിച്ചത്.
പിന്നൊരിക്കല്‍ അന്തഃപുരത്തിലെ ഒരു അശോകവൃക്ഷം വെട്ടിക്കളഞ്ഞതിന് (തന്റെ പേരുള്ള മരം) അന്തഃപുരത്തിലെ നാനൂറോളം സ്ത്രീകളെ ആഹിംസാവാദിയും, വളരെ ദയാലുവും എന്നു പറയപ്പെടുന്ന അശോകന് കൊന്നുകളഞ്ഞിട്ടുണ്ട് എന്നും അശോകാവദാന എന്ന പുസ്തകത്തില്‍ പറയുന്നു. വെറും പ്രാണികളുടെ ജീവന് പോലും പരിപാവനമായി കണക്കാക്കിയിരുന്ന അശോകന് തന്റെ രാജ്യത്ത് വധശിക്ഷയൊക്കെ നടപ്പിലാക്കിയിരുന്നു എന്നതിന് ശിലാശാസനങ്ങള്‍ തന്നെ തെളിവുണ്ട്. മുന്ഗാമികളില് നിന്ന് ഒരു പക്ഷേ ഒരു വ്യത്യാസം മരണശിക്ഷക്ക് മൂന്നു ദിവസത്തെ സാവകാശം കൊടുത്തു എന്നതാണ്. ഉടനെ കൊല്ലില്ല. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധുക്കള്‍ക്ക് വേണമെങ്കില്‍ അപ്പീല്‍ കൊടുക്കാം. ബന്ധുക്കള്‍ ഇല്ലാത്തവര്‍ക്ക് ആ സമയം കൊണ്ട് ദാനധര്‍മ്മങ്ങള്‍ ചെയ്ത് പുണ്യം നേടാം. അതൊരു വലിയ കാര്യം പോലെയാണ് അവതരിപ്പിക്കുന്നത്.
അശോകന്റെ അഹിംസാ താല്പര്യം കാണിക്കാന്‍ നമ്മുടെ ചരിത്രകാരന്മാര് എടുത്തലക്കുന്ന തെളിവുകള്‍ നല്ല രസമാണ്. വളരെ പ്രസിദ്ധമായ ഒന്ന് 257 BCE ലെ ശാസനമാണ്. അഹിംസ ചര്‍ച്ച ചെയ്യുന്ന എല്ലായിടത്തും വലിയ കാര്യമായി ഈ ശിലാശാസനം ഉദ്ധരിച്ചിരിക്കുന്നത് കാണാം. നേരത്തെ അശോകന്റെ അടുക്കളയില്‍ ദിവസവും ആയിരക്കണക്കിനു മൃഗങ്ങളെ കൊന്നിരുന്നത് ഇപ്പോള്‍ രണ്ടു മയിലും ഒരു മാനും മാത്രമാക്കിയിരിക്കുന്നു. അതില്‍ തന്നെ മാന്‍ എപ്പോഴുമില്ല. ഭാവിയില്‍ അതുതന്നെ നിര്‍ത്താന്‍ പോകുകയാണ്.
തീര്‍ച്ചയായും ദിവസവും ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നിരുന്നത് അശോകനു മാത്രം കഴിക്കാനായിരിക്കില്ലല്ലോ. സേവകര്‍ക്കും, സില്ബന്ധികള്ക്കും കൂടിയായിരിക്കാം. അപ്പോള്‍ നിലവില്‍ കൊന്നുകൊണ്ടിരിക്കുന്ന ആ രണ്ടു മയിലുകളുടെയും, ഒരു മാനിന്റെയും മാംസം ആര്‍ക്കു വേണ്ടിയാണ്? രാജാവ് മാംസം ഭക്ഷിക്കുന്നില്ലെങ്കില്‍ ബാക്കിയുള്ളവര്‍ ഭക്ഷിക്കുമോ? അത് അശോകനു വേണ്ടിയായിരിക്കും എന്ന് അനുമാനിക്കുന്നതാണ് യുക്തിസഹം. അതായത് ബാക്കിയുള്ള തന്റെ ആശ്രിതര്‍ക്ക് ഉടനടി മാംസഭക്ഷണം നിരോധിച്ചു. മയിലിറച്ചിയും, ഇടക്കൊക്കെ മാനിറച്ചിയും ഇനി മുതല്‍ അശോകന് ഒറ്റയ്ക്ക് തട്ടും. ഇത് പണ്ടത്തെ ഒരു തറവാട്ടു കാരണവര്‍ ചെലവ് കുറക്കാന്‍ തനിക്കു മാത്രം മൂന്നു നേരം ചോറും അനന്തിരവന്മാര്ക്കൊക്കെ ഒരു നേരം കഞ്ഞിയും ഏര്‍പ്പാടാക്കിയ പോലെയാണ്. ചില കുടിയന്മാര് താന്‍ ഉടനെ കുടി നിര്‍ത്തും എന്ന് പറയുന്നപോലെ താനും ഭാവില്‍ കുറേശ്ശേയായി മാംസ ഭക്ഷണം നിര്‍ത്താന്‍ ആലോചിക്കുന്നുണ്ട് എന്നും ശിലാശാസനത്തില്‍ പറയുന്നുണ്ട്.
(ഇങ്ങനെ കുറേശ്ശെയായി മാറുന്നതിനും ബുദ്ധിസത്തില്‍ വകുപ്പുണ്ട്. അതിന് “അനുക്രമ മാര്‍ഗ്ഗം” (gradual doctrine) എന്ന് നല്ലൊരു ഗംഭീരന്‍ പേരുമുണ്ട്. എത്രകാലം വേണമെങ്കിലും കുറേശ്ശെ നിര്‍ത്താന്‍ പോകുന്നു എന്നു വിചാരിച്ചുകൊണ്ട് കഴിയാം. അതിനങ്ങനെ സമയപരിധി ഒന്നുമില്ല. എത്രയോ പേര് അങ്ങനെ സിഗരറ്റുവലിയും, മദ്യപാനവും നിര്‍ത്താന്‍ തീരുമാനിക്കുന്നുണ്ട്. അല്ലെ?)
(എനിക്കു തോന്നിയത് ഒറിജിനൽ സിംഹം ലേശം കാർട്ടൂൺ ലുക്കാണെങ്കിൽ പുതിയത് നാച്ചുറൽ ലുക്കാണ് എന്നാണ്. ഡിസ്നിയുടെ പഴയ ലയൺ കിംഗും,പുതിയ ലയൺ കിംഗും പോലെ.)