ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് 

696

Manoj Bright എഴുതുന്നു

 

“ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ പരപ്രേരണ കൂടാതെ അദ്ദേഹത്തെ മരണത്തിൽ അനുഗമിക്കാം എന്ന് തീരുമാനിച്ചാൽ അതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കും. കാരണം ഭാര്യക്ക് പിന്മാറാൻ പഴുതുകളൊന്നും ബാക്കിയില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കും. ഒട്ടും വൈകാൻപറ്റില്ല,കാരണം അതെ ദിവസം തന്നെ ഭർത്താവിന്റെ ചിത അണയുന്നതിനു മുൻപ് തന്നെ അവരെ അതിൽ ദഹിപ്പിക്കണം. ബ്രാഹ്മണരും, വൈശ്യരും വളരെ കർശനമായി ഇത് പാലിക്കുന്നുണ്ട്. എന്നാൽ ക്ഷത്രീയരുടെയും ശൂദ്രരുടേ യും ആചാരം അനുസരിച്ച് ഭർത്താവ് വേറെ എവിടെയെങ്കിലും വച്ച് മരിച്ച്, എന്നോ ദഹിപ്പിക്കപ്പെട്ടിട്ടുപോയിട്ടുണ്ടെങ്കിലും ഭാര്യയെയും ദഹിപ്പിക്കണം. ഭർത്താവിന്റെ മരണത്തിനു തെളിവായി അൽപം ചാരമോ, മരണപത്രമോ മാത്രമേ ലഭിച്ചിട്ടുള്ളൂ എങ്കിലും.

 Manoj Bright
Manoj Bright

അതനുസരിച്ച് നഗരത്തിനു പുറത്ത് ഈ ആവശ്യത്തിലേക്കായി കുഴിച്ച ഒരുകുഴിയിലേക്ക് ഭർത്താവിനെ കൊണ്ടുവന്ന് ദഹിപ്പിക്കും. ഭാര്യ അവരുടെ സമ്പ്രദായം അനുസരിച്ച് നന്നായി അണിഞ്ഞൊരുങ്ങി വാതിലിനു വെളിയിൽ ഒരു മേലാപ്പിനു കീഴിൽ ആസനസ്ഥയാകും. കൊമ്പുകുഴലുകൾ വിളിക്കപ്പെടും. വാദ്യഘോഷങ്ങളുയരും. യുവതിക്ക് തുടർച്ചയായി വെറ്റില മുറുക്കാൻ കൊടുത്ത് സന്തോഷിപ്പിക്കും. അവർ അതേസമയം തുടർച്ചയായി ദൈവനാമം ഉരുവിട്ടുകൊണ്ടിരിക്കും. ഞാൻ അവസാനം കണ്ട ചടങ്ങിലെ യുവതി തുടർച്ചയായി ‘’നാരായണ’’ എന്ന് ഉരുവിട്ടിരുന്നു. അവർ അത് തുടർച്ചയായും വേഗത്തിലും ഉച്ചരിക്കുന്നത് തന്നെ വിസ്മയമായിരുന്നു.

ക്ഷത്രീയരും ശൂദ്രരും സ്ത്രീ ഉടനെ അനുഭവിക്കാൻ പോകുന്ന വേദനയും ദുരിതവും അകറ്റാനും, അവർ വാക്കു മാറാതിരിക്കാനും ചിലപ്പോൾ വെറ്റിലയുടെ കൂടെ എന്തോ കൊടുത്ത് സ്ത്രീയെ അർദ്ധബോധാവസ്ഥയിലാക്കാറുണ്ട്. പക്ഷേ ബ്രാഹ്മണനായ പത്മനാഭ എന്നോട് പറയുന്നത് ബ്രാഹ്മണർ അവരുടെ സ്ത്രീകളോട് അങ്ങനെ ചെയ്യാറില്ല എന്നാണ്. അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി,ബലംപ്രയോഗിച്ച് സ്ത്രീയെ മരണപ്പെടുത്താറില്ല.

ഭാര്യ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സുഹൃത്തുക്കളോട് വിട പറയും. ക്ഷത്രീയ ശൂദ്ര ജാതികളാണെങ്കിൽ കൈകളിൽ ഒരുനാരങ്ങയും, കണ്ണാടിയും ഉണ്ടാകും. തുടർച്ചയായി ദൈവനാമം ചൊല്ലിക്കൊണ്ടിരിക്കും. ചിലർ നാരായണ നാമമോ രാമാനാമമോ അല്ലെങ്കിൽ അവരുടെ ഭാഷയിൽ അവർ പൂജിക്കുന്ന ഏതെങ്കിലും ദൈവത്തിന്റെ നാമമോ ചൊല്ലും. എന്നാൽ ബ്രാഹ്മണരുടെയോ, വൈശ്യരുടെയോ ഭാര്യമാരാണെങ്കിൽ നേരത്തെ പറഞ്ഞ സാധനങ്ങളായിരിക്കില്ല കയ്യിൽ ഉണ്ടാകുക. അവരുടെ അമ്പലത്തിൽ സാധാരണയായി ദൈവത്തിന്റെ മുന്നിൽ വിതറുന്ന ചുവന്ന പൂക്കളായിരിക്കും ചിലപ്പോൾ ഉണ്ടാകുക. അവ പലപ്പോളും ദൈവത്തിനു നേരത്തെ സമർപ്പിച്ചവയായിരിക്കും. കഴുത്തിൽ അവരുടെ ദൈവത്തിന്റെ ഒരു രൂപം അണിഞ്ഞിരിക്കും. അപ്രകാരം ഭാര്യ നഗരത്തിനു പുറത്ത് ഭർത്താവിനെ ദഹിപ്പിക്കുന്നിടത്തേക്കു പോകും. ഒന്നുകിൽ കാൽനടയായി,അല്ലെങ്കിൽ ബ്രാഹ്മണന്റെ ഭാര്യയാണെങ്കിൽ പല്ലക്കിൽ. ക്ഷത്രീയ ശൂദ്ര സ്ത്രീകളാണെങ്കിൽ അവരോടൊപ്പം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവരുടെ കൂട്ടുകാരികൾ ഉണ്ടായിരിക്കും.അങ്ങനെ അവർ ഭർത്താവിനെ ദഹിപ്പിക്കുന്ന സ്ഥലത്തെത്തും. എന്നാൽ അഗ്നിയിൽ പ്രവേശിക്കുന്നതിനു മുൻപ് അടുത്തുള്ള ജലാശയത്തിലോ, കുളത്തിലോ പോയി ദേഹശുദ്ധി വരുത്തും. അതിനു ശേഷം അവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരി വാങ്ങും. അവിടെ വച്ച് ഒരു ബ്രാഹ്മണൻ പ്രാർത്ഥന ചൊല്ലും. ബ്രാഹ്മണർക്ക് ദാനങ്ങൾ നൽകും. ഇത്കഴിഞ്ഞ് ഒരുമഞ്ഞ വസ്ത്രം പുതച്ചുകൊണ്ട് അവർ കുളത്തിൽ നിന്ന് കയറി സന്തോഷപൂർവ്വം തീയിൽ ചാടാനുള്ള ഇടത്തേക്കു പോകും. അവരുടെ മുന്നിൽ കനലുകൾ എരിയുന്ന വലിയൊരു കുഴിയായിരിക്കും. ഭീകരമായ ഈ കാഴ്ച കണ്ടു പേടിക്കാതിരിക്കാൻ അവരുടെ മുന്നിൽ പായകൾ ഉപയോഗിച്ച് തീകുണ്ഡം കണ്ണിൽനിന്ന് മറച്ചിരിക്കും. അവർ ചാടിയ ഉടനെ എറിയാൻ കൂടെയുള്ളവരുടെ കയ്യിൽ വിറകുകൊള്ളികൾ കാണും. അങ്ങനെ തീയിൽ ചാടുന്നതോടെ അവർ ഭസ്മമാകും.

സ്ത്രീ അങ്ങനെ കുഴിയോടടുക്കുമ്പോൾ കുഴിയെടുത്ത മണ്ണ് കൂട്ടിയിട്ടുള്ള ഉയർന്ന ഭാഗത്തെത്തും. അങ്ങനെ നടന്ന് ഭീകരമായ തീകുണ്ഡം മറച്ചിട്ടുള്ള പായയുടെ അടുത്തെത്തും. അവിടെ കൂടെയുള്ളവരോട് യാത്ര പറഞ്ഞ് പായയുടെ മുകളിലൂടെ അരി ഇടിക്കുന്ന “പിലാങ്” (pilang- ഉലക്ക പോലുള്ള വല്ലതുമാകാം-വിവർത്തകൻ) അരി ഇടിക്കുമ്പോൾ ചേറാൻ ഉപയോഗിക്കുന്ന sioup (മുറം പോലെ വല്ലതുമാകാം-വിവർത്തകൻ) തുടങ്ങി സ്ത്രീകൾ വീട്ടിൽ ഉപയോഗിക്കുന്ന വസ്തുക്കൾ തീയിലേക്കെറിയും. അവരുടെ തലയിൽ ഒരുകുടം എണ്ണയുണ്ടാകും. അതിലൊരു ഭാഗം അവർ തന്നെ അവരുടെ തല വഴി ഒഴിച്ചിരിക്കും. ഇതേസമയം അവർ തുടർച്ചയായി ദൈവനാമം ഉരുവിടുകയായിരിക്കും. അതിനു ശേഷം അവരുടെ മുന്നിലുള്ള പായ മാറ്റപ്പെടും. തലയിലെ എണ്ണക്കുടവുമായി അവർ തീയിൽ വീഴും. ഉടനെത്തന്നെ ഒരാൾ ഉയരത്തിൽ കൂടെയുള്ളവരുടെ കയ്യിലെ വിറകു കൊള്ളികളാൽ അവർ മൂടപ്പെടും.അങ്ങനെ ക്ഷത്രീയ, വൈശ്യ,ശൂദ്ര സ്ത്രീകളുടെ ഇടയിലുള്ള ദുഃഖകരമായ ഈചടങ്ങ് അവസാനിക്കും.

ബ്രാഹ്മണരുടെ ഭാര്യമാർക്കിടയിൽ ഈ ഭീകരമായ ചടങ്ങ് ഇതിനേക്കാൾ ക്രൂരമായാണ്നടത്തപ്പെടുക. കാരണംബ്രാഹ്മണരുടെ ഭാര്യമാർ മറ്റുള്ളവരെപ്പോലെ തീയിൽ ചാടുകയല്ല, വിറകുകൂനയിൽ മരിച്ച ഭർത്താവിനോടൊപ്പം കിടക്കുകയാണ് ചെയ്യുക. വിശ്രമിക്കാൻ കിടക്കുന്നപോലെ.അയാളോടൊപ്പം കിടന്നു കഴിഞ്ഞാൽ കുറെയധികം വിറകുകൊണ്ട് അവർ മൂടപ്പെടും. ഇതിനുശേഷം തല ഭാഗത്തെ വിറകിനു തീ കൊളുത്തും. പെട്ടെന്ന് തീ പിടിക്കാനായി അവിടെ എണ്ണ ഒഴിച്ചിരിക്കും. എത്ര മനുഷ്യത്വരഹിതമായ ക്രൂരത! ഈ പ്രദേശങ്ങളിൽ ഉള്ളതും,സാധാരണവുമായ ഇത്തരം ക്രൂരതകൾ കണ്ട് ആരാണ് ഞെട്ടാതിരിക്കുക? സ്ത്രീ ചിതയിൽ കിടന്ന്,വിറകുകൊള്ളികളാൽ മൂടപ്പെട്ടു കഴിഞ്ഞാലുടനെ ചുറ്റും നിൽക്കുന്ന സ്ത്രീകളിൽ ചിലർ നെഞ്ചത്തടിയും നിലവിളിയും തുടങ്ങും. അവർ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്കറിയില്ല. കാരണം ഞാൻ അത് അന്വേഷിച്ചിട്ടില്ല.

ഇത്ര കടുത്ത വേദന സഹിക്കുന്നതിന് വഴങ്ങികൊടുക്കാനും, അതിനെ പുകഴ്ത്താനും ഈ സ്ത്രീകൾ തയ്യാറാകുന്നു എന്നതിൽ ശരിക്കും അത്ഭുതം തോന്നുന്നു. പക്ഷെ ആ വാക്കുകൾ വരുന്നത്ബ്രാഹ്മണരുടെ നാക്കുകൾ കടമെടുത്താണ്. അവരാകട്ടെ അപ്രകാരം പ്രവർത്തിച്ച സ്ത്രീകളുടെ ഉദാഹരണങ്ങൾ അവരുടെ മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല,തങ്ങൾക്കും അപ്രകാരം ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട ഭർത്താക്കന്മാരെ സേവിക്കാനാകും എന്ന് പറയുകയും ചെയ്യുന്നു. കാരണം സ്നേഹത്തിനും പരിഗണനക്കും വേണ്ടി മരിച്ച ഭർത്താവിനോടൊപ്പം ദഹിക്കാൻ അവർ തയ്യാറാകുന്നു.ഇത് പരലോകത്ത് അവർക്ക് വളരെ ഗുണകരമാകും എന്നു മാത്രമല്ല, ദൈവഭയമില്ലാത്ത അവരുടെ ഭർത്താക്കന്മാരെ പോലും നരകത്തിൽ നിന്ന് വിടുവിക്കുകയും ചെയ്യുന്നു. സ്നേഹത്തെ പ്രതി ഇപ്രകാരം ചെയ്താൽ തീയുടെ വേദന അറിയില്ല എന്നും അവരെ വിശ്വസിപ്പിക്കുന്നു. മറിച്ചുള്ള തെളിവുകൾ നൽകാൻ അവിടെ എന്തു സംഭവിച്ചു എന്ന് അറിയുന്ന ആരെയും അവർ കണ്ടിട്ടില്ലല്ലോ?

(ഓഫ് ടോപ്പിക്ക്: ഈ ലോജിക്ക് ക്രിസ്തുമതത്തിലെ സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് വർണ്ണിച്ച് ക്രിസ്തുമതത്തിലേക്ക് ആളെ കൂട്ടുന്ന മിഷനറിയായ എബ്രഹാം റോജർ ഉപയോഗിക്കുന്നില്ല. ചുട്ടുകൊല്ലപ്പെടുന്ന സ്ത്രീകളോട് ഇദ്ദേഹം സഹതപിക്കുന്ന കാലത്ത് ഇദ്ദേഹത്തിന്റെ മതവും, രാജ്യവും, യൂറോപ്പ് മൊത്തവും സ്ത്രീകളെ ദുർമന്ത്രവാദികൾ എന്ന് മുദ്ര കുത്തി ചുട്ടുകൊല്ലുന്ന കാലം കൂടിയാണ്.)

ഭാര്യമാർ തീയിൽ മരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ ലോകസമക്ഷം അവർ ദുഃശ്ശകുനവും അപമാനവുമാണ് എന്നതും ഇതിനെ സഹായിക്കും. അവരുടെ തല മുണ്ഡനം ചെയ്യും, വെറ്റില ഉപയോഗിക്കാനാവില്ല, ആഭരണങ്ങൾ ധരിക്കാനോ,പുനർവിവാഹം ചെയ്യാനോ പാടില്ല. ചുരുക്കിപ്പറഞ്ഞാൽ സങ്കൽപ്പിക്കാവുന്ന എല്ലാ തരം ബുദ്ധിമുട്ടുകൾക്കും, അപമാനങ്ങൾക്കും അവർ വിധേയരാകും. ആത്മവിശ്വാസവും ധൈര്യവും കുറവുള്ള ഭാര്യമാർ ഇത്തരമൊരു കാര്യം നിഷേധിക്കില്ല. കാരണം ഇതൊന്നും കൂടാതെ എല്ലാ പദവികളും, ബഹുമാനവും അവർക്ക് നിഷേധിക്കപ്പെടും. അവരുടെ സ്വത്തുവകകൾ നഷ്ടപ്പെടും. കാരണം ഭർത്താവ് മരിച്ചാൽ ഭർത്താവിന്റെ സ്വത്ത് ഭാര്യയുടെ കൈവശം വരില്ല. മക്കൾ, പ്രത്യേകിച്ച് മൂത്ത മകനായിരിക്കും കുടുംബനാഥന്റെ സ്ഥാനത്ത്. അങ്ങിനെയെങ്കിൽ കുട്ടികളെ നോക്കി രണ്ടാംകിട ജീവിതം നയിക്കാം. എന്നാൽ ആണ്മക്കളില്ലെങ്കിൽ മരിച്ചയാളുടെ സഹോദരനായിരിക്കും എല്ലാറ്റിനും അവകാശി.വിധവക്കും അവരുടെ പെണ്മക്കൾക്കും കഷ്ടിച്ച് ജീവിക്കാൻ വേണ്ടത് മാത്രമേ അയാൾ കൊടുക്കേണ്ടതുള്ളൂ. അതായത് ഈ സ്ത്രീകൾക്ക് ഭർത്താവിനോടൊപ്പംവേറെ ധാരാളം കാര്യങ്ങൾ കൂടി നഷ്ടപ്പെടുന്നുണ്ട്. അപമാനവും, ദുഃഖവുമല്ലാതെ വേറൊന്നും സംഭവിക്കാനുമില്ല. ഭർത്താവിനോടൊപ്പം മരിക്കാനുള്ള സ്നേഹം അദ്ദേഹത്തോട് ഉണ്ടായിരുന്നില്ല എന്നതു കൊണ്ട് അവർക്ക് ജീവിതകാലം മുഴുവൻ ചിലവിനു കൊടുക്കണം എന്നതിന്റെ പേരിൽ അവരുടെ സർവ്വ സമ്പാദ്യങ്ങളും കൈവശപ്പെടുത്തുന്ന മുട്ടാളൻമാരാൽ ജീവിതകാലം മുഴുവൻ അവർ അധിക്ഷേപിക്കപ്പെടും എന്ന് ഉറപ്പാണ്.

മരണം അടുത്തെത്തിയ ഭർത്താക്കന്മാർ ഭാര്യമാരെ അവരുടെ ശവത്തോടൊപ്പം തീയിൽ ചാടിയോ,ജീവനോടെ കുഴിച്ചു മൂടപ്പെട്ടോ മരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. തീയിൽ ദഹിക്കുന്നത് നമ്മൾ കണ്ട സ്ഥിതിക്ക് മരിച്ച ഭർത്താവിനോടൊപ്പം ജീവനോടെ കുഴിച്ചു മൂടപ്പെടുന്നത് എങ്ങിനെയാണ് എന്നറിയാൻ ചിലർക്ക് ആകാംഷയുണ്ടാകും. അങ്ങനെ താൽപര്യപ്പെടുന്നവരുടെ തൃപ്തിക്കുവേണ്ടി ഈ വിജാതീയ വിശ്വാസികൾ ഭാര്യമാരെ കുഴിച്ചു മൂടുന്ന രീതി വിവരിക്കാം. ഇത് മുൻപ് പറഞ്ഞ കാര്യങ്ങളെപ്പോലെ കേട്ടുകേൾവിയല്ല, ഞാൻ അവിടെ കണ്ട കാര്യമാണ്.

ഭാര്യമാരെ കത്തിക്കുന്നതിൻെയും, കുഴിച്ചിടുന്നതിൻെയും തയ്യാറെടുപ്പുകൾ ഒരുപോലെയാണ്. കുഴിച്ചിടുന്നു എന്നതു മാത്രമാണ് വ്യത്യാസം. കത്തിക്കപ്പെടുന്ന ഭാര്യമാരുടെ രീതിയിൽ തന്നെ കുളത്തിലെ കുളി കഴിഞ്ഞാൽ മംഗള സൂചകങ്ങളായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അവർക്കുവേണ്ടി ഉണ്ടാക്കിയ കുഴിയുടെ അരികിലേക്ക് അവർ നടക്കും. അവിടെ അവർ അവരുടെ ഭർത്താവിന്റെ ജഡം കാണും. ഈ കുഴി ഒരു നിലവറ പോലെയാണ് ഉണ്ടാക്കുന്നത്. മണ്ണ്കൊണ്ടുള്ള ഒരു കമാനവും താഴേക്ക് ഇറങ്ങാനുള്ള പടികളും ഉണ്ടാകും. കുഴിച്ചു മൂടപ്പെടാനുള്ള ഭാര്യ പടികൾ ഇറങ്ങി കുഴിയിൽ പ്രവേശിക്കും. അവിടെ കമാനത്തിനു താഴെ മണ്ണ് കൊണ്ടുതന്നെ നിർമ്മിച്ച ബെഞ്ച് ഉണ്ടാകും. ഭാര്യ അവിടെ ഇരുന്ന് ഭർത്താവിന്റെ ശിരസ്സ് കയ്യിലെടുക്കും. അതിനുശേഷം ഒരു പാത്രത്തിലെ കനലിൽ സുഗന്ധദ്രവ്യങ്ങൾ പുകക്കും.

ഇതിനു ശേഷം സ്ത്രീക്ക് അപകടം പറ്റാതെ,വളരെ ശ്രദ്ധിച്ച് കുഴി പതുക്കെ മൂടാൻ തുടങ്ങും.ഞാൻ കണ്ടത് പ്രകാരം ഭാര്യ തന്നെ മണ്ണ് വാരി സ്വയം മൂടും. മണ്ണ് അവരുടെ കഴുത്തോളമെത്തുമ്പോൾ കുഴി മൂടുന്ന രണ്ടുപേർ ഒരു തുണിയെടുത്ത് ഗുഹാമുഖം മറച്ചു പിടിക്കും. അവർ ചെയ്യുന്നത് മറ്റുള്ളവർ വ്യക്തമായി കാണാതിരിക്കാനും,യുവതി പേടിക്കാതിരിക്കാനുമാണ് ഇത്. ഗുഹാമുഖം മറച്ച ശേഷം അവർ സ്ത്രീക്ക് ഒരു തോടിൽ എന്തോ നൽകും. അവിടെ നിൽക്കുന്ന നാട്ടുകാരനോട് അതെന്താണ് എന്ന്ചോദിച്ചതിൽ അത് വിഷമാണ് എന്നാണ് പറഞ്ഞത്.അത് ശരിയാണ് എന്നാണ്ഞാൻ മനസ്സിലാക്കുന്നത്.കാരണം യുവതിയുടെ മുഖത്ത് പെട്ടെന്നൊരു മാറ്റം വന്നു. വിഷം കൊടുത്ത ശേഷം അവർ യുവതിയുടെ കഴുത്ത് ഒടിച്ചു. ഇതെല്ലം കുഴിയുടെ അടുത്തുള്ളവർക്കു പോലും കാണാൻ പറ്റാത്ത വിധം മറയ്ക്കു പുറകിൽ വച്ച് വളരെ സമർത്ഥമായാണ്ചെയ്തത്. സ്ത്രീയുടെ വേദനയും പ്രയാസവും കുറയ്ക്കാനാണ് അവർ അങ്ങനെ ചെയ്തത് എന്ന്ഞാൻ കരുതുന്നു. അങ്ങനെ ഇപ്രകാരമാണ് ഭാര്യയെ കുഴിച്ചു മൂടുന്നത്.