Manoj Ivl
Malayalam Movie & Music DataBase (m3db)

നാണുവേട്ടൻ (ശങ്കരാടി):
“എന്റെ മോളോ? അങ്ങനാർക്കും മയക്കാനൊന്നും അവളെ കിട്ടില്ല…ആ പേടിയൊന്നും എനിക്കില്ല”
രാജു (സലീം ഘൗസ്):  “ഓ…. പണ്ട് അങ്ങനെ വിചാരിച്ച് ഇരുന്നിട്ടുണ്ടാകും ഏതോ വാര്യത്തെ കാർന്നോർമ്മാര് .. ല്ലേ?”
(താഴ്‌വാരം)

 

 

ഒരു പ്രതികാര കഥയിലെ വില്ലൻ പറയുന്ന അർത്ഥഗർഭമായ ഡയലോഗ് ആണ് ഇത്. നാണുവേട്ടനും (സിനിമയിൽ ഒരിക്കൽ പോലും കാണിക്കാത്ത) അമ്മിണി വാരസ്യാരുമായുള്ള പൂർവകഥയൊക്കെ ഇത്തരം ചില ചെറിയ വാചകങ്ങളിലൂടെ മാത്രം പറഞ്ഞ്, പൂർണമായും പ്രതികാര പ്രമേയത്തിൽ തന്നെ ഫോക്കസ് നിലനിർത്താൻ എം ടി – ഭരതൻ കൂട്ടുകെട്ടിന് കഴിഞ്ഞ ചിത്രം.

(ബാലന്റെ ഫ്ലാഷ്ബാക്ക് പോലും മനസ്സിന്റെ സഞ്ചാരം മാത്രമാണ്, അല്ലാതെ മറ്റൊരു കഥാപാത്രത്തോട് വിവരിക്കുന്നതല്ല)സലീം ഘൗസ് കഴിഞ്ഞ ആഴ്ച തന്റെ ജീവിതത്തിന്റെ താഴ്‌വാരം വിട്ടൊഴിഞ്ഞു.April 28, 2022(Mumbai)സുബഹ് (subah) എന്ന ദൂരദർശൻ സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച സലിം പിന്നീട് വെള്ളിത്തിരയിൽ വില്ലനായി തിളങ്ങിയ നടനാണ് – വെട്രിവിഴ, തിരുട തിരുട,…
താഴ്‌വാരത്തിൽ നല്ല അഭിനയവും ഷമ്മി തിലകൻ്റെ ഡബ്ബിങ്ങും കൊണ്ട് രാജു(രാഘവൻ) ചിത്രം നിറഞ്ഞു നിൽക്കുന്നു.

 

Salim Ghouse in Thaazhvaaram film

 

വെറുമൊരു ക്രൂരൻ വില്ലൻ മാത്രമല്ല ഈ കഥാപാത്രം.ആദ്യ രംഗത്ത് തന്നെ ഭയവും (പശുവിനെ കാണുമ്പോൾ), പിന്നെ താഴത്തങ്ങാടിയിൽ പോകുമ്പോൾ അവിടെയുള്ള ബാങ്ക്, പോലീസ് സ്റ്റേഷൻ, കൃഷിയാപ്പീസ് തുടങ്ങിയ സ്ഥലങ്ങളിൽ പോകാൻ മടി, ലോണിന് അപേക്ഷിക്കാൻ ഭയം – പിടികിട്ടാപ്പുള്ളി ആണ് താനെന്നും തനിക്ക് പിറകെ പോലീസുകാർ വന്നാലും ഇല്ലെങ്കിലും ഉറപ്പായും ബാലൻ വരും എന്ന ചിന്തയും ഉണ്ട്.

എന്നാൽ, പതിവ് വില്ലൻ വേഷങ്ങളെക്കാളും വ്യത്യസ്തമായി മനോഹരങ്ങളായ സംഭാഷണങ്ങൾ ഈ വില്ലന് കിട്ടുന്നുമുണ്ട്. നായകനായ ബാലനാകട്ടെ ആകെ രണ്ടോ മൂന്നോ വാക്കുകൾ/വാചകം മാത്രമേ ശ്രദ്ധേയമായിട്ടുള്ളൂ (മാങ്ങാച്ചുന, കൊല്ലാൻ അവൻ ഇനിയും ശ്രമിക്കും…. ചാകാതിരിക്കാൻ ഞാനും,
.. മ് കൊല്ലണം)
എന്നാൽ വില്ലന് കിട്ടിയ സംഭാഷണങ്ങളോ….?
ബാലനോട് ….
രാജു: “അമ്പലത്തിലെത്തിയാൽ ചൂത് വെട്ടില്ല എന്ന് പറയില്ലേ, കുട്ടിക്കാലത്തു തായം കളിക്കുമ്പോ…
തൽക്കാലം അത് പോലെ എന്ന് വെച്ചോ ”
{ തായം കളി = Ludo പോലെയുള്ള കളി.
Home/Star ചിഹ്നം ഉള്ള കളത്തിലെ കരുക്കളെ വെട്ടാൻ പറ്റില്ല. അത്തരം കളങ്ങളെ അമ്പലം എന്നും പറയും. ഇവിടെ രാജു പറയുന്നത് നാണുവേട്ടന്റെ വീട്ടിൽ വച്ച് രാജു ബാലനെ ഉപദ്രവിക്കില്ല എന്നാണ് }
———-

 

 

ഫ്ലാഷ്ബാക്ക്, (ആരാണെന്ന് വല്ലവരും ചോദിച്ചാൽ എന്ത് പറയണം എന്ന ചോദ്യത്തിന്) ബാലനോട് രാജു:
“പരിചയക്കാരൻ-ന്ന് പറ, അതിനെന്താ?
വല്ല രാമൻ കുട്ടീന്നോ കൃഷ്ണൻ കുട്ടീന്നോ പേര് പറ….
രാജൂന്ന് വിളിക്കണ്ട. (ഒന്ന് നിർത്തി, ആലോചിച്ചിട്ട്)
പണ്ടാരം അടങ്ങാനായിട്ട്, അത് എനിക്കും ഓർമയുണ്ടാകണമല്ലോ….
ആ പഹച്ചീടടുത്ത് പറഞ്ഞ പേരാ രാമൻകുട്ടി !
വേണ്ട, രാമൻകുട്ടീന്ന് വേണ്ട”
———-

 

 

രാജുവിന് ഒരു സ്ത്രീയുമായി ചുറ്റിക്കളി ഉണ്ടെന്ന് കാണിക്കുന്നുണ്ട്, രാജു കൊടുക്കുന്ന കാശ് വാങ്ങിയിട്ട് ആ സ്ത്രീ ചോദിക്കുന്നുണ്ട് – “ഇമ്മിണി കാലായല്ലോ ഈ വഴിക്ക്?”
രാജു: “എടയ്ക്ക് വരാറുണ്ട് ഈ വഴി, ഏതെങ്കിലും ലോറിക്കാര് കെടക്കുന്നുണ്ടാവും”
ചുറ്റിക്കളി – “അതിനെന്താ, ങ്ങൾക്ക് വിളിച്ചൂടെ?”
രാജു: “ഓ, ടിക്കറ്റ് എടുത്ത് ക്യൂ നിൽക്കാൻ നീയെന്താ വല്ല..” (ബാക്കി പറയാതെ നിർത്തുന്നു, പക്ഷെ ആ വാചകവും body language ഉം ഗംഭീരം)
(ഇതേ രംഗത്ത് തന്നെയുള്ള മറ്റൊരു സംഭാഷണത്തിൽ നിന്നും രാജു അടിവാരത്തെവിടെയോ ആണ് താമസിക്കുന്നതെന്നുള്ള വിവരം ആ സ്ത്രീക്കറിയാമെന്നും, അയാളെ നാട്ടിലുള്ള ചില ലോറിക്കാർ അന്വേഷിക്കാറുണ്ടെന്നും, അതൊക്കെ രാജുവിനറിയാമെന്നും പറയുന്നുണ്ട്. അപ്രധാനം എന്ന് തോന്നുന്ന ഈ രംഗം തന്നെയാണ് ബാലൻ എങ്ങനെ രാജുവിനെ തേടിയെത്തി എന്നതിന്റെ ഉത്തരം)
———-

 

 

വീണ്ടും ഒരിക്കൽ കൂടി ആ ആദ്യ വാചകം:
നാണുവേട്ടൻ: “എന്റെ മോളോ? അങ്ങനാർക്കും മയക്കാനൊന്നും അവളെ കിട്ടില്ല
ആ പേടിയൊന്നും എനിക്കില്ല”
രാജു: “ഓ…. പണ്ട് അങ്ങനെ വിചാരിച്ച് ഇരുന്നിട്ടുണ്ടാകും ഏതോ വാര്യത്തെ കാർന്നോർമ്മാര് .. ല്ലേ?”
ആ ഒറ്റ വാചകത്തിൽ എം.ടി. യുടെ കയ്യൊപ്പ് ഉണ്ട്.
ബീഡിയും, തോട്ടയും നോട്ടവും പക്ഷേ സലീമിന്റെ തന്നെ കയ്യൊപ്പാണ്.
(നല്ലൊരു പങ്ക് കയ്യടി ഷമ്മി തിലകനും)
സലിം ഘൗസിന് വിട.

***

Leave a Reply
You May Also Like

കാര്യം സാധിച്ചു കിടന്നുറങ്ങുന്ന ഭർത്താവാണ് താരം, ഈ ഇതിവൃത്തം ഇന്ത്യന്‍ സിനിമയില്‍ പുത്തരിയല്ല.. എന്നാല്‍ ഇതിന്റെ ആഖ്യാന രീതിയാണ്‌ വ്യത്യസ്തമാക്കുന്നത്

Anwar Moochikkadan പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഈ പോസ്റ്റില്‍ നിന്നും സ്ഥലം വിടുക.. ഇതൊരു സിനിമയെ പരിചയപ്പെടുത്തലാണ്…

ദിലീപിന്റെ നായികയായി തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

ദിലീപിന്റെ 147-ാം ചിത്രം സംവിധാനം ചെയുന്നത് അരുൺ ഗോപിയാണ്. ചിത്രത്തിൽ ദിലീപിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം…

നാം മറന്ന നടികൾ – ‘ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ ഗീതയുടെ കഥാപാത്രങ്ങൾ ഇനിയും ബാക്കി’

Sreejith Saju വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയവര്‍ അനവധിയാണ്. ഇപ്പോഴും അവരില്‍ പലരും സിനിമയില്‍…

പാൻ -ഇന്ത്യൻ അങ്കത്തിനായി ഒരുങ്ങുന്ന രണ്ട് ചിത്രങ്ങൾ കൂടി

പാൻ -ഇന്ത്യൻ അങ്കത്തിനായി ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ പരിചയപ്പെടാം കബ്സ : കന്നഡ സൂപ്പർ താരങ്ങളായ…