വൈശാലി (1988) – ഇതിൽ സ്ത്രീ വിരുദ്ധതയുണ്ടോ?

Manoj Ivl

ലോമശൻ യുധിഷ്ഠിരനോട് പറഞ്ഞു:
“ധർമ്മപുത്രാ, ഇത് ശ്രേഷ്ഠമായ കശ്യപാശ്രമമാണ്.
കശ്യപസ്ഥനായ വിഭാണ്ഡകന്റെ പുത്രൻ ജിതേന്ദ്രിയനായ ഋഷ്യശൃംഗൻ, മാൻപേട പെറ്റുണ്ടായവൻ, ലോമപാദന്റെ രാജ്യത്ത് വലിയൊരു അത്ഭുതം ചെയ്തു. ബ്രാഹ്മണ ശാപം കൊണ്ട് പന്ത്രണ്ട് വർഷം മഴ പെയ്യാതിരുന്ന അംഗരാജ്യത്തിന്റെ വരൾച്ച തീർക്കാൻ തപോബലം കൊണ്ട് ഇന്ദ്രനെ പ്രീതിപ്പെടുത്തി അദ്ദേഹം പെരുമഴ പെയ്യിച്ചു.”
(മഹാഭാരതം, തീർത്ഥാശ്രമ പർവം)
Voice over കഴിയുന്നു, ഒപ്പം title cards തുടങ്ങുന്നു.
വൈശാലി
———————————————————
– ആമുഖം
– ആഖ്യാനശൈലി
– വിമർശനം – നിറഞ്ഞൊഴുകുന്ന നദിയും വരൾച്ചയും
– മറ്റ് ചില ചോദ്യങ്ങൾ
– ആക്ഷേപഹാസ്യം, ഇന്നും പ്രസക്തമായവ
– സംവിധാനം
– അണിയറയിൽ
– അഭിനയം
– സ്ത്രീ എന്ന മഹാശക്തി / സ്ത്രീ വിരുദ്ധത?
———————————————————
ആമുഖം
സ്ത്രീ സാമീപ്യം ഏൽക്കാതെ വളർന്ന മുനികുമാരൻ അംഗരാജ്യത്ത് മഴ പെയ്യിച്ചു എന്ന് നമ്മൾ കേട്ടിട്ടുണ്ട്.
ആ ഋഷ്യശൃംഗനെ വശീകരിച്ച് അംഗരാജ്യത്ത് എത്തിച്ച വൈശാലിക്ക് എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയില്ല. അതിനൊക്കെ മുമ്പ്, ഈ ആപൽക്കരമായ ദൗത്യം വൈശാലി എന്തിന് സമ്മതിച്ചു എന്നത് ആരും ചോദിച്ചു കേട്ടിട്ടുമില്ല
മഹാഭാരതത്തിൽ വേദവ്യാസൻ ബാക്കി വച്ച മൗനത്തിന്റെ ആഴങ്ങളിൽ നിന്നും എം ടി മുങ്ങിയെടുത്ത മറ്റൊരു മുത്ത്.
എം ടി – ഭരതൻ കൂട്ടുകെട്ടിൽ വന്ന ആദ്യ ചിത്രം.
(ഇത് കൂടാതെ താഴ്‌വാരം മാത്രം)
1982-ൽ ആലോചിച്ച് തുടങ്ങിയ സംരംഭം 1988 ആയപ്പോൾ ആണ് സാക്ഷാത്ക്കരിച്ചത്.
മറ്റ് പല കാരണങ്ങൾ കൊണ്ടും നമ്മുടെയിടയിൽ അറിയപ്പെടുന്ന എം എം രാമചന്ദ്രൻ (അറ്റ്‌ലസ് രാമചന്ദ്രൻ) എന്ന വ്യക്തിയെ ഈ ചിത്രത്തിന്റെ നിർമ്മാതാവ് എന്ന ഒറ്റ കാരണം കൊണ്ടെങ്കിലും നമ്മൾ അഭിനന്ദിക്കണം, മനസ്സിലെങ്കിലും.
———————————————————
ആഖ്യാനശൈലി
പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും കടം കൊണ്ട കഥ, വളരെ ചെറിയ, ഏന്നാൽ മൂർച്ചയേറിയ, സംഭാഷണങ്ങളിലൂടെ പലതും പറയാതെ പറഞ്ഞും അനുവാചകർക്ക് ഊഹിച്ചെടുക്കാൻ വിട്ട് കൊടുത്തും വിസ്മയിപ്പിക്കുന്ന ആ എം ടി മാജിക്.
ഇത് മാത്രമല്ല പ്രത്യേകത.
കാലിക പ്രസക്തിയുള്ള വിഷയങ്ങൾ പലതും ആക്ഷേപഹാസ്യേന പറയുന്ന ഈ ചിത്രം മലയാള സിനിമയിൽ ഒരു നാഴികക്കല്ലാണ്.
തുടക്കത്തിലെ Voice over അല്ലാതെ ഫ്ളാഷ് ബാക്ക് ഒന്നും ഇല്ലെന്നാണ് എന്റെ വിശ്വാസം.
വടക്കൻ വീരഗാഥ, സദയം, താഴ്‌വാരം, പഞ്ചാഗ്നി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളിൽ നിന്നും വൈശാലിയിൽ ഈ വ്യത്യാസം കാണാം.
വിഷ്വൽസ് കൂടുതൽ പ്രാധാന്യത്തോടെ വലിയ കാൻവാസിൽ കാണാൻ വല്ലാത്തൊരു ഭംഗിയാണ്.
———————————————————
വിമർശനം – നിറഞ്ഞൊഴുകുന്ന നദിയും വരൾച്ചയും !!!!!
ഋഷ്യശൃംഗനെ തേടി പോകുന്നത് ഒരു വിശാലമായ നദിയിലൂടെ വഞ്ചി തുഴഞ്ഞാണല്ലോ.
ഇത്രയും ജലസമ്പത്തുള്ള നാട്ടിൽ വരൾച്ചയോ?
ഇതിന്റെ ഉത്തരം ചിത്രത്തിൽ തന്നെ പറയുന്നുണ്ട്.
വരൾച്ച അംഗരാജ്യത്ത് മാത്രമേയുള്ളൂ.
പ്രത്യേകിച്ച് തലസ്ഥാനമായ ചമ്പാപുരിയിൽ.
അയൽരാജ്യമായ വിദേഹത്തിലൂടെ കൗശികി നദി ഒഴുകുന്നുണ്ട്. ഗണ്ഡകിയുടെ ശാഖ കൂടിച്ചേരുന്നയിടം കടലു പോലെ ആണെന്ന് കേട്ടിട്ടുണ്ട് എന്നും പറയുന്നുണ്ട്. (ഋഷ്യശൃംഗൻ വസിക്കുന്നത് കൗശികി നദിയുടെ തീരത്താണ്)
തുടക്കത്തിൽ, രാജപുരോഹിതൻ (നെടുമുടി) ലോമപാദനെ (ബാബു ആന്റണി) കാണുന്ന രംഗത്ത് ഇത് ചോദിക്കുന്നുമുണ്ട്:
“കൗശികി നദിക്ക് ഒരു കൈവഴി വെട്ടുന്ന കാര്യം മുമ്പൊരിക്കൽ അങ്ങ് ചിന്തിച്ചിരുന്നതല്ലേ?”
ലോമപാദൻ: “അത് വിദേഹരാജൻ ആശ്രിതനായീ വിരുന്ന് വന്നിരുന്ന കാലത്തല്ലേ? ഇപ്പോൾ ശപിക്കപ്പെട്ട നമ്മുടെ നാടിന് കുടിവെള്ളം കൊടുത്താൽ തനിക്കും ബ്രാഹ്മണ ശാപത്തിൽ ഒരു പങ്ക് കിട്ടും എന്ന് ഭയപ്പെടുന്നത്രേ അദ്ദേഹം”
ഇത് കൂടാതെ അയോദ്ധ്യയിലെ സരയൂ നദി വഴിമാറ്റി വിടാൻ ആത്മസുഹൃത്തായ ദശരഥന് പോലും കഴിയില്ല എന്നും പറയുന്നുണ്ട്.
ഭരതനും സൂര്യ കൃഷ്ണമൂർത്തിയും മധു അമ്പാട്ടും ഒരുക്കിയ വിഷ്വൽസ് ഭംഗി കാരണം മേൽപറഞ്ഞ സംഭാഷണങ്ങൾ എല്ലാവരും ശ്രദ്ധിച്ചു കാണില്ല എന്ന് മാത്രം.
———————————————————
മറ്റ് ചില ചോദ്യങ്ങൾ
ആരാണ് അംഗരാജ്യത്തെ ശപിച്ചത്? രാജപുരോഹിതനാണോ?
അല്ല, ഇതിനും ഉത്തരം തരുന്നുണ്ട്.
വൈശാലി (സൂപർണ) ചന്ദ്രാംഗദനോട് (അശോകൻ):
“ഏതോ ഒരു ബ്രാഹ്മണനോട് രാജാവ് ദുർമുഖം കാട്ടിയതിന് ഈ രാജ്യത്തെ മുഴുവൻ അടക്കി ശപിച്ചവരല്ലേ നിങ്ങൾ (ബ്രാഹ്മണർ)?”
———————————————————
പിന്നെ എന്തിനാണ് രാജപുരോഹിതൻ അംഗരാജ്യം വിട്ടത്? ശേഷം തിരികെ വന്നത്?
മകൻ ചന്ദ്രാംഗദൻ ചമ്പാപുരിയിലെ ദാസിത്തെരുവിലെ പെൺകുട്ടിയുടെ പിന്നാലെ പോകുന്നത് തടയാൻ.
പന്ത്രണ്ട് വർഷം രാജപുരോഹിതനും മകനും അംഗരാജ്യം വിട്ട് മാറി നിന്നിട്ടില്ല എന്ന് സ്പഷ്ടം
വൈശാലി:
“ഓ, തിരിച്ചെത്തിയോ?, ഞാനറിഞ്ഞില്ല”
ചന്ദ്രാംഗദൻ:
“പാർപ്പിടം മാറ്റിയത് കൊണ്ടൊന്നും മകൻ നേരെയാകാൻ പോകുന്നില്ല എന്ന് അച്ഛന് ബോദ്ധ്യം വന്നു”
———————————————————
വൈശാലി ലോമപാദന്റെ മകളാണോ?
അതെ, എന്നാണ് എം ടി എഴുതിയിരിക്കുന്നത്.
വൈശാലിയുടെ അമ്മ മാലിനി (ഗീത) ഇത് പറയുന്നുണ്ടല്ലോ.
———————————————————
എന്തിനാണ് വൈശാലിയെ ദൗത്യം ഏൽപ്പിച്ചത്?
ഇതിന് മറുപടി വൈശാലി തന്നെ പറയുന്നുണ്ട്:
“യാത്രാമംഗളങ്ങൾ നേരാൻ മഹാരാജാവ് തന്നെ വന്നിരുന്നില്ലെങ്കിൽ, ഇത് നാടുകടത്തൽ ആണെന്ന് പറയാമായിരുന്നു”
അത് തന്നെയാണ് സത്യം.
രാജപുരോഹിതൻ കണ്ട് പിടിച്ച കുബുദ്ധി.
രാജാവിന് പ്രതീക്ഷ ഉണ്ട് എന്നതിനേക്കാൾ വേറെ വഴിയില്ല എന്നതും ഒരു കാരണം ആണ്.
മാലിനി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് പക്ഷേ വേറൊരു കാരണം കൊണ്ട് കൂടിയാണ്.
മകളെ അച്ഛൻ അംഗീകരിക്കുമല്ലോ എന്ന ആഗ്രഹം.
അതല്ലാതെ, അറിഞ്ഞ് കൊണ്ട് ഒരമ്മയും സ്വന്തം മകളെ (കന്യക എന്നത് മാറ്റിവച്ചാലും 16 വയസ് എന്നത് വിഷയം ആണ്) ഇത്തരം ഒരു കാര്യം ഏൽപ്പിക്കില്ല
മാലിനി:
“പൊന്നിനും പണത്തിനും വേണ്ടി ഒരു പുരുഷനെ വശീകരിക്കാനല്ല ഞാൻ നിന്നോടാവശ്യപ്പെടുന്നത്.
ഒരു രാജ്യം സഹിക്കുന്ന ശാപം, ഒരു മഹാരാജാവിന്റെ ദുഃഖം, അത് മറക്കരുത് വൈശാലീ”
..
“അമ്മ ഏറ്റെടുത്ത ദൗത്യം എത്ര വലുതാണെന്ന് നിനക്ക് ഒരിക്കൽ ബോദ്ധ്യം വരും, ഒരിക്കൽ”
———————————————————
രാജകുമാരി ശാന്ത (പാർവതി) ലോമപാദന്റെ മകളല്ലേ?
ദശരഥന്റെ (അയോദ്ധ്യ) മകളാണ് ശാന്ത.
ലോമപാദൻ ദത്തെടുത്തതാണ് എന്ന് രാജ്ഞി (ജയലളിത) പറയുന്നുണ്ട്.
———————————————————
മാൻപേട പെറ്റ മുനികുമാരനാണോ ഋഷ്യശൃംഗൻ?
മഹാഭാരതത്തിൽ അങ്ങനെ പറയുന്നുണ്ട് (voice over). പക്ഷേ മഹാഭാരതത്തിൽ കൂട്ടിച്ചേർക്കൽ ധാരാളം ഉണ്ടെന്ന് രണ്ടാമൂഴത്തിലൂടെ പറഞ്ഞതാണല്ലോ എം ടി.
സ്ത്രീ ഗന്ധം ഏൽക്കാത്ത ബ്രഹ്മചാരി എന്ന് സ്ഥാപിക്കാൻ മെനഞ്ഞ കഥ.
Voice over അല്ലാതെ വേറെങ്ങും ഇത് സൂചിപ്പിക്കുന്നില്ല.
ഋഷ്യശൃംഗൻ (സഞ്ജയ്) അച്ഛനോട് ഒരിക്കൽ ചോദിക്കുന്നുണ്ട്:
“ഞാൻ ശിശുരൂപത്തിൽ വളർന്ന മാതൃഗർഭം ഏതാണ്?”
ഇതിന് മറുപടിയായി വിഭാണ്ടകൻ (ശ്രീരാമൻ) പറയുന്ന വരികൾ പുരുഷമേധാവിത്തം വിളിച്ചോതുന്നു:
“ബീജം ഏറ്റു വാങ്ങാനുള്ള വയൽ മാത്രമാണ് മാതാവ് !!!!!”
ഇതേ വരികൾ രണ്ടാമൂഴത്തിലും വായിക്കാൻ കഴിയും.
വൈശാലി ഈ കാര്യം ഋഷ്യശൃംഗനോട് പിന്നീട് സൂചിപ്പിക്കുന്നുണ്ട് – “ജപം മുടക്കുന്ന സ്ത്രീ തന്നെ വേണം, അമ്മയായി വംശം നിലനിർത്താൻ.”
———————————————————
വിഭാണ്ഡകൻ എന്ത് കൊണ്ട് അംഗരാജ്യത്തെ ശപിച്ചില്ല?
മുനിവര്യനാണെങ്കിലും കോപിഷ്ഠനാണെങ്കിലും വാഴ്ത്തി പറഞ്ഞാൽ വഴിക്ക് വരും എന്ന് രാജപുരോഹിതൻ തന്നെ പറയുന്നുണ്ട്. ആദ്യമേ ചോദിച്ചാൽ മുൻകോപം കാരണം സമ്മതിക്കില്ല എന്നേ ഉള്ളൂ
———————————————————
ആക്ഷേപഹാസ്യം, ഇന്നും പ്രസക്തമായവ
കുത്തുവാക്കുകളുടെ കൂരമ്പുകൾ ചെറിയ സംഭേഷണങ്ങളിൽ പോലും കാണാം. (വൃഥാപവാദമാണ്, ഞാനത് വിശ്വസിച്ചിട്ടില്ല – എന്ന വരികൾ എടുത്ത് പറയുന്നു)
അത് മാറ്റിവെച്ചാൽ പോലും വ്യവസ്ഥിതിക്കെതിരെ കുറിക്ക് കൊള്ളുന്ന ചില രംഗങ്ങൾ കാണാം.
പ്രജകൾ വരൾച്ചയിൽ നീറീ ഒടുങ്ങുമ്പോൾ, കൊട്ടാരത്തിലേക്ക് കുടിവെള്ളം മുടങ്ങാതെ എത്തുന്നുണ്ട്. ഇതിനിടയിലും ചതുരംഗം കളിക്കാനും ഉദ്യാനത്തിലെ ചെടികൾക്ക് വെള്ളം കിട്ടാത്ത കാര്യം പറയാനും രാജ്ഞിക്ക് കഴിയുന്നുണ്ട്.
ഒരു അവസരത്തിൽ വൽസലാമേനോൻ അവതരിപ്പിച്ച ദാസിത്തെരുവിലെ കഥാപാത്രം പറയുന്നത് ഇപ്രകാരമാണ്:
“ഉത്സവം നല്ലതല്ലേ മാലിനീ?
കുടിനീരിന് പകരം കുറച്ചു സംഗീതം,
വിശപ്പ് മറക്കാൻ സുന്ദരിമാരുടെ നൃത്തം.
ജനങ്ങളെ വിഡ്ഢികളാക്കാൻ എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടണമല്ലോ, കൊട്ടാരത്തിലുള്ളവർക്കെന്നും !
പെരുമ്പറ കേട്ടപ്പോൾ വിചാരിച്ചു അയൽനാട്ടിൽ നിന്ന് യുദ്ധഭീഷണി ഉണ്ടെന്ന് പറഞ്ഞ് പടയൊരുക്കത്തിന് പറയുമെന്ന്. അത് മറ്റൊരു തന്ത്രം.”
——————
ചന്ദ്രാംഗദൻ
“മടിയിൽ സ്വർണ നിഷ്കങ്ങളില്ല
അത് കൊണ്ട് വൈശാലിയുടെ അമ്മ എങ്ങനെ സ്വീകരിക്കും എന്ന് പറയാൻ കഴിയില്ലല്ലോ”
വൈശാലി
“നാണയം എണ്ണി അനുഗ്രഹം കൊടുക്കുന്നതിൽ പുരോഹിതരും മോശക്കാരല്ല”
…..
ചന്ദ്രാംഗദൻ:
“വധുവായി മകളെ നൽകാൻ ഞാൻ അമ്മയോട് ആവശ്യപ്പെട്ടാലോ?”
വൈശാലി:
“എന്നിട്ട്? അച്ഛനെ തൊടാൻ അവകാശം ഇല്ലാത്ത നിന്ദ്യസന്തതികളെ ദാസിപ്പെണ്ണിന് ദാനം ചെയ്യണമായിരിക്കും !”
———————————————————
സംവിധാനം
എഴുതിയ തിരക്കഥയ്ക്ക് മുകളിൽ ചിത്രം എത്തിക്കാൻ ഭരതന് കഴിഞ്ഞ മറ്റൊരു ചിത്രം.
താഴ്‌വാരം പോലെ.
കഴുകനും പാമ്പും ഒക്കെ ഉൾപ്പെടുന്ന ടൈറ്റിൽ കാർഡ്, വരൾച്ചയുടെ കെടുതിയും കൗശികീനദിയുടെ ഭംഗിയും ഒരുപോലെ ഗംഭീരം.
Sensuality ഇത്രയും ആകർഷകമായി അവതരിപ്പിക്കാൻ കഴിയും എന്ന് ഭരതൻ വീണ്ടും കാണിച്ചു തന്ന ചിത്രം.
സാങ്കേതിക വിദ്യ അത്രയധികം വികസിച്ചിട്ടില്ലാത്ത കാലത്ത് പോലും ഇത്രയും മനോഹരമായി വൈശാലി ചിത്രീകരിച്ച അണിയറപ്രവർത്തകർക്ക് പ്രണാമം.
(ആശ്രമ വളപ്പിൽ വേലി പോലെ തോന്നിപ്പിക്കുന്ന ഒരു set-up ഉണ്ട്, അത് ആ കാലഘട്ടത്തിന് യോജിച്ചതല്ല എന്ന് തമാശ രൂപേണ പവിത്രൻ ഭരതനോട് പറഞ്ഞതായി വായിച്ചിട്ടുണ്ട്.)
———————————————————
അണിയറയിൽ
മധു അമ്പാട്ട്, കൃഷ്ണമൂർത്തി, ഓ എൻ വി, ബോംബെ രവി, ചിത്ര, എം ടി, ഭരതൻ.
ചിത്രസംയോജനം ഭരതൻ തന്നെ.
———————————————————
അഭിനയം
ഇത്രയും മനോഹരമായ ചിത്രം വലിയ ബഡ്ജറ്റിൽ ഒരുക്കിയിട്ട്, താരപ്പകിട്ടിന് പിറകേ പോകാതെ പുതുമുഖങ്ങളെ വച്ച് അഭിനയിപ്പിക്കാൻ തോന്നിയ ചങ്കൂറ്റം അപാരം.
അത് വിജയിച്ചു എന്നതിൽ അത്ഭുതം ഏതുമില്ല.
എം ടി എന്ന ഒറ്റ പേര് മതിയായിരുന്നു അക്കാലത്ത്.
പുതുമുഖ നായികാനായകന്മാർ കൊണ്ട് വന്ന freshness നന്നായി, പക്ഷേ അഭിനയം വിലയിരുത്തുന്നില്ല (അന്യ ഭാഷാ നടീനടന്മാർ, മലയാളത്തിൽ പുതുമുഖങ്ങൾ , കൂടാതെ സ്വന്തം ഡബ്ബിംഗ് അല്ല എന്നതും കാരണം വിലയിരുത്തുന്നില്ല)
ഗീതയും നെടുമുടി വേണുവും മികച്ച അഭിനയം കാഴ്ചവച്ചു.
ഈ ചിത്രം ആദ്യ ദിനം തന്നെ കണ്ടതാണ്. ഇവർ രണ്ടുപേരുമാണ് ചിത്രം കഴിയുമ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. അത് കഴിഞ്ഞപ്പോൾ അന്ന് മനസ്സിൽ തോന്നിയത് രണ്ടാമൂഴത്തിലെ ഒന്നാമൂഴക്കാരനായി (യുധിഷ്ഠിരൻ) നെടുമുടി തന്നെ. .
ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു വേഷം അശോകൻ ചെയ്തു. Rebel കഥാപാത്രം ചെയ്യാൻ ഒരു പ്രത്യേക കഴിവുള്ള ആളാണല്ലോ അശോകൻ.
ഗീത ഉൾപ്പെടെ നിരവധി അഭിനേതാക്കൾക്ക് ശബ്ദം നൽകിയത് വേറെ കലാകാരന്മാർ ആണ്.
സുപർണ്ണ – ശ്രീജ
സഞ്ജയ് – കൃഷ്ണചന്ദ്രൻ
ബാബു ആന്റണി – നരേന്ദ്ര പ്രസാദ്
ഗീത – ആനന്ദവല്ലി
ലോമപാദനായി ബാബു ആന്റണി വന്നപ്പോൾ പുതുമ മാത്രമല്ല + നല്ല screen presence, ഗാംഭീര്യം.
പക്ഷേ നരേന്ദ്ര പ്രസാദിന്റെ ഡബ്ബിംഗ് ആണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. (അതിനൊപ്പം ഭാവാഭിനയം എത്തിക്കാൻ പ്രയാസം.)
പൊതുവേ ഒരു ന്യൂനത എന്ന് പറയാവുന്നത് ഭാവതീവ്രതയുള്ള, അത് പോലെ, sarcastic ആയിട്ടുള്ള പല എം ടി വരികളും ക്ളോസ് അപ്പ് ഷോട്ടുകളിൽ കാണാൻ കഴിഞ്ഞില്ല.

ഡബ്ബിംഗ് വേറെ ആൾക്കാർ ആയത് കൊണ്ടാകണം..
———————————————————
സ്ത്രീ എന്ന മഹാശക്തി / സ്ത്രീ വിരുദ്ധത?
രാജപുരോഹിതൻ:
“കരബലവും ആയുധബലവും തോൽക്കുന്നിടത്ത് ജയിച്ചേക്കാവുന്ന ശക്തി ഒന്നേയുള്ളൂ.
തപശക്തിയെ അടിപണിയിച്ച ഒരു മഹാശക്തിയെപ്പറ്റി ചിന്തിക്കാത്ത ഞാൻ മൂഢൻ തന്നെ
സ്ത്രീ !!
വജ്രായുധത്തേക്കാൾ ശക്തി കാമജലം പുരണ്ട കരിനീലക്കണ്ണുകൾക്കാണെന്ന് ഇന്ദ്രൻ കൂടി വിശ്വസിച്ചില്ലേ?”
(വിശ്വാമിത്രൻ-മേനക, വേദവ്യാസൻ – കൃതാകി, വിഭാണ്ഡകൻ – ഉർവശി)
ഈ ചിത്രം ഒരു വലിയ സ്ത്രീ പക്ഷ സിനിമയാണ്.
അലങ്കാരങ്ങൾ മാറ്റി വായിച്ചാൽ, ലക്ഷ്യം കാണാൻ വലിയ ആയാസം കൂടാതെ എളുപ്പം പ്രയോഗിക്കാൻ പറ്റുന്ന ഉപഭോഗവസ്തു ആണ് പണ്ടുള്ളവർക്ക് സ്ത്രീ എന്ന് പറയാതെ പറയുന്നു.

ഇനി അഥവാ ഉദ്യമം പാളിപ്പോയാലും ശാപം കിട്ടി ശിലയായും മുതലയായും പരിണമിക്കുന്നത് സ്ത്രീ മാത്രമാണ്. ഇന്ദ്രന് ഒരു അപ്സരസ്സ് പോയാൽ മറ്റൊന്ന്.
രാജാവിനും മാലിനി ഒരു ഭംഗിയുള്ള കളിപ്പാട്ടം മാത്രമായിരുന്നു
വിഭാണ്ഡകന് ബീജം ഏറ്റു വാങ്ങാനുള്ള വയൽ മാത്രമാണ് സ്ത്രീ
നിഷ്കളങ്കനായ ഋഷ്യശൃംഗൻ അവസാന രംഗങ്ങളിൽ വൈശാലിക്കായി ചുറ്റും നോക്കുന്നുണ്ട്. ഒരു പക്ഷെ, നിസ്സഹായനായ ലോമപാദനും പണ്ട് ഇത് പോലെ മാലിനിക്കായി നോക്കിയിട്ടുണ്ടാകാം.
കാര്യം കണ്ട് കഴിഞ്ഞാൽ കറിവേപ്പിലയുടെ സ്ഥാനം പോലും കിട്ടാതെ ചവിട്ടിത്തേക്കപ്പെടുന്ന സ്ത്രീ ജന്മങ്ങൾ – വൈശാലി എന്ന ചിത്രം അവസാനിക്കുന്നത് അത്തരം ഒരു ദൃശ്യത്തോടെയാണ്
ഇതിൽ എവിടെയാണ് സ്ത്രീ പക്ഷം എന്ന് ചോദിക്കാം. പ്രത്യേകിച്ച് ഋഷ്യശൃംഗൻ – വൈശാലി ബന്ധത്തിലെ ഇക്കിളി രംഗങ്ങൾ (skin-show) sensuality എന്ന പേരിൽ വിപണനം ചെയ്യുമ്പോൾ.
വൈശാലി എന്ന ഈ ചിത്രം നമുക്ക് മുന്നിൽ ഒരു കണ്ണാടി പോലെ കാണാം.
ഈ ചിത്രം കണ്ടിറങ്ങിയ ആണുങ്ങളിൽ തന്നെയുണ്ട് പല തരക്കാർ. രഹസ്യമായി ഇക്കിളിപ്പെട്ട ഋഷ്യശൃംഗൻമാർ, പരസ്യമായി നെറ്റിചുളിച്ച വിഭാണ്ഡകൻമാർ. ഉപഭോഗ വസ്തുവായി കാണുന്ന ലോമപാദൻമാർ, ന്യായവും ന്യായീകരണവും ജൻമാവകാശമാക്കിയ രാജപുരോഹിതർ.
നിസ്സഹായരായ ചന്ദ്രാംഗദൻമാർ.

ഇതിൽ ഒരാളെങ്കിലും വൈശാലിയെയും മാലിനിയെയും കൂടുതൽ അറിയാൻ ശ്രമിച്ചാൽ ഈ ചിത്രം ധന്യമായി.
പൊന്നിനും പണത്തിനും പിന്നാലെ പോയി തളർന്നവരെ നമ്മൾ കണ്ടിട്ടുണ്ട്.
അറിവില്ലായ്മ കൊണ്ട് അപകടങ്ങളിൽ പെടുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്.,
സ്വതന്ത്രമായി ജീവിക്കാൻ നോക്കിയതിനു പഴി കേട്ടവരെ നമുക്കറിയാം
ഇതൊക്കെ കൂടാതെ വൈശാലിയെയും മാലിനിയെയും പോലെയും ചിലരുണ്ട്.
പുരാണങ്ങളിൽ മാത്രമല്ല, നമ്മുടെ അടുത്ത് തന്നെ.
തോറ്റു പോയവർ, അല്ലെങ്കിൽ തോറ്റു കൊടുത്തവർ.
പുരാണ കഥയാണെങ്കിലും, റിലീസ് കഴിഞ്ഞ് കാലം ഇത്ര കഴിഞ്ഞിട്ടും, ഇന്നും പ്രസക്തമാണ് വൈശാലി.
ഒരു visual delight എന്ന നിലയിൽ ഇന്നും കാണാം.
ആകാശവാണിയിൽ റേഡിയോ നാടകം ആയി വേണമെങ്കിലും കേൾക്കാം.
തിരക്കഥാ രൂപത്തിൽ വായിക്കാം.
അല്ലെങ്കിൽ, സ്ത്രീ എന്ന മഹാശക്തിയെക്കുറിച്ച് ചിന്തിക്കാം. വന്ദിച്ചില്ലെങ്കിലും നിന്ദിക്കപ്പെടാതെ നോക്കാം

Leave a Reply
You May Also Like

ബാറോസ് വിവാദത്തിലേക്ക്, മോഹൻലാൽ സ്ക്രിപ്റ്റ് തിരുത്തി തന്നെ പുറത്താക്കിയെന്ന് ജിജോ, ബാറോസ് ഇനി മീശപിരിച്ചു മുണ്ടുപറിച്ചു അടിക്കുന്നത് കാണേണ്ടി വരുമെന്ന് പ്രേക്ഷകർ

ബറോസിൽ ആകെ ഹോപ്പ് ജിജോ പുന്നൂസ് എന്ന മനുഷ്യൻ ആയിരുന്നു ഒത്തുപോകാൻ പറ്റാണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ…

അവതാരകയും മോട്ടിവേഷണൽ സ്പീക്കറും യുട്യുബറുമായ പ്രതീകാ സൂദ് ഗ്ലാമർ ചിത്രങ്ങൾ

പ്രതീകാ സൂദ് അവതാരകയായും എന്റർടൈനറായും വോയിസ് ആർട്ടിസ്റ്റായും മോട്ടിവേഷണൽ സ്പീക്കറായും യൂട്യൂബറായും അറിയപ്പെടുന്ന താരമാണ് .…

പുഷ്പയുടെ റഷ്യൻ പ്രൊമേഷൻ കഴിഞ്ഞു എല്ലാരും മടങ്ങിയെത്തി, ഇപ്പോൾ രണ്ടാംഭാഗത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നു

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ന്റെ പുതിയ ഷെഡ്യൂൾ ഈ മാസം 12 മുതൽ…

സുധിയുടെ ഉജ്ജ്വലമായ അഭിനയം “ഹോ ഹോ മമ്മൂക്കയുടെ പകർന്നാട്ടം ” വിളികളിൽ മുങ്ങി പോകും എന്നത് ഉറപ്പ്

വെട്ടുക്കിളിയുടെ നെഗറ്റിവ് റിവ്യൂ  ചില അപ്പൂപ്പൻമാരുണ്ട്, നല്ല പ്രായത്തിൽ കൊമ്പന്മാരായി നാടും വീടും വിറപ്പിച്ചു നടന്നിട്ട്…