അങ്ങനെയൊക്കെ നോക്കുമ്പോൾ, ഇന്നത്തെകാലത്തു കുട്ടികൾ വേണ്ട എന്ന് വിചാരിക്കുന്നവർ, അവരുടെ പക്ഷം ആണ് കൂടുതൽ ശരി

105

Manoj K. John

കുട്ടികളെ അഡോപ്‌റ്റ് ചെയ്ത നല്ല കഥകൾ കേൾക്കുമ്പോൾ വിചാരിക്കും ഒരു കുഞ്ഞിനെ എടുത്തു വളർത്തിയാലോ എന്ന്. പിന്നെ തോന്നും, തൽക്കാലം ഉള്ളതിനെ ശരിക്കു നോക്കാൻ. എങ്ങനെയാണ്, അല്ലെങ്കിൽ എന്തിനാണ്, ഒരാൾ അപ്പനോ, അമ്മയോ ആകുന്നതെന്നാലോചിച്ചിട്ടുണ്ടോ? ലൈഫിന് ഒറ്റ പർപ്പസേയുള്ളു. ഭാവിയിൽ തന്റെ ജീനോമിന്റെ നിലനിൽപ് ഉറപ്പിക്കുക.

Advancing into the future. പ്രത്യുത്പാദനം. ഈ പണിക്കു മൂന്നര ബില്യൺ വർഷത്തിന്റെ പഴക്കമുണ്ട്. ഒരിക്കൽ ഇതവസാനിക്കുകയും ചെയ്യും.സസ്തനികളുടെ, പ്രധാനമായും, മനുഷ്യരുടെ പ്രശ്നം, കുഞ്ഞുങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ വംശനാശമാണ് പരിണിത ഫലം. ഈ വംശനാശം തടയുന്നതിനെയാണ് പേരന്റൽ ഇൻസ്റ്റിങ്സെന്ന് പറയുന്നത്.ബീജ-അണ്ഡ ബാങ്കുകൾ ഇപ്പോൾ കൂടുതലായി വരുന്നതുകൊണ്ട് ട്രെഡീഷണൽ അപ്പന്റെയും അമ്മയുടെയും നിർവചനങ്ങളൊക്കെ പെട്ടിയിൽ കേറ്റാനുള്ള നേരമായി.

ബീജം കൊടുത്തത് വഴി പതിനഞ്ചു ആൺകുട്ടികളുടെയും, അഞ്ചു പെൺകുട്ടികളുടെയും അച്ഛനായ ഒരാൾ തന്റെ മക്കളെയൊക്കെ കാണാനും കേൾക്കാനും ആഗ്രഹമുണ്ടോന്നു ചോദിച്ചപ്പോൾ പറഞ്ഞതിതാണ്.ഞാൻ അവരെ വളർത്താത്തതു കൊണ്ട് അവർ ‘എന്റെ’ മക്കൾ ആണെന്ന് തോന്നിയിട്ടില്ല. ബീജ ബാങ്ക് വഴി ഉണ്ടായ ഇരുപതുകാരൻ തന്റെ പിതാവ് മരിച്ച വിഷമത്തിൽ, ബയോളജിക്കൽ പിതാവിനെ കാണാനുള്ള ആഗ്രഹം വേണ്ടാന്നു വിചാരിച്ചതിന്റെ കാരണവും ഇതു പോലെയാണ്. തന്റെ മാതാപിതാക്കളോട് ചെയ്ത ഒരു വലിയ ഉപകാരത്തിനു പകരമായി അദ്ദേഹത്തെയും കൂടി എന്റെ വിഷമത്തിൽ പങ്കാളിയാക്കുന്നതു ശരിയല്ല.ഒരു ഇരുപതുകാരൻ ഇങ്ങനെ ചിന്തിക്കണമെങ്കിൽ എന്തു മാത്രം നല്ല പേരെന്റിങായിരിക്കണം ആ പയ്യന് കിട്ടിയിട്ടുണ്ടാവുക.സത്യം പറഞ്ഞാൽ മാതാപിതാക്കൾ ആകാനുള്ള യാതൊരു യോഗ്യതയുമില്ലാത്തവരാണ് നമ്മളിൽ പലരും.

സാമൂഹിക, സാമ്പത്തിക, മാനസികം; ദേഷ്യം, അപകർഷതാ, നിരാശ, നാർസിസം മുതൽ കാലാവസ്ഥ വ്യതിയാനം വരെയുള്ള എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നവരാണ് ഒരു കുഞ്ഞിനെ ജനിപ്പിച്ചു വളർത്താനിറങ്ങുന്നതു.സ്വന്തം കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നത് തന്നെ സാന്മാർഗ്ഗികമായി ശരിയല്ലെന്നും പറയാം. എത്രയോ അനാഥ കുട്ടികളാണ് ഇവിടെയുള്ളത്. അല്ലെങ്കിൽ പരിതാപകരമായ സാഹചര്യങ്ങളിൽ വളരുന്നത്.അതിനിടയിൽ, കഷ്ടപാടില്ലാത്ത, വേദനയില്ലാത്ത ഒരു ജീവിതത്തിനു ഒരു ഗ്യാരന്റിയും കൊടുക്കാൻ പറ്റാഞ്ഞിട്ടു തന്നെ ഒരു ജീവനെയും കൂടി ഉണ്ടാക്കുന്നു.വ്യക്തികൾക്ക് സ്വന്തമായി നിൽക്കാൻ പ്രാപ്തി ഉണ്ടാവുക എന്നുള്ളതാണല്ലോ പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണം. വീട്ടിൽ നിന്നിറങ്ങിയാലും ആരുടേയും സപ്പോർട്ടില്ലാതെ സന്തോഷത്തോടെ ജീവിച്ചു പോകാം.

പണ്ടൊക്കെ കുടുംബത്തിൽ നിന്ന്, ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയാൽ കഷ്ടപ്പാടും മരണവുമായിരുന്നു കാത്തിരുന്നത്.പേരെന്റിങ്ങിന്റെ എ.ബി.സി.ഡി അറിയാത്തവർ ആണെങ്കിലും കുട്ടികൾ പതിനെട്ടു വയസ്സുവരെ അവരുടെ സംരക്ഷണയിലാണ്. പിള്ളാർക്ക് വേറെ നിവർത്തിയില്ലാത്തതു കൊണ്ട് സഹിച്ചു പിടിച്ചിരിക്കും. പ്രായമാകുമ്പോൾ വിട്ടു പോകുകയും ചെയ്യും. കുറ്റം പറയാനും പറ്റില്ല. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹര സമയങ്ങളാണ് അവരുടെ ബാല്യകാലം. അത് കവർന്നെടുത്തവരോട് ക്ഷമിക്കാൻ പറ്റിയെന്നു വരില്ല. നാട്ടിലെ ഡിവോഴ്സ് കൂടിയത് കൂടുതൽ ആളുകൾ സ്വയം പര്യാപ്തമായത് കൊണ്ടാണ്. അതുപോലെയുള്ള ഒരു പ്രതിഭാസമാണ്, മക്കൾ മാതാപിതാക്കളെ ഒഴിയുന്നത്. Disowning parents എന്ന് പറയും. അതുകൊണ്ടാണ് ഹോസ്പിസുകളിൽ ആരുമില്ലാതെ മരിക്കുന്നതൊക്കെ കൂടി വരുന്നതും.അപ്പോൾ പോയിന്റിതാണ്. ഇന്നത്തെകാലത്തു കുട്ടികൾ വേണ്ട എന്ന് വിചാരിക്കുന്നവർ, അവരുടെ പക്ഷം ആണ് കൂടുതൽ ശരി.