ഇത്രെയുമധികം ജനങ്ങൾ ഇവരുടെ പച്ച കള്ളങ്ങളെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുന്നു !

709

Manoj K. John എഴുതുന്നു

ഇതൊക്കെ എല്ലാവർക്കും തിരിച്ചറിയാൻ പറ്റുന്നതാണെന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌, ഇത്രെയുമധികം ജനങ്ങൾ, ഈ കണ്ട പച്ച കള്ളങ്ങളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നത് കാണുന്നത്.

ബി.ജെ.പി. ഇന്ത്യയിൽ ശക്തമാവാൻ ഒരേ ഒരു കാരണമേയുള്ളു. ഐഡന്റിറ്റി പൊളിറ്റിക്സ്. ഒരു രാഷ്ട്രീയ പാർട്ടിക്കു മൈലേജ് ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം. എന്ന് പറഞ്ഞാൽ ‘ഞങ്ങൾ vs നിങ്ങൾ’ എന്നൊരു മെന്റാലിറ്റി ഉണ്ടാക്കിയെടുക്കുക. ഒരു കൂട്ടം ജനങ്ങൾ അക്രമിക്കപ്പെടുകയാണെന്നു തോന്നിപ്പിക്കുക. അവരുടെ സംസ്കാരവും, പൈതൃകവും, ദേശവും, മതവും എല്ലാം ഭീഷണിയിലാണെന്നു പറഞ്ഞു ബോധിപ്പിക്കുക.

തെളിവിനായി എന്തെങ്കിലും പ്രത്യക്ഷമായി, റ്റാൻജിബിൾ ആയി കൊടുത്താൽ പണി പിന്നെയും എളുപ്പമായി. ഇതിനു വേണ്ടി ഒരു വരദാനം പോലെ കിട്ടിയതാണ് ബാബ്‌റി മസ്ജിദ്. അവരിത് നല്ലവണ്ണം തന്നെ ഉപയോഗിക്കുകയും ചെയ്തു.

Manoj K. John
Manoj K. John

പഠിക്കുമ്പോൾ സ്‌കൂളിനടുത്തു എം.സി. റോഡിലൂടെ മുരളീ മനോഹർ ജോഷിയുടെ ‘ഏകതാ യാത്ര’ പോയത് ഞങ്ങൾ പിള്ളേരെല്ലാം കൂടെ കാണാൻ പോയിരുന്നു. ഇവരിതെന്താണ്, എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അന്ന് ഒരു പിടിയുമില്ലായിരുന്നു. ജമന്തി പൂക്കൾ കൊണ്ട് ഫുൾ അലങ്കരിച്ച ടൊയോട്ടാ വാനിൽ, വെളുത്തു ചുവന്ന ജോഷിയും മക്കളും മരുമക്കളുമെല്ലാം കുടുംബ സമേതം. കരിക്കം സദാനന്ദപുരം ഒരു ചെറിയ ജംഗ്‌ഷനാണ്. പത്തിരുനൂറ്‌ പേര് കൂടിയിട്ടുണ്ടായിരുനെന്നാണ് ഓർമ. വണ്ടി നിർത്തി ജോഷി ഹിന്ദിയിൽ എന്തൊക്കെയോ രണ്ടു മിനിട്ടു പ്രസംഗിച്ചു. ജോഷിയുടെ ചെറുമകൾ ആയിരുന്നിരിക്കണം ഒരു കൊച്ചു സുന്ദരി ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന അതെ പോലെ തന്നെ വെളുത്തു തുടുത്ത ഒരുത്തനെ ചിരിച്ചു കാണിച്ചപ്പോൾ ഇവരിനി ഇന്ത്യ മുഴുവൻ സ്നേഹം പ്രചരിപ്പിക്കുവാൻ ഇറങ്ങിയതാണോ എന്നാണ് തോന്നിയത്.

പറഞ്ഞു വന്നത്, കോൺഗ്രസ്സ് പാർട്ടിയെ എതിർത്ത് പല മഹാന്മാരും ഇതിനു മുൻപും വന്നിട്ടുണ്ട്. മൊറാർജി ദേശായിയും, ജയപ്രകാശ് നാരായണും എല്ലാം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനു വില കൊടുത്തിരുന്നതിനാൽ അവരൊന്നും സ്വത്വ രാഷ്ട്രീയം എന്ന ഈ എളുപ്പ പണിക്കു നിന്നിട്ടില്ല. നേരെയുള്ള മാർഗം ബുദ്ധിമുട്ടുമാണ്. കണ്ടില്ലേ, ജനതാദളിന്റെയും, AAP യുടെയും ഒക്കെ ഗതി.

ഒരു കാര്യം പറയാം. ബി.ജെ.പി. യെ ഇന്ത്യയിൽ നിന്ന് കെട്ടു കെട്ടിക്കാൻ ഒരു വഴിയുണ്ട്. രാമ ക്ഷേത്രം ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്തു തന്നെ നിർമ്മിക്കുക. അല്ലെങ്കിൽ മുസ്ലിങ്ങൾ തന്നെ അത് കെട്ടി കൊടുക്കുക. ഇത് നടന്നാൽ, എന്തിനാണെന്നറിയാതെ, യാതൊരു മാനുഷിക മൂല്യങ്ങളുടെ അടിത്തറയുമില്ലാത്ത ഈ പാർട്ടി ഒരു പത്തിരുപതു വർഷം കൊണ്ട് സ്വയം തീർന്നോളും. ഒരു സംശയവും വേണ്ട.

പക്ഷെ, അവർക്കും ഈ കാര്യം അറിയാമെന്നുള്ളതാണ് പ്രശ്നം. അതുകൊണ്ടു ഒരിക്കലും ആ അമ്പലം അവിടെ വരുവാൻ പോകുന്നില്ല. ബി.ജെ.പി. അതിനു സമ്മതിക്കില്ല.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം കൊടുക്കണം എന്ന് സുപ്രീം കോടതിയിൽ പെറ്റീഷൻ കൊടുത്തത് ബി.ജെ.പി.യുടെ തന്നെ ‘പ്രേരണ കുമാരി’ യായതു ആകസ്മികമാണെന്നു കരുതരുത്. ഇതൊന്നും ഒരു കണക്കു കൂട്ടലുകളും ഇല്ലാതെ സംഭവിക്കില്ല. കേരളത്തിൽ ബി.ജെ.പി. യുടെ സ്വത്വ രാഷ്ട്രീയത്തിന്റെ വിത്തായിരുന്നു ശബരിമല. മോഡി രണ്ടു ദിവസം മുൻപും വന്നെന്താണ് പറഞ്ഞത്? ഹിന്ദുക്കൾ കേരളത്തിൽ അക്രമിക്കപെടുകയാണെന്നു. നമ്മൾ, ഹിന്ദുക്കളുടെ, സോമാലിയാക്കാരുടെ, സംസ്കാരം എല്ലാം അപകടത്തിലാണെന്ന്. ഇതുകൊണ്ടു തന്നെയാണ് ശബരിമല ബി.ജെ.പി.യുടെ ഗോൾഡൻ ഓപ്പർച്യുണിറ്റിയാകുന്നത്. അവരതു എന്തു മാത്രം വിജയിച്ചെന്നു കണ്ടു തന്നെയറിയണം.

കേരളത്തിൽ, സ്വന്തം വികാരം വ്രണപ്പെടാൻ ‘സ്വയം’ തീരുമാനമെടുത്ത നിഷ്കളങ്കർ ഈ കുടില രാഷ്ട്രീയത്തിന്റെ ഇരകളും.

Advertisements