ദുർബലർക്കും സാധുക്കൾക്കും കുട്ടികൾക്കുമൊക്കെ വേസ്റ്റ് ഭക്ഷണം പൊതിഞ്ഞു കെട്ടി കൊണ്ട് കൊടുത്ത് ആഘോഷിക്കുന്നത് അപമര്യാദയാണ്

299

എഴുതിയത് : Manoj. K John

കുഞ്ഞിന്റെ ഒന്നാമത്തെ ബർത്ത്ഡേ കാര്യമായിട്ടാണ് ഇപ്പോൾ മിക്കവരും ആഘോഷിക്കുന്നത്. ചിലർ ഒരു നൂറു പേരെയൊക്കെ വിളിച്ചു ചെറിയൊരു കല്ല്യാണത്തിന്റെ ബഹളമാണ്.

ഇങ്ങനെ നാട്ടിൽ പോയി കുഞ്ഞിന്റെ ആദ്യ ബർത്ത്ഡേ ആഘോഷിക്കാൻ തീരുമാനിച്ച ഒരു കുടുംബം, ആഘോഷം, കുട്ടികൾക്കുള്ള അനാഥമന്ദിരത്തിലാക്കുവാൻ തീരുമാനിക്കുന്നു. നല്ല മനുഷ്യർ.

അനാഥകുട്ടികളുടെ ഇടയിൽ വച്ച് കേക്ക് മുറിക്കുന്നതും, അവർക്കു സദ്യ കൊടുക്കുന്നതിന്റെയുമൊക്കെ ഫോട്ടോസ് കണ്ടിട്ടില്ലേ? അത് പോലെ.

ഏതായാലും സംഗതി നടന്നില്ല. ചോദിച്ചപ്പോൾ പറഞ്ഞത്, മദർ സുപ്പീരിയർ ഇങ്ങനെയുള്ള ഫങ്ക്ഷനു അനുമതി കൊടുക്കുന്നത് നിർത്തിയെന്നു.
ആ ചിലവിന്റെ പൈസ ഡൊണേഷൻ ആയി സ്വീകരിക്കുമത്രേ.

അവർക്കു കൂടുതൽ കാരണമൊന്നും അറിയുകയുമില്ല.

കുറച്ചു നാൾ മുൻപ് വിസിറ്റിങ്ങിനു വന്നതാണ് അപ്പാപ്പൻ. പിറ്റേന്നു സിറ്റി കാണാൻ ഇറങ്ങിയപ്പോൾ ഒരു ഹോം-ലെസ്സ് സായിപ്പ് റോഡിന്റെ സൈഡിൽ ഇരുന്നു ആളുകളോട് ചില്ലറ ചോദിക്കുന്നു. അപ്പാപ്പൻ ആദ്യമായാണ് ഒരു സായിപ്പിനെ യാചിക്കുന്ന അവസ്ഥയിൽ കാണുന്നത്. ഉടനെ തന്നെ കയ്യിലിരുന്ന ഫോണിൽ സായിപ്പിന്റെ ഫോട്ടോയെടുക്കാൻ തുടങ്ങി.

ഇത് കാണേണ്ട താമസം സായിപ്പ് ചാടിയെണീറ്റു അപ്പാപ്പന് സ്പോട്ടിൽ കൊടുത്തു, നാല് തെറി. സംഭവം വശപിശകാണെന്ന് തോന്നിയെങ്കിലും, അപ്പാപ്പന് താൻ ചെയ്ത തെറ്റെന്താണെന്നു ശരിക്കു മനസ്സിലായുമില്ല.

ഇതിപ്പം പറയാൻ കാര്യം, ദുർബലരും, സാധുക്കളും, കുട്ടികൾക്കുമൊക്കെ ബാക്കി വേസ്റ്റ് വരുന്ന ഭക്ഷണം പൊതിഞ്ഞു കെട്ടി കൊണ്ട് കൊടുക്കുന്ന പരസ്യങ്ങൾ അപമര്യാദയാണ്, ഇൻസൾട്ടാണ്, അത് മനസ്സിലാവാതെ പോകുന്നത് വലിയ കഷ്ടവുമാണ്.

Advertisements