ജാതികൊണ്ടല്ല, കർമ്മം കൊണ്ടാണ് ബ്രാഹ്മണൻ ആകുന്നതെന്നു വലിയ വായിൽ പറയും, ദളിതൻ വേദം പഠിച്ചു വന്നാൽ പൂജിക്കാൻ അനുവദിക്കുകയുമില്ല

273

Manoj Kumar Manu

ബ്രാഹ്മണ്യത്തിനെതിരായ വിമർശനങ്ങളെ “അത് ജാതി അല്ലെന്നും ബ്രാഹ്മണ്യം കര്‍മം കൊണ്ടു നേടുന്നതാണെന്നും” ഉള്ള വാദമുയർത്തിയാണ് സംഘപരിവാർ ശക്തികൾ എക്കാലവും പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ടത്. അതേസമയം തന്നെ വേദം പഠിച്ച് ഒരു അവർണനെ പൂജാരിയായി അംഗീകരിക്കാൻ തയ്യാറാകുന്നുമില്ല.ഒരുവശത്ത് നായാടികൾ മുതൽ നമ്പൂതിരി വരെയുള്ളവരുടെ / ഹൈന്ദവ ഐക്യത്തെക്കുറിച്ച് വാചാലരാവുമ്പോഴും ജ്ഞാനാന്വേഷണവും മറ്റ് ബൗദ്ധിക വ്യായാമങ്ങളും ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണെന്നും ബ്രാഹ്മണനുള്ള അച്ചടക്കത്തോടുകൂടിയ പാദസേവയാണ് ശൂദ്രന്റെയും അവര്‍ണന്റെയും “സ്വധര്‍മ”മെന്നുമുള്ള ഇന്‍ഡ്യന്‍ ജാതി വ്യവസ്ഥിതിയുടെ അടിസ്ഥാനവാദമാണ് അവർ ഇപ്പോഴും നടപ്പിലാക്കുന്നത്.

ബ്രാഹ്മണ്യത്തിന് പുറത്തുള്ളവർ പൂജാരിയാകേണ്ടെന്നും ആയാൽ ക്ഷേത്രഭൂമി സംഘര്‍ഷഭൂമിയാകുമെന്നുമുള്ള ഭീഷണിയാണ് ആര്‍ എസ് എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീദേവി വിലാസം ഹിന്ദു മത കണ്‍വെന്‍ഷന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്.
ആ സവർണ – ബ്രാഹ്മണ്യത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ചേരാനെല്ലൂർ ക്ഷേത്രത്തിലെ വിനിൽ ദാസ്. അന്നും ഇന്നും ദലിതര്‍ കൊയ്തു മെതിച്ചു കൊണ്ടു വരുന്ന അരി കൊണ്ടു നിവേദ്യം വെക്കാം, അവന്റെ സമ്പത്ത് കാണിക്കയായി സ്വീകരിക്കാം. പക്ഷേ, ശ്രീകോവിലില്‍ കയറി പൂജ ചെയ്യാന്‍ പാടില്ല. ഹിന്ദുക്കളെല്ലാം ഹിന്ദുവല്ല എന്നതാണ് സംഘപരിവാർ ഉയർത്തുന്ന ആശയം അത് തിരിച്ചറിയാതെ പോകുന്നതാണ് ഈ നാടിന്റെ ശാപം.