കൊറോണക്കാലത്ത് രാമായണമല്ല ആവശ്യം

54

Manoj Kumar Manu

ഫാസിസത്തിന് മുന്നിൽ എല്ലാം സാധ്യതകളാണ്. അത് ആപത്തായാലും അതിനെ അവസരമാക്കാൻ അവർ ശ്രമിക്കും. കാരണം അവർക്ക് പ്രത്യയ ശാസ്ത്ര ബോധമോ മാനുഷിക പരിഗണനകളോ ഇല്ല. അത് കൊണ്ട് തന്നെ ഏത് ആപത് സാഹചര്യങ്ങളും അവർക്ക് സുവർണ്ണാവസരങ്ങളാണ് കൊറോണ വൈറസ് മൂലം ജനങ്ങൾ മരിക്കുന്നതോ, ആരോഗ്യപ്രവർത്തകർക്ക് ആവശ്യസാധനങ്ങളില്ലാത്തതോ, പെട്രോൾ വിലയിലോ ഒന്നുമല്ല കേന്ദ്രത്തിന്റെ അടിയന്തിര ശ്രദ്ധ. പകരം ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യക്കാരന്റെ വിശ്രമജീവിതം ആനന്ദകരമാക്കാനെന്ന പേരിൽ രാമായണസീരിയൽ എന്ന ഹിന്ദുത്വ രാഷ്ട്രീയ ആയുധത്തെ സമൂഹത്തിലേക്ക് ഇറക്കിവിടുന്നതിലാണ്. ബാബരി മസ്ജിദ് തകർക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച രാമന്‍ ജനിച്ചത് അയോധ്യയിൽ ബാബരി പള്ളി നിലനിന്ന സ്ഥലത്താണെന്ന സംഘപരിവാർ അജണ്ടയ്ക്ക് മൈലേജ് ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സീരിയലാണ് രാമായണം. അതാണ് ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനെന്ന പേരിൽ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നത്. വീണ്ടും അതേ ഹിന്ദുത്വ അജണ്ടയാണ് നടപ്പിലാകുന്നത്. ലോക്ക് ഡൗണിലിരിക്കുന്ന ഇന്ത്യൻ ജനതയെ തീവ്രഹിന്ദുത്വത്തിലേക്ക് കൈപിടിച്ച് നടത്താൻ കൃത്യമായി ആസൂത്രണം ചെയ്ത് ഭരണതലത്തിൽ നടപ്പിലാകുകയാണ് ബിജെപി.കൊറോണ കാലം അപകടകരമായ ഒരു സാമൂഹ്യ മാറ്റത്തിന്റെ കാലം കൂടിയാണ്.

Advertisements