ബിച്ചു തിരുമല വാർഷിക സ്മൃതി
Manoj Menon
അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല. മലയാള സിനിമയുടെയും മലയാളി സമൂഹത്തിന്റെയും മാറ്റങ്ങൾക്കൊപ്പം അദ്ദേഹവും മാറി കൊണ്ടിരുന്നു. 1975ലെ വയലാറിന്റെ ആകസ്മിക മരണത്തിനു ശേഷം മലയാള സിനിമ ഗാന രചന രംഗത്തേക്ക് സ്ഥാനമുറപ്പിക്കാൻ കടന്നു വന്ന ഒരു കൂട്ടം ഗാനരചയിതാക്കൾക്ക് ഒപ്പം തന്നെയാണ് ബിച്ചു തിരുമലയേയും എഴുതിചേർക്കേണ്ടത്. സമകാലികരായി വന്ന പലരും ഒന്നോ രണ്ടോ മൂന്നോ സിനിമകളിൽ ഒതുങ്ങി. ചിലർ കുറച്ചു കാലം കൂടെ വാണു. എഴുപതുകളുടെ അർദ്ധകാലം മുതൽ രണ്ടായിരത്തിന്റെ ഒടുക്കം വരെ ഏതാണ്ട് മുപ്പതിൽ കൂടുതൽ വർഷങ്ങൾ മലയാള സിനിമയുടെ മാറ്റങ്ങളുടെ, ചരിത്രത്തിന്റെ ഭാഗധേയം നിർണ്ണയിച്ച് ബിച്ചു തിരുമല എന്ന ഗാനരചയിതാവ് ഉണ്ടായിരുന്നു.
ദേവരാജനും ബാബുരാജും മുതൽ വിദ്യാസാഗറും അലക്സ് പോളും വരെ നീണ്ടു നിൽക്കുന്ന ഗാന പങ്കാളിത്തം ബിച്ചു തിരുമലക്ക് സാധ്യമായത് മേൽ പറഞ്ഞ പുതുക്കി പണിയലു കൊണ്ടാണ്. തുടക്കത്തിൽ പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ഓ എൻ വി, യൂസഫലി കേച്ചേരി എൺപതുകളിൽ കാവാലം, ചുനക്കര, പൂവച്ചൽ, ഭരണികാവ് തൊണ്ണൂറുകളിൽ ഷിബു ചക്രവർത്തി, കൈതപ്രം, പുത്തഞ്ചേരി, എസ് രമേശൻ നായർ കാലഘട്ടങ്ങളിലൂടെ തോളോട് തോൾ ചേർന്നു ബിച്ചു തിരുമല മലയാള ഗാന ശാഖയെ സമ്പന്നമാക്കി.
ദേവരാജൻ മാസ്റ്ററുടെ കൂടെ ‘ യാമശംഖൊലി വാനിലുണർന്നു ‘ എന്ന ഗാനം നോക്കുക അത് ‘സരസ്വതിയാമം കഴിഞ്ഞു ‘എന്ന ഗാനത്തിന്റെ തുടർച്ചയായി നമ്മുക്ക് അനുഭവപ്പെടാം എന്നാൽ അതേ ഗാനരചയിതാവ് സമാനമായൊരു സാഹചര്യത്തിൽ ‘പ്രഭാതം പൂമരക്കൊമ്പിൽ തൂവൽ കുടഞ്ഞു എന്ന പുതുമയുള്ള കവിതയിലേക്ക് വഴിമാറുന്നത് കാണാം. മറ്റൊരു രചനയിൽ ‘പുഴയൊരു പൂണൂലായ് മലകളെ തഴുകുമ്പോൾ
ഉപനയനം ചെയ്യും
ഉഷസ്സിന് കൗമാരം ‘
എന്ന മനോഹരമായ കാവ്യചിത്രം അദ്ദേഹം വരച്ചിടുന്നു.
എഴുപതുകളുടെ രണ്ടാം പകുതി തുടങ്ങുന്നത് മലയാള സിനിമാ ഗാനങ്ങളുടെ പരിണാമങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് .അത് സംഭവിക്കുന്നത് കെ ജെ ജോയ്, എ ടി ഉമ്മർ, ശ്യാം എന്നീ മൂന്ന് സംഗീത സംവിധായകരിലൂടെയും ആയിരുന്നു. എൻ സ്വരം പൂവിടും ഗാനമേ, ആയിരം മാതള പൂക്കൾ, ഒരേ ഗാന പല്ലവി നമ്മൾ, സ്വർണ്ണ മീനിന്റെ ചേലോത്ത പെണ്ണല്ലേ, എവിടെയോ കളഞ്ഞു പോയ കൗമാരം (കെ ജെ ജോയ് ) വാകപ്പൂമരം ചൂടും, നീലജലാശയത്തിൽ, ശിശിരമാസ സന്ധ്യയിലെ കുളിരല പോലെ, നീലനിലവൊരു തോണി, പ്രഭാതം പൂമരക്കൊമ്പിൽ, കാറ്റ് താരാട്ടും, ഒരു മയിൽ പീലിയായ് ഞാൻ ജനിച്ചു വെങ്കിൽ, പിരിയുന്ന കൈവഴികൾ (എ ടി ഉമ്മർ ).മൈനാകം കടലിൽ നിന്നുയരുന്നുവോ, ശ്രുതിയിൽ നിന്നുയരും, കണ്ണന്തളിയും, കസ്തൂരിമാൻ കുരുന്നേ, ഒരു മധുരകിനാവിൻ, കണ്ണും കണ്ണും, പാവാട വേണം, ഓളങ്ങൾ താളം തല്ലുമ്പോൾ,ഏതോ ജന്മ ബന്ധം (ശ്യാം)
ഗാനരചനയിൽ ബിച്ചു തിരുമല വെട്ടി തെളിയിച്ച സമാനതകൾ ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ചവരാണ് പിൻതുടർച്ചകളായി പല കാലങ്ങളിൽ ഗാനരചനാ രംഗത്ത് നില നിന്ന എഴുത്തുകാരെല്ലാം തന്നെ. തീനാളങ്ങൾ ഏറ്റുവാങ്ങി കാലായവനികയ്ക്കുള്ളിൽ മറഞ്ഞത് മലയാള ഗാന ചരിത്രത്തിൽ കാലം സുവർണ്ണ ലിപികളാൽ അടയാളപ്പെടുത്തിയ ചരിത്ര പുരുഷനാണ്.