ടി പി സെന്‍കുമാറിനെപ്പോലെയാണ് നമ്മുടെ ചില മാധ്യമങ്ങളും, അവസരം വരുമ്പോള്‍ അവരുടെ ഉള്ളിലെ വിഷവും പുറത്തു ചാടുന്നു

0
68

Manoj Pattat

അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും.അതുവരെ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നതിന് കടകവിരുദ്ധമായ ഒരു മുഖത്തെ കണ്ട് അവര്‍ ഞെട്ടും.നാറിപ്പുഴുത്തു അഴുകിയൊലിച്ചിറങ്ങുന്ന ഈ അധമനെയാണല്ലോ നാളിതുവരെ നാം പാടിപ്പുകഴ്ത്തിയതെന്നോര്‍ത്ത് അന്ന് അവര്‍ ലജ്ജിക്കും. കേരളത്തിലെ ജനതയ്ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരുദാഹരണം പഴയ ഡി ജി പി സെന്‍കുമാറാണ്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന അയാളെ റിട്ടയര്‍മെന്റു സമയം വരെ ആരെല്ലാമാണ് പിന്തുണച്ച് എന്നു നോക്കുക. അയാള്‍ ലോകത്തെ സമര്‍ത്ഥമായി അക്കാലങ്ങളില്‍ പറ്റിച്ചു. തന്റെ യഥാര്‍ത്ഥ മുഖം മറച്ചു വെച്ചുകൊണ്ട് മറ്റൊരാളായി ജീവിച്ചു. ഇപ്പോള്‍ അയാള്‍ എന്താണെന്ന് നമുക്ക് മനസ്സിലാകുന്നു. ഇത്രയും നീചനായ ഒരുവനെയാണല്ലോ നാം പോലീസ് മേധാവിയായി അംഗീകരിച്ചാദരിച്ചതെന്നോര്‍ത്ത് തലയ്ക്കടിക്കുന്നു.

ടി പി സെന്‍കുമാറിനെപ്പോലെയാണ് നമ്മുടെ ചില മാധ്യമങ്ങളും. അവസരം വരുമ്പോള്‍ അവരുടെ ഉള്ളിലെ വിഷവും പുറത്തു ചാടുന്നു. നികൃഷ്ടതയുടെ പരകോടിയില്‍ പുലര്‍ന്നു പോകുന്ന ഈ അല്പന്മാരെയാണല്ലോ ജനാധിപത്യത്തിലെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്നതെന്ന് നാം അപ്പോള്‍ അത്ഭുതപ്പെട്ടുപോകും. ടി പി സെന്‍കുമാറെന്ന വ്യക്തിയില്‍ നിന്ന് അത്തരമൊരു മാനസികാവസ്ഥ ഒരു സ്ഥാപനത്തിലേക്ക് എത്തിച്ചേരുമ്പോള്‍ കഥ കുറച്ചു കൂടി തീക്ഷ്ണമാകുന്നു.മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഒരു സമൂഹത്തില്‍ തെറ്റിദ്ധാരണകളുണ്ടാക്കുവാനും മനുഷ്യരെ പരസ്പരം വിഭജിക്കുവാനും കൂടുതല്‍ സഹായകമാകും. അത്തരത്തിലുള്ള അതിനീചമായ ഒരു പ്രയോഗമാണ് തബ്‌ലീഗ് കൊവീഡ് എന്നത്.

മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവീഡ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം വൈറസിന്റെ ഒരു ഹോട്ട് സ്പോട്ടായി ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ മാറി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തവര്‍ നിരീക്ഷണത്തിലായി.എന്നാല്‍ രാജ്യത്ത് നിസ്സാമുദ്ദീന്‍ മാത്രമായല്ല ഇത്തരത്തില്‍ അതിപ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ഡല്‍ഹിയില്‍ത്തന്നെ രണ്ടു സ്ഥലങ്ങള്‍ ഹോട്ട് സ്പോട്ടായി. രാജസ്ഥാന്‍ , ഉത്തര്‍പ്രദേശ് , മഹാരാഷ്ട്ര , ഗുജറാത്ത് , കേരളം എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലായി പത്തോളം പ്രദേശങ്ങള്‍ അതീവ ജാഗ്രത വേണ്ട ഇടങ്ങളായി കണക്കാക്കപ്പെട്ടു. അവയില്‍ ഒന്നു മാത്രമായ നിസ്സാമൂദ്ദീന് എന്തുകൊണ്ട് കൂടുതല്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരമായി വര്‍ഗ്ഗീയവും മതാത്മകവുമായ ചില താല്പര്യങ്ങളെ നമുക്ക് കണ്ടെത്താനാകും. ഇന്ത്യയില്‍ നിലവിലിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിം വിരുദ്ധ ആശയ പ്രചാരകര്‍ക്കാണ് നിസ്സാമുദ്ദീന്‍ വിളനിലമാകുന്നത്.