ഇറ്റാലിയൻ നാവികരുടെ വിഷയത്തിൽ മോദി കോൺഗ്രസിനെ വെല്ലുവിളിച്ചിട്ടു ഭരണത്തിലേറിയപ്പോൾ ചെയ്തത് എന്താണ് ?

161

മനോജ് പട്ടേട്ട്

എട്ടുകൊല്ലം മുമ്പ് എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ കേരളത്തിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അന്താരാഷ്ട്ര കോടതി വിധി പറഞ്ഞ വിധിയെക്കുറിച്ചാണ്. കപ്പല്‍ കൊള്ളക്കാരാണെന്ന് സംശയിച്ചാണ് വെടിവെച്ചതെന്നാണ് പ്രതികളുടെ വാദം.എന്നാല്‍ ആ വാദത്തില്‍ കഴമ്പില്ലെന്നും യാതൊരു പ്രകോപവുമില്ലാതെ തൊഴിലാളികളുടെ നേരെ വെടിവെയ്ക്കുകയായിരുന്നുവെന്നതുമാണ് വസ്തുത. കേസില്‍ തങ്ങളുടെ നാവികര്‍ക്കു വേണ്ടി ഇറ്റലി അതിശക്തമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ അന്ന് കേന്ദ്രവും കേരളവും ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ തങ്ങളുടെ നാവികരെ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമുള്ള പരമാധികാരം തങ്ങള്‍ക്കാണെന്ന ഇറ്റലിയുടെ നിലപാടിനെ ഹേഗിലെ അന്താരാഷ്ട്ര കോടതി അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും അത് നല്കാന്‍ ഇറ്റലി തയ്യാറാകണമെന്നും കോടതി വിധിച്ചു.കൂടുതല്‍ തര്‍ക്കങ്ങളുണ്ടാകുകയാണെങ്കില്‍ കോടതിയെ ഇനിയും സമീപിക്കാവുന്നതാണെന്നും വിധിയിലുണ്ട്
.
തുടക്കം മുതലേ ഏറെ വിവാദമുണ്ടാക്കിയ പ്രസ്തുത കേസില്‍ ഇന്ത്യക്ക് പലപ്പോഴും വീഴ്ചപറ്റിയിരുന്നു. സോണിയ ഗാന്ധിക്ക് ഇറ്റലിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കോണ്‍‌ഗ്രസ് അവരെ രക്ഷപ്പെടാന്‍ അനുവദിക്കുമെന്ന ആരോപണം ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അന്ന് ഉന്നയിക്കുകയും ചെയ്തിരുന്നു. “യുപിഎ സർക്കാരിന്റെ നയത്തെ ഏറ്റവും ശക്തമായി ചോദ്യംചെയ്‌ത നേതാവായിരുന്നു മോഡി. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ 2013 മാർച്ച്‌ 13 ന്‌ അദ്ദേഹം ഉന്നയിച്ച ചോദ്യം ഇറ്റാലിയൻ നാവികരെ രാജ്യത്തേക്ക്‌ തിരിച്ചുകൊണ്ടുവരാൻ എന്തു നടപടിയാണ്‌ യുപിഎ സർക്കാർ സ്വീകരിക്കുന്നത്‌ എന്നായിരുന്നു. 2014 ലെ ലോക്‌‌സഭാ തെരഞ്ഞെടുപ്പുവേളയിൽ മോഡി യുപിഎ ചെയർപേഴ്‌സൺ സോണിയ ഗാന്ധിയോട്‌ ‌ ചോദിച്ചത്‌ ‘മാഡം വലിയ രാജ്യസ്‌നേഹിയാണെങ്കിൽ ഏത്‌ ജയിലിലാണ്‌ ഇറ്റാലിയൻ നാവികരെ ഇടാൻ പോകുന്ന’തെന്നാണ്‌.” മാത്രവുമല്ല കൊലയാളികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്ന കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിനുള്ള തന്റേടം കോണ്‍‌ഗ്രസ് സര്‍ക്കാര്‍ കാണിക്കണമെന്നും മോഡി പലതവണയായി ആവശ്യപ്പെട്ടതാണ്.

2014 ല്‍ മോഡി പ്രധാനമന്ത്രിയായി. പറഞ്ഞ വാക്കുകളെല്ലാം വിഴുങ്ങി നാവികരെ എന്നന്നേക്കുമായി ഇന്ത്യയില്‍ നിന്നും പോകാന്‍ അനുവദിച്ചത് മോഡിയുടെ സര്‍ക്കാറാണ്. പറച്ചിലൊന്നും പ്രവര്‍ത്തി മറ്റൊന്നും എന്നതിന് മറ്റൊരുദാഹരണമാണ് മോഡിയുടെ ഈ നടപടിയെന്ന് വ്യക്തം. “ അഗസ്ത വെസ്റ്റ്‌ ലാൻഡ്‌ ഹെലികോപ്‌റ്റർ ഇടപാടിൽ സോണിയ ഗാന്ധിയുടെ പങ്കിനെക്കുറിച്ച്‌ വിവരം നൽകിയാൽ ഇറ്റാലിയൻ നാവികരെ മോചിപ്പിക്കാമെന്ന്‌ മോഡി ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസിയോട്‌ പറഞ്ഞതായി ബ്രിട്ടീഷ്‌ ആയുധ ഇടപാടുകാരൻ ക്രിസ്‌ത്യൻ മൈക്കിൾ വെളിപ്പെടുത്തുകയുണ്ടായി.” എന്ന കാര്യം കൂടി ദേശാഭിമാനി ഓര്‍‌മ്മപ്പെടുത്തുന്നു.മാധ്യസ്ഥ ശ്രമത്തിലൂടെ നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുനിയുന്നത്.ഇന്ത്യയുടെ പൌരന്മാരുടെ ജീവനെ എത്ര നിസ്സാരമായിട്ടാണ് അധികാരികള്‍ കണക്കിലെടുക്കുന്നത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണിത്. നമ്മുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ നടപടിയെന്ന് ദേശാഭിമാനി കൂട്ടിച്ചേര്‍ക്കുന്നു.ഇരുപതു സൈനികരുടെ ജീവനു തുല്യമാണ് അമ്പത്തെട്ട് ആപ്പുകള്‍ എന്നു നിശ്ചയിച്ച ഒരു ഭരണാധികാരിയില്‍ നിന്നും നാം വേറെന്താണ് പ്രതീക്ഷിക്കുക ?