അമേരിക്കയുടെ ഞെരുക്കലുകള്‍ അനുഭവിച്ചിട്ടും മനുഷ്യ വിഭവവികസനശേഷിയില്‍ ക്യൂബ എഴുപത്തിരണ്ടാം സ്ഥാനത്താണ്

46

Manoj Pattat

പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്.അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ കൊറോണയില്‍ പകച്ച് ചികിത്സക്കുവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെ നല്കി സഹായിക്കുവാന്‍ ക്യൂബയ്ക്ക് കഴിഞ്ഞത്.

ക്യൂബ ആരോഗ്യരംഗത്ത് കൈക്കലാക്കിയ ഈ നേട്ടം 1959 ല്‍ ജനകീയ വിപ്ലവം നടന്നതിനു ശേഷം , തങ്ങളുടെ പൌരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ച് നിതാന്ത ജാഗ്രതയോടെ നടത്തിയ ഇടപെടലുകളുടെ ഫലമാണ്. അമേരിക്കയുടെ മുതലാളിത്തസമീപനങ്ങള്‍ക്ക് നിരന്തരം തലവേദനയുണ്ടാക്കിയാണ് ക്യൂബ നാളിതുവരെ നമ്മുടെ ശ്രദ്ധ നേടിയെടുത്തത്. അമേരിക്കയുടെ ഞെരുക്കലുകള്‍ എല്ലാ ദിശകളില്‍ നിന്നും അനുഭവിച്ചിട്ടും ( വിവരങ്ങള്‍ William Blum ന്റെ Rogue State ല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് ) ആ രാജ്യം മനുഷ്യ വിഭവ വികസന ശേഷിയുടെ കാര്യത്തില്‍ എഴുപത്തിരണ്ടാം സ്ഥാനത്താണ്. ഇന്ത്യ 122 ആം സ്ഥാനത്താണ് എന്നതു കൂടി കൂട്ടിവായിക്കുക.

Watch: Cuban doctors arrive in Italy to fight coronavirus, get a ...ക്യൂബ കൈവരിച്ച ഈ നേട്ടം ഹ്രസ്വമായ ഒരു കാലഘട്ടം കൊണ്ടുണ്ടായതല്ല. വിപ്ലവാനന്തര സമൂഹത്തിന്റെ നിര്‍മ്മിതി ഏതൊക്കെ മൂല്യങ്ങളിലായിരിക്കണം എന്നു ചിന്തിച്ച ഒരു നേതൃത്വത്തിന്റെ ആര്‍ജ്ജവമുളള്ള ഇടപെടലുകള്‍ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു അവബോധമായി ,ജാഗ്രതയായി ക്യൂബന്‍ ജനത പ്രവര്‍ത്തിച്ചുവെന്നു വേണം മനസ്സിലാക്കാന്‍. ഞങ്ങള്‍ അണ്വായുധങ്ങളല്ല , മനുഷ്യരെ സംരക്ഷിച്ചു പിടിക്കുന്ന ഡോക്ടര്‍മാരെയാണ് സൃഷ്ടിക്കുന്നതെന്ന് തലയുയര്‍ത്തി നിന്ന് ലോകത്തോട് പ്രഖ്യാപിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വത്തെയായിരുന്നു ക്യൂബയ്ക്ക് ലഭിച്ചത് എന്നതില്‍ അഭിമാനിക്കേണ്ടതുണ്ട്.

ഈ ശ്രമം , ആരോഗ്യത്തേയും വൈദ്യശാസ്ത്രത്തേയും പ്രാധാന്യത്തോടെ കാണുന്ന ഒരു കാഴ്ചപ്പാട് സമൂഹത്തിന്റെ പൊതുവായ ചിന്തയായി പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമം – വിപ്ലവത്തിനു പിന്നാലെ തന്നെ ക്യൂബന്‍ നേതൃത്വം സ്വീകരിച്ചിരുന്നതായി കാണാം. ഒരു ഡോക്ടര്‍ കൂടിയായ ചെഗുവേര അത്തരത്തിലൊരു നയം ക്യൂബയില്‍ നടപ്പിലാക്കിയെടുക്കാന്‍ ഗാഢമായി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം ക്യൂബയിലെ വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥികളോടും ആരോഗ്യപ്രവര്‍ത്തകരോടുമായി നടത്തിയ ഒരു പ്രസംഗം അത്തരമൊരു സമൂഹം രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നു.