പാവപ്പെട്ടവന്റെ ചോറില്‍ മണ്ണുവാരിയിടാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാളെയാണ് ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്നൊക്കെ വസ്തുതാ വിരുദ്ധമായി പാടിപ്പുകഴ്ത്തുന്നതെന്ന് നാം മറക്കരുത്

243

Manoj Pattat

കേശവാനന്ദ ഭാരതി – നാം മറക്കരുതാത്ത ചില കാര്യങ്ങള്‍ .

കേശവാനന്ദ ഭാരതിയുടെ മരണത്തെത്തുടര്‍ന്ന് നമ്മുടെ ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച കഥകള്‍ രസമുള്ളവയാണ്. ഭരണഘടനയുടെ സംരക്ഷകന്‍ എന്നൊക്കെയാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ” മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തില്‍ കൈകടത്താന്‍ ഭരണകൂടം നടത്തിയ ശ്രമം പരമോന്നത കോടതിയില്‍ ചെറുത്തുതോല്‍പ്പിച്ചത് സ്വാമിജിയാണ്.” എന്നതാണ് മാധ്യമങ്ങളുടെ എഴുത്തിന്റെ രീതി. മരിച്ചാല്‍ നല്ലതു പറയുക എന്നതൊരു ആചാരമായിരിക്കുന്ന കാലത്ത് ഇത്തരം ചരമക്കുറിപ്പുകളൊക്കെ സ്വാഭാവികമെന്നു തന്നെ കരുതാം. എന്നാല്‍ കേശവാനന്ദഭാരതി ആരായിരുന്നുവെന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ ഒരുത്തരം നാം അന്വേഷിക്കേണ്ടതുണ്ട്.

1959 ജൂണ്‍ പത്താം തീയതി ചരിത്രപ്രസിദ്ധമായ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതോടെ കേരളത്തിലെ ഭൂവിതരണക്രമത്തില്‍ സുപ്രധാനമായ മാറ്റമാണ് ഇ എം എസിന്റെ നേതൃത്വത്തിലൂള്ള ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയത്. അര്‍ഹതപ്പെട്ടവരിലേക്ക് ഭൂമിയെത്താതെ അവര്‍ വെറും കുടിയാന്മാരായി ജീവിത കാലം മുഴുവന്‍ ജന്മിയുടെ പറമ്പില്‍ അരിച്ചു ജീവിച്ചു കൊള്ളണം എന്ന ഉപരിവര്‍ഗ്ഗതാല്പര്യങ്ങള്‍ക്ക് അതോടെ അവസാനമായി. ഭൂപരിഷ്കരണ നിയമത്തിനു മുന്നോടിയായി ഒഴിപ്പിക്കല്‍ നിരോധന നിയമം കൂടി നടപ്പിലാക്കിയിരുന്നതുകൊണ്ട് ഏറെക്കുറെ ഒട്ടുമിക്ക കുടിയാന്മാര്‍ക്കും സ്വന്തമായി ഭൂമി ലഭിക്കുന്ന സാഹചര്യമുണ്ടായി. ആരാന്റെ മണ്ണില്‍ പണിയെടുത്ത് ജീവിതകാലം മുഴുവന്‍ തള്ളിനീക്കേണ്ടിയിരുന്ന പാവപ്പെട്ട കര്‍ഷകന് സ്വന്തമായി ഭൂമിയും ആകാശവുമുണ്ടായി. അവകാശങ്ങളുണ്ടായി. ജന്മിമാര്‍ക്കു മാത്രമല്ല ഈ ലോകം തങ്ങള്‍ക്കു കൂടി ജീവിക്കുവാനുള്ളതാണെന്ന ധാരണയുണ്ടായി. അതുവരെ കുനിഞ്ഞു മണ്ണില്‍ നോക്കി തലകുമ്പിട്ടു നടന്ന ഒര ജനവിഭാഗം ഭൂപരിഷ്കരണ നിയമം പാസാക്കപ്പെട്ടതോടെ തലയുയര്‍ത്തി കാലടികളുറപ്പിച്ച് മണ്ണില്‍ നടക്കാന്‍ തുടങ്ങി. പാവപ്പെട്ട ഭൂരഹിതനായ കുടിയാന്റെ കണ്ണുനീര്‍ തുടക്കാന്‍ സഹായിക്കുകയും കേരളത്തില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്ത ആ ബില്ലിനെതിരെയാണ് അന്ന് എടനീര്‍ മഠത്തിന്റെ അധിപനായിരുന്ന കേശവാനന്ദ ഭാരതി സുപ്രിംകോടതിയെ സമീപിച്ചത്.

ഭുപരിഷ്കരണ നിയമം നടപ്പിലായതോടെ എടനീര്‍ മഠത്തിന്റെ ഏകദേശം മൂന്നുറോളം ഏക്കര്‍ ഭൂമി സര്‍ക്കാറിലേക്ക് ചേര്‍‌ക്കപ്പെട്ടു. മഠത്തിന്റെ ഭൂമി നഷ്ടപ്പെട്ടതോടെ ഭുപരിഷ്കരണ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കേശവാനന്ദ ഭാരതി സുപ്രിം കോടതിയിലെത്തി. എന്നാല്‍ അദ്ദേഹം കേസ് ഏല്പിച്ചത് ഏറെ വിഖ്യാതനായ നാനി പാല്‍ക്കിവാലയെയാണ്. തുടര്‍ച്ചയായ ഭരണഘടനാ ലംഘനങ്ങളെ ചോദ്യം ചെയ്യാനുള്ള ഒരവസരമായി പാല്‍ക്കിവാല ഈ കേസിനെ കണ്ടു. അതോടെ കേസ് പരിപൂര്‍ണമായും അട്ടിമറിയ്ക്കപ്പെട്ടുവെന്നു തന്നെ പറയാം. കേശവാനന്ദ ഭാരതിയുടെ ആവശ്യം അപ്രസക്തമായി മാറുകയും പുതിയ ചില ആഴമുള്ള വിഷയങ്ങള്‍ അവയ്ക്കു പകരം ഉന്നയിക്കപ്പെടുകയും ചെയ്തു.

പാല്‍ക്കിവാല ഈ കേസിനെ ഒരു പുതിയ വിതാനത്തിലേക്ക് ആനയിച്ചു. സ്വത്ത് മൌലികാവകാശത്തില്‍ പെടുന്നതാണോയെന്ന ചോദ്യം ഉയര്‍ന്നു. ഭരണ ഘടനാ ഭേദഗതികളിലൂടെ പൌരന് അനുവദിച്ചിരിക്കുന്ന അവകാശങ്ങളില്‍ ഗവണ്‍മെന്റ് കൈകടത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ സ്വത്തവകാശത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന് ഇടപെടാമെങ്കിലും ഭരണഘടനയുടെ മറ്റ് അടിസ്ഥാന സ്വഭാവങ്ങളെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഒരു നിയമവും പാസ്സാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടായിരിക്കുകയില്ലെന്ന സുപ്രധാന വിധിയിലേക്ക് ഈ നിയമപോരാട്ടം വഴിവെച്ചു.13 ജഡ്ജിമാര്‍ 68 പ്രവര്‍ത്തി ദിവസങ്ങളില്‍ തുടര്‍ച്ചയായാണ് കേശവാനന്ദഭാരതി വേഴ്‌സസ്‌ സ്‌റ്റേറ്റ്‌ ഓഫ്‌ കേരള ” എന്ന് അറിയപ്പെടുന്ന ഈ കേസ് കേട്ടത്. കെട്ടുകണക്കിന് രേഖകളും പുസ്തകങ്ങളും പരിശോധിക്കപ്പെട്ടു. എഴുന്നൂറില്‍പ്പരം പേജുകളുള്ള വിധിപ്രസ്താവത്തില്‍ 6 ന് എതിരെ ഏഴു വോട്ടുകള്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളെ അട്ടിമറിക്കരുത് എന്ന സുപ്രധാനമായ തീര്‍പ്പ് സുപ്രിംകോടതി പുറപ്പെടുവിച്ചു.

നാനി പാല്‍ക്കിവാലയെ ഒരിക്കലും കേശവാനന്ദ ഭാരതി നേരിട്ടു കണ്ടിരുന്നില്ലെന്നതാണ് ഒരു കൌതുകം. സ്വാമി ഉന്നയിച്ച ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ അദ്ദേഹം പരാജയപ്പെടുകയും ഭൂപരിഷ്കരണ ബില്‍ നടപ്പിലാകുകയും ചെയ്തു. (തിരിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ എന്ന് വെറുതെയൊന്ന് ആലോചിച്ചുനോക്കുക) അവിടം കൊണ്ട് അവസാനിക്കുമായിരുന്ന ഒരു കേസിനെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു വിധിയിലേക്ക് എത്തിച്ചത് ഭരണഘടനയുടെ മര്‍മ്മം അറിയുന്ന നാനി പാല്‍ക്കിവാല ഒരു പക്ഷത്തുണ്ടായിരുന്നതുകൊണ്ടു മാത്രമാണ്. അതുകൊണ്ട്, പാവപ്പെട്ടവന്റെ ചോറില്‍ മണ്ണുവാരിയിടാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാളെയാണ് അനാവശ്യമായ ആലഭാരങ്ങള്‍ എഴുതിച്ചേര്‍ത്ത് മോടിപിടിപ്പിച്ച് ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്നൊക്കെ വസ്തുതാ വിരുദ്ധമായി പാടിപ്പുകഴ്ത്തുന്നതെന്ന് നാം മറക്കരുത്.