ഒരു സംസ്ഥാനത്തെ ഭരണം പിടിക്കാനുള്ള കോമാളിക്കളിക്ക് നിയമവിരുദ്ധമായി രാജ്യത്തെ മൂന്നു സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങള്‍ കൂട്ടുനിന്നുവെങ്കില്‍ അതൊരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്

0
920

Manoj Pattat

എന്തിനുവേണ്ടിയായിരുന്നു മഹാരാഷ്ട്രയുടെ കാര്യത്തില്‍ അമിത് ഷായും കൂട്ടരും ഇത്രയും അനാവശ്യമായ തിടുക്കം കാണിച്ച് ഗവര്‍ണറേയും രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും അവരുടെ സ്ഥാനങ്ങള്‍ക്കു യോജിക്കാത്ത വിധത്തില്‍ അര്‍ദ്ധരാത്രിയ്ക്കു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന ചോദ്യം പ്രസക്തമാണ്.അജിത് പവാറിന്റെ കൈയ്യില്‍ ഒപ്പിട്ടു കിട്ടിയ എന്‍ സി പി എല്‍ എ മാരുടെ കത്തുമാത്രമായിരുന്നു അത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എന്തായാലും മഹാരാഷ്ട്രയില്‍ ബി ജെ പി മുന്നണിയോ ശിവസേന മുന്നണിയോ അധികാരത്തില്‍ വന്നാലും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതായിരിക്കില്ലെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് അവിടെ ആര് അധികാരത്തില്‍ വരുന്നുവെന്നത് ഒരു ജനാധിപത്യ വാദിക്ക് പ്രശ്നമേയല്ല.

എന്നാല്‍ കുറഞ്ഞ മണിക്കൂറു കൊണ്ട് തികച്ചും നിയമവിരുദ്ധമായി നമ്മുടെ രാജ്യത്തെ മൂന്നു സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു സംസ്ഥാനത്തെ ഭരണം പിടിക്കാനുള്ള കോമാളിക്കളിക്ക് കൂട്ടു നിന്നുവെങ്കില്‍ അതൊരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്.അനിതരസാധാരണമായ വേഗതയില്‍ നടത്തിയ ആ നീക്കം നമ്മുടെ ഭരണഘടനയേയും ജനാധിപത്യത്തേയും അട്ടിമറിക്കുന്നതായിരുന്നു. രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തന്റെ പ്രത്യേകമായ അധികാരം ഉപയോഗിച്ചു കൊണ്ട് ഒരു ശുപാര്‍ശ പ്രസിഡന്റിന് എത്തിയപ്പോള്‍ ഇത്ര അടിയന്തിരമെന്ത് എന്നൊന്ന് ആലോചിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലയെന്നത് അവിശ്വസനീയം തന്നെയാണ്.പിറ്റേന്ന് തങ്ങളുടെ വാദങ്ങള്‍ക്കിടെ കപില്‍ സിബലും അഭിഷേക് സിംഗ്വിയും അതു ചൂണ്ടിക്കാട്ടിയെന്നതുകൂടി നാമോര്‍മ്മിക്കുക.

കാര്യങ്ങള്‍ ഇത്രയേയുളുളു. ഇത്തവണ രക്ഷിച്ചത് കോടതിയാണ്. അതും ലംഘിച്ചു കൂടാത്ത മറ്റൊരു വിധി നിലവിലുണ്ടായിരുന്നതുകൊണ്ട് എന്നു കൂടി കാണണം.എന്തായാലും അമിത് ഷായ്ക്ക് സ്വന്തം ഇഷ്ടപ്രകാരം കൈവിരലിലിട്ട് വട്ടം കറക്കാവുന്ന ഒന്നു മാത്രമായി എല്ലാ തലത്തിലുമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ മാറിയിരിക്കുന്നുവെന്നത് മാത്രമാണ് മഹാരാഷ്ട്ര നല്കുന്ന ബാക്കിപത്രം.

Advertisements