“ഞാൻ ഉപയോഗിക്കാത്ത സോഷ്യൽ മീഡിയ നിങ്ങൾക്കും വേണ്ട”

0
226

ഞാനാലോചിക്കുന്നത്, ഇത്രയേറെ അനുയായികളുള്ള ഒരാള്‍ക്ക് ഈ ലോകത്തോട് , ജനതയോട് ഒന്നും സംസാരിക്കാനില്ല എന്നു വന്നാല്‍ ആ സ്ഥിതി എത്ര ദയനീയമായിരിക്കും എന്നാണ്. പ്രത്യേകിച്ചും ഇന്ത്യപോലെയുള്ള ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് ? തന്റെ രാജ്യത്തോട്, ലോകത്തോട് ഒരു നേതാവ് എന്ന നിലയില്‍ പങ്കുവെയ്ക്കുവാന്‍ ആശയങ്ങളൊന്നുമില്ലെന്നു വന്നാല്‍ , ആലോചനകളൊന്നുമില്ലെന്നു വന്നാല്‍ അതല്ലേ സഹതപിക്കേണ്ടതായ ദുരവസ്ഥ ? നവമാധ്യമങ്ങളിലൂടെ ജനതയെ നിയന്ത്രിക്കാനും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുവാനും രാജ്യത്തിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിയ്ക്കാനും വളരെ എളുപ്പം കഴിയുന്ന ഒരു കാലത്താണ് മോഡിയെപ്പോലെയൊരാള്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുന്നത് എന്നതുകൂടി നാം കണക്കിലെടുക്കണം
.
സോഷ്യല്‍ മീഡിയയുടെ ആ പ്രഹരശേഷി തിരിച്ചറിഞ്ഞതുതന്നെയായിരിക്കണം മോഡിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. അതായത് ഈ രാജ്യം നിര്‍ണായകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനത മനുഷ്യനായി ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടി കടുത്ത സമരത്തിലാണ്. ഭരണഘടനാപരമായി അവന് അനുവദിച്ചുകിട്ടിയിരിക്കുന്ന എല്ലാത്തരം അവകാശങ്ങളും അട്ടിമറിയ്ക്കപ്പെടുന്നു. മതാപരമായും ജാതീയമായും കൂടുതല്‍ക്കൂടുതല്‍ വിഭജിക്കപ്പെടുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതകളും ഏറി വരുന്നു.ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വസ്തുതാപരമായ വാര്‍ത്തകള്‍ അവതരിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്ന നമ്മുടെ മാധ്യമങ്ങളാകട്ടെ ഏറിയ പങ്കും സംഘിവത്കരിക്കപ്പെട്ടിരിക്കുന്നു.

സത്യസന്ധമായ വാര്‍‌ത്തകള്‍ എവിടേയുമില്ല. പരിവാരസേവകരല്ലാത്തവര്‍‌ക്ക് നിലനില്ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈയവസ്ഥയില്‍ ജനത തങ്ങളുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും സൂചിപ്പിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയകളിലാണ്.അവയുടെ ശക്തി മോഡിയ്ക്ക് നന്നായി അറിയാതിരിക്കാന്‍ വഴിയില്ല. അവയെക്കൂടി ഫലപ്രദമായി നിയന്ത്രിച്ചു നിറുത്താന്‍ കഴിഞ്ഞാല്‍ ജനത കൂടുതലായി ഒറ്റപ്പെടുമെന്ന് മോഡിയ്ക്കും കൂട്ടര്‍ക്കും അറിയാം. അതുകൊണ്ട് അത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിന്റെ ആദ്യപടിയാണ് മോഡിയെ മുന്‍നിറുത്തിയുള്ള ഈ നീക്കമെന്നാണ് കരുതേണ്ടത്.

അതിന് മോഡി മാത്രം തന്റെ അക്കൌണ്ടുകള്‍ അവസാനിപ്പിച്ചാല്‍ മതിയോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ഏറെത്താമസിയാതെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കില്ലെങ്കില്‍പ്പിന്നെ നമുക്ക് എന്തിന് എന്ന ചോദ്യമുയരും. അതോടെയാണ് കളികള്‍ അസാധാരണമാകുന്നത്. പ്രധാനമന്ത്രിയുടെ മഹനീയമായ പാത പിന്തുടരാന്‍ എത്രയോ ആളുകള്‍ രംഗത്തിറങ്ങും ! എക്കാലത്തേയും പോലെ മോഡി തുടങ്ങി വെയ്ക്കുന്നുവെന്നേയുള്ളു. ഏറ്റെടുക്കാന്‍ ഏറെ ആളുകള്‍ മുന്നോട്ടു വരാന്‍ പോകുന്നു. അതോടെ നവമാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിന്റെ ലഭ്യതയിലുമൊക്കെ ഇടപെടാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാറിന് ഒരുങ്ങിക്കിട്ടും. വരാനിരിക്കുന്നത് അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമാകാന്‍ പോകുന്ന നവമാധ്യമകാലമായിരിക്കുമെന്ന് സുനിശ്ചിതമാണ്.