Manoj Pattat

നമ്മുടെ ക്രിസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇക്കഴിഞ്ഞ ദിവസം പുരോഹിതനായ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ് അത്തരത്തിലുള്ള ഒരു ചോദ്യത്തെ പ്രസക്തമാക്കുന്നത്.

മുസ്ലിംജനതയോട് ഉള്ളിലടക്കിപ്പിടിച്ച വെറുപ്പോടെയാണ് ക്രിസ്ത്യാനികള്‍ ജീവിച്ചു പോകുന്നതെന്നും അതുകൊണ്ടുതന്നെ ഹിന്ദുത്വവാദികളുടെ മുസ്ലിംവിരുദ്ധ നീക്കങ്ങളെ ഒരളവുവരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആകെത്തുക. തികച്ചും വ്യക്തിപരമാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ അഭിപ്രായമെന്ന് കണക്കാക്കി തള്ളിക്കളയേണ്ടതാണ് പ്രസംഗത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെന്ന അഭിപ്രായം എനിക്കില്ല. മറിച്ച് ക്രിസ്ത്യന്‍ പൊതുമനസ്സില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന സവര്‍ണതയുടെ പക്ഷപാതപരമായ ബഹിര്‍സ്ഫുരണങ്ങളാണ് അവ എന്ന ചിന്തയായിരിക്കും വസ്തുതകളോട് കൂടുതലായി അടുത്തു നില്ക്കുന്നത്.

മുസ്ലിംങ്ങളെ പൊതുശത്രുവാക്കി മാറ്റി നിറുത്തുവാനുള്ള ശ്രമങ്ങളെ അറിഞ്ഞുകൊണ്ടുതന്നെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടു സ്വീകരിക്കുന്ന ഫാദര്‍ ജോസഫ് എത്ര കുടിലവും നീചവുമായ നുണകളെ കൂട്ടുപിടിച്ചാണ് പാവപ്പെട്ട വിശ്വാസികളുടെ മനസ്സിലേക്ക് ഇസ്ലാം വിരുദ്ധതയെ കുത്തിവെയ്ക്കുന്നതെന്നു കൂടി ചിന്തിക്കുമ്പോഴാണ് അദ്ദേഹം ചീറ്റുന്ന വിഷത്തിന്റെ കാഠിന്യം നമുക്ക് മനസ്സിലാകുകയുള്ളു.

തീവ്രഹിന്ദുത്വ ശക്തികളായ ശിവസേനയുള്ളതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ ജീവിച്ചു പോകാന്‍ കഴിയുന്നത് എന്നാണ് അച്ചന്‍ കണ്ടുപിടിച്ചിരിക്കുന്നത്.എന്തായാലും ഫാദര് ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പ്രസംഗം മതങ്ങള്‍ തമ്മിലുള്ള വൈരനിര്യാതനബുദ്ധി വെളിവാക്കുന്ന ചര്‍ച്ചകള്‍ക്ക് വേദി തുറന്നിടുന്നുണ്ട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.