ജീവിച്ചിരിക്കുന്നവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള മനസ് ചിലർക്കുമാത്രമേ ഉള്ളൂ. അത് പലരുടെ അനുഭവത്തിലും നമ്മൾ കണ്ടതാണ്. ഇപ്പോൾ അതിനിരയായിരിക്കുന്നത് നടൻ ശ്രീനിവാസനാണ്. അദ്ദേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബൈപാസ് സർജറിക്ക് വിധേയമായിരുന്നു. തുടർന്ന് സംഭവിച്ച ഇൻഫക്ഷൻ കാരണം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. എന്നാൽ മരുന്നുകളോട് പ്രതികരിക്കുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. പക്ഷെ സോഷ്യൽ മീഡിയ ആദരാഞ്ജലിക്കാരുടെ തിരക്ക് അപ്പോഴും കുറഞ്ഞിരുന്നില്ല.
എന്നാലിപ്പോൾ ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് നിർമാതാവ് മനോജ് രാംസിംഗ് ആണ്. അദ്ദേഹം ആശുപത്രിയിൽ വച്ച് ഈ ആദരാഞ്ജലിക്കാരുടെ കാര്യം ശ്രീനിവാസനോട് പറയുകയുണ്ടായി. അപ്പോൾ ശ്രീനിവാസൻ അതിനു മറുപടി പറഞ്ഞത്, ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’ എന്നായിരുന്നു. അങ്കമാലി അപ്പോളോ അഡലക്സ് ആശുപതിയിൽ ആണ് ശ്രീനിവാസൻ ചികിത്സയിൽ കഴിയുന്നത്. മനോജ് രാംസിംഗിന്റെ പോസ്റ്റ് വായിക്കാം.
“ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം” മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല. “