സൈക്കിളിന് പിന്നിൽ സുഖമില്ലാത്ത അച്ഛനെ ഇരുത്തി, 7 ദിവസം കൊണ്ട് 1200കിലോമീറ്റർ, പലായനത്തിന്റെ ധീരമുഖം

75

Manoj Ravindran Niraksharan

ഒരു ദിവസം 100 കിലോമീറ്ററിന് മുകളിൽ സൈക്കിൾ ചവിട്ടിയിട്ടുള്ള പ്രഗത്ഭരോ അല്ലാത്തവരോ ആയ സൈക്കിളോട്ടക്കാരോട് ചോദിച്ചാൽ അതിന്റെ ചിട്ടവട്ടങ്ങളും ഏനക്കേടുകളും അവർ പറഞ്ഞ് തരും. കഴിക്കാൻ അത്യാവശ്യ ഭക്ഷണം, കുടിക്കാൻ വെള്ളം, എനർജി ഡ്രിങ്ക്, സൈക്കിളിൽ പരമാവധി ഭാരം കുറയ്ക്കൽ, ഗിയറുള്ള സൈക്കിൾ എന്നീ സൌകര്യങ്ങളോടെയാണ് പ്രഗത്ഭർ പോലും വലിയ ദൂരം സൈക്കിളോടിക്കുന്നത്. ഇവിടെ ദാ ഒരു പതിനഞ്ചുകാരി, ഗിയറില്ലാത്ത സാധാരണ സൈക്കിളിന് പിന്നിൽ സുഖമില്ലാത്ത അച്ഛനെ ഇരുത്തി, 7 ദിവസം കൊണ്ട് 1200 കിലോമീറ്റർ ദൂരം സഞ്ചരിച്ച് വീടണഞ്ഞിരിക്കുന്നു. എന്നുവെച്ചാൽ ഒരു ദിവസം ശരാശരി 170 കിലോമീറ്ററിലധികം. പലപ്പോഴും ഭക്ഷണമില്ല. വെള്ളം മാത്രം കുടിച്ചുള്ള സൈക്കിളോടിക്കൽ. വെള്ളവും ഭക്ഷണവും ഉണ്ടെങ്കിലും ഏതൊക്കെ അപരിചിതമായ തെരുവുകളിൽ അവർക്ക് അന്തിയുറങ്ങേണ്ടി വന്നിട്ടുണ്ടാകാം?! 330 കി.മീ.വരെ പയറ്റിയിട്ടുണ്ടെങ്കിലും ഇതാലോചിക്കുമ്പോൾ പേടിയാകുന്നു. കോറോണക്കാലത്തെ പലായന ദുഃഖ കഥകളിൽ ഒന്നുകൂടെ. പക്ഷെ കഥാന്ത്യം ഒരുപാട് സന്തോഷം തരുന്നുണ്ട്. ദേശീയ സൈക്കിളിങ്ങ് ഫെഡറേഷൻ ഈ അസാമാന്യ കായികശേഷിയും മനക്കരുത്തും തിരിച്ചറിഞ്ഞ് ജ്യോതി എന്ന ഈ ടീനേജുകാരിക്ക് പരിശീലനം നൽകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. അവൾക്കീ അവസരം പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിയുമാറാകട്ടെ.

വാൽക്കഷണം:- പലായനത്തിനിടയിൽ പൊലിഞ്ഞവരേയും ഇതിനേക്കാൾ കടുത്ത യാതനകൾ അനുഭവിച്ചവരേയും കണ്ടില്ലെന്നല്ല. അക്കൂട്ടത്തിൽ നിന്ന് ഒരു യാതനയെങ്കിലും അഭിവൃദ്ധിയുടെ തലത്തിലേക്ക് ഉയർന്നേക്കാമല്ലോ എന്ന ആശ്വാസമാണ് പങ്കുവെക്കുന്നത്.