എന്തൊക്കെ തടസ്സങ്ങളാണ് അല്ലേ ഒരാൾക്ക്, നമ്മുടെ സമൂഹത്തിൽ ഒന്ന് മുന്നേറി വരാൻ ?

0
275

Manoj Sujatha Mohandas

എന്തൊക്കെ തടസ്സങ്ങളാണ് അല്ലേ ഒരാൾക്ക്, നമ്മുടെ സമൂഹത്തിൽ ഒന്ന് മുന്നേറി വരാൻ?.

ചർമത്തിന്റെ നിറത്തിനു ഒന്ന് കറുപ്പ് കൂടിയാൽ, ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ഉള്ള കുടുംബത്തിൽ നിന്ന് വന്നാൽ, പുലയൻ മാടൻ വേടൻ ആദിവാസി എന്ന പലപ്പേരുകളും ചാർത്തപ്പെട്ട ഒരു സമൂഹത്തിൽ നിന്നു അവൻ ഉയരാൻ നോക്കിയാൽ? ഒരു പെൺകുട്ടി അതുമല്ലെങ്കിൽ ഭിന്നലിംഗത്തിൽ പെട്ട ഒരു വ്യക്തി??
എത്രപേരുണ്ടാവും ജയിച്ചവരിൽ? ഇനിയങ്ങനെ ജയിച്ചവരുണ്ടെങ്കിൽ തന്നെ ഇതുപോലെയുള്ള എത്രയധികം മുൻഗാമികളുടെ രക്തം മണ്ണിലലിഞ്ഞിട്ടുണ്ടാവും?

എന്തിനാണ്?? ആർക്കാണ് അതിൽ അസ്വസ്ഥത? ആരോഗ്യപരമായി മത്സരിച്ചു ജയിക്കാൻ ശ്രമിക്കാതെ ജീവിതത്തിൽ എന്തെങ്കിലും നേടണം എന്നാഗ്രഹിക്കുന്നവരെ നിറത്തിന്റെയും വംശത്തിന്റെയും പേരിൽ വേരോടെ അറുത്ത് മാറ്റുന്നത് എന്താധികാരത്തിലാണ് എന്നിവർ ചിന്തിക്കാറുണ്ടോ..
പേട്ടയിൽ പറഞ്ഞപോലെ
‘യാര് യാറുക്ക് അടിമൈ?’

പാ രഞ്ജിത്ത് സിനിമകളിൽ അയാൾ പറയാറുള്ള രാഷ്ട്രീയം എന്നും അടിച്ചമർത്തപ്പെട്ടവന്റെയാണ്, അതിലൊരിക്കലും ഒഴിവാക്കാത്ത മുഖമുണ്ട്, നികൃഷ്ട ജാതിയിൽ ജനിച്ചവൻ എന്നപേരിൽ വിദ്യാസമ്പന്നനായിട്ടും. ഒരു പ്രൊഫസർ ആയി പേരെടുത്തിട്ടും താൻ സ്പർശിച്ച വസ്തുവിൽ തൊടാൻ കഴിയില്ല എന്ന് സഹപ്രവർത്തകരുടെ അധിക്ഷേപം ഏറ്റുവാങ്ങി, ഒടുവിൽ ഭാരതത്തിന്റെ നിയമനിർമാണ ശില്പിയായി പ്രതിഷ്ഠിക്കപ്പെട്ട ഡോക്ടർ ഭീം റാവു അംബേദ്കർ.

മദ്രാസിൽ അനീതിക്കെതിരെ ചോദ്യം ചെയ്തതിൽ ജീവൻ നഷ്ടപ്പെട്ട അൻപുവിനും സുഹൃത്ത് നഷ്ടപ്പെട്ടതിന്റെ വേദനയനുഭവിച്ച കാളിയും, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി സംസാരിച്ച, വർഗീയത പരത്തുന്നവരെ എതിർത്ത കബലീശ്വരനും കരികാലനും ഒടുവിൽ ഒരു പരമ്പരക്ക് വേണ്ടി വലിയ കുടുംബത്തിൽ ജനിച്ചവനല്ല എന്നൊരൊറ്റ കാരണത്തിൽ ഒരിടയ്ക്ക് ജീവിതവും ആരോഗ്യവും മാനവും വരേ നഷ്ടപ്പെട്ട കപിലനിലൂടെയും രഞ്ജിത്ത് ഉറക്കെ പറയുന്നുണ്ട് തന്റെ സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയം.

പെരിയോറിലും, അംബേദ്‌കറിലും, കാർൽ മാക്സിലുമായി പടർന്നു കിടക്കുന്ന അയാളുടെ ചിന്തകൾ വളരെ മനോഹരമായി കാലയുടെ ക്ലൈമാക്സിൽ നമുക്ക് കാണിച്ചു തരുന്നുണ്ട്. സമാനമായി സർപ്പാട്ട പരമ്പര എന്ന് പുതുചിത്രത്തിലും ഇതുപോലെ ഒറ്റവനവധി രംഗങ്ങളുണ്ട്, അംബേദ്കർ മുന്നിലും പിന്നിലുമായി വരുന്നവ.
സങ്കടമെന്തെന്നാൽ കാലിമിത്ര പുരോഗമിച്ചിട്ടും, രഞ്ജിത്തിനെപ്പോലെ ഒട്ടനവധി കലാകാരന്മാരും, സാമൂഹിക പ്രവർത്തകരും ഒക്കെയുണ്ടായിട്ടും ഇന്നും വലിയ രീതിയിൽ തന്നെ വർഗീയതയും വംശീയതയും കൊടികുത്തിവാഴുന്നുണ്ട് എന്നതാണ്. ലോകത്തെല്ലായിടത്തുമുണ്ട് ഈ വിരോധാഭാസം, അമേരിക്ക പോലെ വികസിത രാജ്യങ്ങളിൽ അത് കറുപ്പ് – വെളുപ്പ് നിറങ്ങളിലാണെങ്കിൽ ഇവിടെ നമ്മുടെ നാട്ടിൽ അത് ജാതിയും മതവുമാണ്.

എനിക്കുറപ്പുണ്ട് നല്ലൊരു ശതമാനം പേരും ജീവിതത്തിന്റെ ഒരിക്കലെങ്കിലും ജാതിയുടെ പേരിൽ എന്തെങ്കിലും ഒന്ന് കേട്ടിട്ടുണ്ടാവും, ഒന്നുകിൽ സ്വയം നേരിട്ട അവഗണന അല്ലെങ്കിൽ മറ്റൊരാളുടെ ജാതിയെടുത്ത് പറഞ്ഞു അയാളുടെ സ്വഭാവം അളക്കുന്ന സംസാരം, നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്ന്.

എന്നാൽ നിറത്തിലോ, വർഗ്ഗത്തിലോ ഇത് നിൽക്കുന്നുണ്ടോ? ഒരിക്കലുമില്ല. സ്വന്തമായി ഒരു സ്നേഹം ഉണ്ടായതിൽ ദുരഭിമാനം എന്ന പേരിൽ എന്നേക്കുമായി നഷ്ടപ്പെട്ടുപോയ നീനുവിന്റെ നാടാണ്, ആണായി ജനിച്ചുപോയി എന്ന പേരിൽ സ്ത്രീമനസ്സോടെ ജീവിച്ചു പൂർണമായി സ്ത്രീയായി മാറണം എന്നാഗ്രഹത്തിൽ തോറ്റുപോയി ജീവൻ തന്നെ വേണ്ടെന്ന് വെച്ച അനന്യ കുമാരിയുടെ കൂടി നാടാണ്.

കറുത്തവൻ നല്ല സ്റ്റൈൽ ആയി നടന്നാൽ പൊട്ടന് ലോട്ടറി അടിച്ചു എന്ന് കളിയാക്കുന്ന, താഴ്ന്ന ജാതിയിൽ ഉയർന്ന നിലയിൽ ജീവിക്കുന്ന ഒരാളെ കണ്ടാൽ അല്പന് പൈസ വന്നു എന്ന് പറയുന്ന, കല്യാണം കഴിക്കാതെ സ്വന്തമായി നിലയിൽ നേട്ടങ്ങൾ കൊയ്യുന്ന സ്ത്രീകളെ പോക്ക് കേസ് എന്നധിക്ഷേപിക്കുന്ന, ഭിന്നലിംഗക്കാർ തീവ്രവാദികളൊന്നുമല്ല മറിച്ചു നമ്മളെപ്പോലെ സാധാരണക്കാരാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്ത വിഭാഗങ്ങളുണ്ട് ഇപ്പോഴും എന്നറിയുമ്പോഴാണ് ഏറ്റവും സങ്കടം.

ഇവിടെ ഒറ്റയടിക്ക് പാലും തേനും ഒന്നും ഒഴുകാൻ പോവുന്നില്ല, പക്ഷേ കലയ്ക്ക്, സമൂഹ മാധ്യമങ്ങൾക്ക് ഒക്കെ മാനുഷിക ചിന്തയെ ഒന്നിളക്കാൻ പല കാലഘട്ടങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവരവരുടേതായ കാഴ്ചപ്പാടുകൾ, രാഷ്ട്രീയം ഒക്കെ പറയാൻ അവസരമുണ്ട്. അതിനെ ശരിയായി നേരിടുകയാണ് വേണ്ടത് അല്ലാതെ വ്യക്തിഹത്യ പോലെയുള്ള നികൃഷ്ട കാര്യങ്ങളല്ല.
മനുഷ്യത്വത്തിന് വിലകൊടുക്കുന്ന ഏതൊരു രാഷ്ട്രീയവും കലയും അങ്ങനെയെന്തും നിലനിൽക്കേണ്ടതാണ്, ചർച്ച ചെയ്യപ്പെടേണ്ടതാണ്.