ഗൾഫിലെ സാഹോദര്യം ഇല്ലാതാവുമോ ?

166

Manoj V D Viddiman എഴുതുന്നു

ഗൾഫിലെ സാഹോദര്യം ഇല്ലാതാവുമോ ?

വിദ്വേഷത്തിലധിഷ്ഠിതമായ വിശ്വാസധാര സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഒരു പ്രശ്നമാണിത് – എതിർപക്ഷത്തോട് എത്ര ചിരിച്ചു കാണിച്ചാലും സൗമ്യത അഭിനയിച്ചാലും ചില സന്ദർഭങ്ങളിൽ സ്വയം കൈ വിട്ടു പോകും, ഉള്ളിലുള്ള വൈകൃതരൂപം പുറത്തു വരും. വയറു നിറയുന്നതാണ് ആട്ടിൻ തോലണിഞ്ഞ ചെന്നായക്കു മുമ്പിൽ ആ സന്ദർഭം ഒരുക്കുകയെങ്കിൽ, തങ്ങൾക്ക് നേരിടുന്ന പ്രതിസന്ധികളും വിമർശനങ്ങളും, തങ്ങൾക്ക് സംഹാരശക്തിയുണ്ട് എന്നൊക്കെയുള്ള തോന്നലുകളുമൊക്കെയാണ് സംഘപരിവാർ/ഹിന്ദുത്വ മൗലീക വാദികൾക്ക് ആ സന്ദർഭം സൃഷ്ടിക്കുക. ‘കാക്കാ’ന്മാരുടേ ഒത്തൊരുമ കണ്ടോ, ഹിന്ദുക്കളോട് അറബികൾ കാണിക്കുന്ന പക്ഷപാതിത്വം കണ്ടോ, നാട്ടിൽ അവർ കാണിക്കുന്ന തോന്ന്യാസം കണ്ടോ എന്നൊക്കെയുള്ള വിദ്വേഷചിന്തകൾ നിരന്തരം പ്രസരണം ചെയ്താണ് സംഘപരിവാർ പല പ്രവാസിഹിന്ദുക്കളേയും തങ്ങളുടെ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്തത്. അതുകൊണ്ടു തന്നെ മുസ്ലീം വിദ്വേഷം അത്തരക്കാരിൽ രൂഢമൂലമാണ്.

കോവിഡ് ബാധ എല്ലാ ലോകരാജ്യങ്ങൾക്കും സംഘടനകൾക്കും മനുഷ്യർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തേ പറഞ്ഞതു പോലെ, സംഘപരിവാർ ഈ സന്ദർഭവും മുസ്ലീം വിരോധം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. സർക്കാരിന്റേയോ ഭരിക്കുന്ന പാർട്ടിയുടെ പങ്കില്ലാതെയാണ് അത് നടക്കുന്നതെന്ന് ബോധിപ്പിക്കാനുള്ള ശ്രദ്ധ ഉണ്ടെങ്കിലും ചിലപ്പോഴെങ്കിലും അത് പുറത്തു വരും. ( ഇതോടൊപ്പമുള്ള വാർത്ത കാണുക ) , തബ്ലീഗ് മുസ്ലീങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള വ്യാജപ്രചരണങ്ങൾ തൊട്ട്, മഹാരാഷ്ട്രയിൽ രണ്ട് സന്ന്യാസിമാരെ കൊന്നത് മുസ്ലീങ്ങളാണ് എന്ന നുണപ്രചരണം വരെ അതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇത് പുതുമയുള്ളതല്ല.

പക്ഷേ ഇതേ പ്രചരണങ്ങൾ , അതേറ്റു പിടിക്കുന്ന ഗൾഫിലെ സംഘപരിവാർ അനുകൂലികൾ (തൊഴിലും കൂലിയും നഷ്ടപ്പെട്ട് ലോക്ഡൗണിലിരിക്കുമ്പോഴുള്ള പ്രതിസന്ധി, ഒരു ശത്രുവിനെ കണ്ടെത്താൻ അവരെ പ്രേരിപ്പിക്കാതിരിക്കില്ല. അത് മുൻപേ പ്രതിസ്ഥാനത്ത് നിർത്തിയിരുന്ന മുസ്ലീങ്ങളാവുമ്പോൾ ആ പ്രചരണം ഏറ്റെടുക്കാതിരിക്കാനുമാവില്ല ) വഴി, ഇപ്പോൾ പണിയൊന്നുമില്ലാതെ വെറുതേയിരിക്കുന്ന അറബികളുടെ ശ്രദ്ധയിലും കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. അവർ കൂടുതലായി ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാഹചര്യവും സംഘപരിവാറിന്റെ നിലപാടുകളും പഠിക്കാൻ തുടങ്ങുന്നു. ഇന്ത്യയിലിരുന്ന് തങ്ങളെ വിമർശിക്കുന്നവർക്ക് അതേ മുനയോടെ മറുപടി കൊടുക്കുന്നു. ഞങ്ങൾ മുസ്ലീങ്ങൾ ഐസിസിനെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുന്നു നിങ്ങൾ ആർ എസ് എസി നെ അങ്ങനെ പറയാൻ തയ്യാറൂണ്ടോ എന്നു ചോദിക്കുന്നു.

വിദ്വേഷത്തിനെ വിദ്വേഷം കൊണ്ട് എതിർക്കാൻ ശ്രമിക്കുന്നത്, അതിനായി എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലുള്ള നടപടികൾ ഉണ്ടാവുന്നത് ക്രമേണ അവരിലും വിദ്വേഷം ഉണ്ടാവാൻ കാരണമാകും. സംഘപരിവാറിന്റെ മുസ്ലീം വിദ്വേഷപ്രചരണം ഇന്ത്യയിലെ മുസ്ലീങ്ങൾക്കപ്പാടെ പ്രശ്നങ്ങളുണ്ടാക്കുന്നതു പോലെ, അറബികളിൽ ഹിന്ദുവിദ്വേഷ പ്രചരണം രൂപപ്പെട്ടാൽ അത് ഹിന്ദുക്കൾക്കാകെ പ്രശ്നങ്ങളുണ്ടാക്കും. ഹിന്ദുക്കളുടെ അഖണ്ഢഭാരതം സ്വപ്നം കാണുന്നവർക്ക് കലാപങ്ങളും രക്തചൊരിച്ചിലുകളും ഉന്മൂലനങ്ങളും പാലായനങ്ങളുമെല്ലാം അതിനുള്ള പടവുകൾ മാത്രമായിരിക്കുമെങ്കിലും ഇതെല്ലാം ഏറ്റു വാങ്ങേണ്ടി വരുന്ന എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാർക്ക് പ്രവചനാതീതമായ പീഢകളും ദുരന്തങ്ങളും ഇതിനാൽ ഏറ്റു വാങ്ങേണ്ടി വരും. വിദ്വേഷം അടിത്തറയായി പണിതുയർത്തപ്പെടുന്ന ഒരു രാഷ്ട്രമാകട്ടെ, സ്ഥായിയായി നിൽനിൽക്കുകയുമില്ല. അതുകൊണ്ട് ഇത്തരം വിദ്വേഷപ്രചരണങ്ങൾ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ ഇനിയെങ്കിലും എല്ലാ ഗൾഫ് ഹിന്ദുക്കളും പിന്മാറാൻ തയ്യാറാവണം. മതവിശ്വാസം തുടരുമ്പോഴും, മതമൗലീകവാദികളുടെ ചട്ടുകമാകാതിരിക്കാൻ കരുതൽ വേണം.

ഇങ്ങനെയൊരു സന്ദർഭം സംജാതമായാൽ മതമേതെന്നു നോക്കാതെ മതവിമർശനം നടത്തുന്ന ഗൾഫിലെ യുക്തിവാദികളുടെ കാര്യവും അപകടത്തിലാവും. വിദ്വേഷം അതിന്റെ പാരമ്യത്തിലെത്തിയാൽ ഫേക്ക് ഐഡികൾ പോലും കർശനമായി പരിശോധിക്കപ്പെടുകയും പിന്നിലുള്ളവർക്ക് കടുത്ത നടപടികൾ നേരിടേണ്ടി വരികയും ചെയ്യും. അതുകൊണ്ട് അവരും കരുതിയിരിക്കുക തന്നെ വേണം.
അറബികളോ ഇസ്ലാമോ വിമർശനാതീതമായതുകൊണ്ടല്ല ഇത് പറയുന്നത്. രാജഭരണമോ മതാഭിമുഖ്യ നിയമങ്ങളോ മികച്ചതാണെന്ന് അഭിപ്രായവുമില്ല. ഇന്ത്യയിൽ മതാചാരങ്ങളും ഭരണകർത്താക്കളും ഭരണവും എല്ലാം വിമർശിക്കപ്പെടുന്ന അതേ സ്വാതന്ത്ര്യം തന്നെ അനുവദിക്കപ്പെടുന്ന രാജ്യങ്ങൾ തന്നെയാണ് വേണ്ടത്. പക്ഷേ ഇവിടെ നാം, നമ്മുടെ നാട്ടിൽ നമുക്ക് വേണ്ടത്ര തൊഴിലുകളും കൂലിയുമില്ലാത്തതുകൊണ്ട് അതെല്ലാം തേടി ആ രാജ്യങ്ങളിലെത്തിയവരാണ്. ആവശ്യം നമ്മുടേതാണ്, അവരുടേതല്ല. മതമേതെന്നു നോക്കി ജോലിക്കു കയറ്റുന്ന നിലപാട് അവർ ഇതുവരെ സ്വീകരിച്ചിട്ടുമില്ല. വാശി പിടിച്ചാൽ നമ്മെ പറഞ്ഞു വിട്ട് സ്ഥാനത്ത് മറ്റു രാജ്യക്കാരെ കൊണ്ടു വരുന്നതിന് അവർക്ക് തടസ്സങ്ങളുമില്ല. സ്വന്തം തൊഴിലും ജീവിതവും വച്ച് പന്താടരുത്.

അസഹിഷ്ണുക്കളായ ഹിന്ദുക്കളെ പറഞ്ഞയച്ചു, ഇനിയിവിടെ നമ്മുടെ തൊഴിലും ജീവിതവും സുരക്ഷിതമായിരിക്കും എന്നു കരുതി, മുസ്ലീം വിദ്വേഷം പ്രകടിപ്പിക്കുന്ന ഹിന്ദുക്കളെ ഒറ്റുന്ന അപൂർവ്വം മുസ്ലീം മതമൗലീകവാദികളെയും ഗൾഫ് മലയാളികളിൽ കാണാം. എന്നാലോ, ഇത്യയിലെത്തിയാൽ അന്യ മതാചാരങ്ങളേയോ വിശ്വാസങ്ങളേയോ ഇവിടത്തെ ഭരണകർത്താക്കളേയോ വിമർശിക്കാൻ മടി കാണിക്കാത്തവരുമാണ് ഇവരിൽ പലരും. ഈ ഇരട്ടത്താപ്പിനെയാണല്ലോ നാം തിണ്ണബലം എന്നു പറയുക. വിദ്വേഷങ്ങൾ നയിക്കുന്ന ഒരു ലോകത്തിൽ തങ്ങൾ സ്വപ്നം കാണുന്ന സമാധാനജീവിതം ഒരിക്കലും സാധ്യമാവില്ലെന്ന് അവരും തിരിച്ചറിയേണ്ടതുണ്ട്. തങ്ങളോടുള്ള വിദ്വേഷത്തിന്റെ അടിസ്ഥാനകാരണം എന്തെന്ന് തിരിച്ചറിയാനും സാഹോദര്യ മനോഭാവത്തോടെ അത് തിരുത്തിക്കുന്നതിനുമുള്ള ക്ഷമയും സന്നദ്ധതയും അവരും പുലർത്തേണ്ടതുണ്ട്.

ശാന്തിയും സമാധാനവും സ്നേഹവും സാഹോദര്യവും എല്ലാവരും ചേർന്ന് പ്രവർത്തിക്കുമ്പോഴാണ്, അതെല്ലാം തകർക്കാൻ ശ്രമിക്കുന്നവരെ ഐക്യത്തോടെ ചെറുക്കുമ്പോഴാണ് നേടിയെടുക്കാനും നിലനിർത്താനുമാവുക എന്ന് മറക്കാതിരിക്കുക.
@ Viddiman