എല്ലാം11 മാസം കൊണ്ട്, സത്യം പറഞ്ഞാൽ അത്ഭുതമാണ്

0
66

മനോജ് വെള്ളനാട്

ഇത് മാർഗരറ്റ് കീമാൻ. അടുത്താഴ്ച 91 വയസു തികയുന്ന മുത്തശ്ശി. അവർ കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രമാണിത്.ക്ലിനിക്കൽ ട്രയലിൽ അല്ലാതെ, ലോകത്താദ്യമായി കൊവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തിയാണ് ഈ ഐറിഷ് മുത്തശ്ശി. Pfizer-BioNTech-ൻ്റെ BNT162 എന്ന RNA വാക്സിൻ്റെ ആദ്യ ഡോസാണവർ സ്വീകരിച്ചത്. സത്യം പറഞ്ഞാൽ അത്ഭുതമാണ്.

  1. ഒരു പുതിയ രോഗം പടർന്നു പിടിച്ചു തുടങ്ങി, ഒരു വർഷത്തിനകം അതിനൊരു വാക്സിൻ വികസിപ്പിച്ചെടുത്ത്, ക്ലിനിക്കൽ ട്രയലുകൾ എല്ലാം പൂർത്തിയാക്കി, മനുഷ്യന് വിതരണത്തിന് സാധ്യമായിരിക്കുന്നു. ആദ്യമായിട്ടാണിത്രയും വേഗതയിൽ ഒരു വാക്സിൻ മനുഷ്യന് കിട്ടുന്നത്.
  2. ആദ്യമായി ഒരു ‘RNA വാക്സിൻ’ മനുഷ്യർക്ക് ലഭിച്ചിരിക്കുന്നു. മുമ്പ് എബോളയ്ക്ക് ഇങ്ങനൊന്ന് ട്രൈ ചെയ്തെങ്കിലും പൊതുജനങ്ങൾക്ക് കൊടുത്തിരുന്നില്ല.

ഇതുവരെയില്ലാത്ത ഒരു പുതിയ രോഗം പൊട്ടിപ്പുറപ്പെടുന്നു, അതിനു കാരണക്കാരനായ വൈറസിനെ തിരിച്ചറിയുന്നു, അതിൻ്റെ ജനറ്റിക്ക് സീക്വൻസ് കണ്ടെത്തുന്നൂ, അതിൻ്റെ അടിസ്ഥാനത്തിൽ ഒരു പുതിയതരം വാക്സിൻ രൂപകൽപ്പന ചെയ്യുന്നു, അത് ശാസ്ത്രമനുശാസിക്കുന്ന പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു, ഒടുവിൽ ലോകത്താകെ മനുഷ്യർക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമായി മാറുന്നു. എല്ലാം 11 മാസം കൊണ്ട്. ശാസ്ത്രത്തിന് നന്ദി.

തനിക്ക് ഒരാഴ്ച നേരത്തേ കിട്ടിയ ബർത്ത്ഡേ പ്രസൻ്റാണീ വാക്സിനെന്നാണ് മാർഗരറ്റ് മുത്തശ്ശി വാക്സിനേഷന് ശേഷം പറഞ്ഞത്. ഇനി മൂന്നാഴ്ച കഴിഞ്ഞ് അടുത്ത ഡോസ് കൂടിയാകുമ്പോഴേ വാക്സിനേഷൻ പൂർണമാകൂ.ആകെ 8 ലക്ഷം ഡോസ് വാക്സിനാണ് ഈ ആഴ്ച UKയിൽ വിതരണം ചെയ്യുന്നത്. അവിടെ ഏറ്റവുമാദ്യം വാക്സിൻ ലഭിക്കുന്നത് വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കും അവരെ പരിപാലിക്കുന്നവർക്കും ആണ്. ശേഷം 85 വയസിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും.

തുടർന്ന് പ്രായം കുറയുന്നതിനനുസരിച്ചു മുൻഗണനാ ലിസ്റ്റിൽ പിന്നിലേക്ക് പോകും. പക്ഷെ എന്തെങ്കിലും ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന ലഭിക്കുകയും ചെയ്യും. വാക്സിൻ സൗജന്യമാണ്.എന്തായാലും കൊവിഡ് പരത്തിയ ഇരുട്ടിൽ പ്രതീക്ഷയുടെ ഒരു ചെറു മെഴുകുതിരിയാണീ ആദ്യ വാക്സിൻ.. മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ അത് പൂർണവിജയമാവട്ടെ എന്ന് ആശംസിക്കാം ..