ഇറ്റലിയിൽ നിന്ന് വന്ന പ്രവാസികൾ, ഇവരുമായി സമ്പർക്കം പുലർത്തിയവർ ചികിത്സയ്ക്ക് വിധേയരാവുക

0
2183

Manoj Vellanad
WHO-യുടെ നിഗമനപ്രകാരം നവംബർ മുതലെങ്കിലും Covid 19 ചൈനയിൽ അതിൻ്റെ സഞ്ചാരം തുടങ്ങിയതാണ്. അസാധാരണമായൊരു വൈറൽ രോഗമാണിതെന്ന് ഡിസംബർ ആദ്യവാരം തന്നെ ഡോക്ടർ ലീ വെൻലിയാങ് (Li Wenliang) ചൈനീസ് സർക്കാരിനെ അറിയിക്കുകയും ചെയ്തു. പക്ഷെ ചൈനീസ് ഭരണകൂടം അതിനെ മുഖവിലയ്ക്കെടുക്കാതെ പുല്ലുവില നൽകിയതിൻ്റെ കൂടി പരിണതഫലമാണിന്ന് ലോകം മൊത്തം വ്യാപിച്ച കൊറോണ രോഗം.
ഡോക്ടർ ലീയുടെ വാക്കുകൾക്ക് വില കൽപ്പിച്ചിരുന്നെങ്കിൽ, സമയബന്ധിതമായി അധികാരികൾ ഇടപെട്ടിരുന്നെങ്കിൽ ഇത്രയും ദാരുണമായ അവസ്ഥയിലേക്ക് ഈ രോഗം പടരില്ലായിരുന്നു.
ലോകം മൊത്തം ഇപ്പോളത് പടർന്നുകഴിഞ്ഞു. ഇന്നിതാ കേരളത്തിൽ വീണ്ടും 5 പേരിൽ കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ഇനിയും വാലും തലയുമില്ലാത്ത അശാസ്ത്രീയ ചികിത്സാ സിദ്ധാന്തങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നമുക്ക് നഷ്ടം മാത്രേ ഉണ്ടാവൂ.
നമ്മൾ മനസിലാക്കേണ്ടത്, കൊറോണ ഒരു വലിയ ഔട്ട് ബ്രേക്കുണ്ടായാൽ താങ്ങാൻ നമ്മുടെ ആരോഗ്യസംവിധാനത്തിന് കെൽപ്പൊന്നുമില്ല. തൃശൂർ പൂരത്തിന് വന്ന ഒരാന ഇടഞ്ഞത് പോലായിരുന്നു നിപയൊക്കെ വന്ന് പോയത്. പക്ഷെ എല്ലാ ആനയും കൂടി ഒരുമിച്ചിടയും പോലെയായിരിക്കും കൊറോണ ഔട്ട് ബ്രേക്ക്. ഈ അവസരത്തിൽ എല്ലാ തരത്തിലുള്ള ആൾക്കൂട്ടങ്ങളും ഒഴിവാക്കേണ്ടതാണ്. അതാറ്റുകാൽ പൊങ്കാല മാത്രമല്ല സ്വകാര്യമോ പൊതുവേദിയിലോ ഉള്ള എന്തും.
ആറ്റുകാൽ പൊങ്കാലയിലൂടെ രോഗം പകരാൻ ഏറ്റവും വലിയ റിസ്ക് പൊങ്കാല സ്ഥലത്തല്ലാ. അത് ബസ് സ്റ്റോപ്പിലോ, ബസിലോ, റയിൽവേ സ്‌റ്റേഷനിലോ ട്രെയിനിനുള്ളിലോ ഒക്കെ ആൾക്കാർ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലാണ്. അതുകൊണ്ട് പൊങ്കാല സ്ഥലത്ത് ആൾക്കാർ ജാഗ്രത പാലിച്ചതുകൊണ്ടു മാത്രം കാര്യമില്ല. രോഗം പകരാനും പകർത്താനും സാധ്യതയുള്ളവർ പൊങ്കാലയ്ക്ക് വരുന്നവർ തന്നെ ആകണമെന്നില്ല. സ്വകാര്യമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരുമാവാം.
പിന്നെയീ വരുന്ന ജനങ്ങൾ തിരിച്ചു വീട്ടിലും നാട്ടിലും ചെന്നു കഴിഞ്ഞാൽ, അണുബാധ ഉണ്ടായിട്ടുണ്ടേൽ പറയുകയും വേണ്ടാ. ഒരു സംസ്ഥാനം മുഴുവൻ പടരാൻ ഒരാൾക്ക് രോഗമുണ്ടായാൽ മാത്രം മതി.
പൊങ്കാലയ്ക്ക് വന്നതിലൂടെയോ, അവരോടൊപ്പം ട്രെയിനിലോ ബസിലോ യാത്ര ചെയ്തതിലൂടെയോ രോഗം ആർക്കെങ്കിലും കിട്ടിയാൽ അവരുടെ കോൺടാക്റ്റ് ട്രേസിംഗ് ഏതാണ്ട് ഇംപോസിബിളാണ്. ഒരു ബന്ധവുമില്ലാത്ത, പല സ്ഥലങ്ങളിൽ നിന്നു വന്ന പലരുമാണവർ. ഈ പറഞ്ഞ കോൺടാക്റ്റ് ട്രേസിംഗിലൂടെയാണ് നമ്മൾ നിപയെയും മുമ്പ് തിരിച്ചറിഞ്ഞ കൊറോണയേയും നിയന്ത്രിച്ചത്.
അതീവ ജാഗ്രത മാത്രമാണ് പ്രതിരോധമാർഗം. അതിനുള്ള എല്ലാ മാർഗങ്ങളും സർക്കാരും പൊതുജനവും മാധ്യമങ്ങളും ആരോഗ്യപ്രവർത്തകരും കൈക്കൊള്ളണം.
ഇപ്പോൾ രോഗം സ്ഥിരീകരിച്ച5-ൽ 3 പേർ ഇറ്റലിയിൽ നിന്നും വന്നവരാണ്. വന്ന ശേഷം സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ നടന്നവരാണ്. അവരിൽ നിന്നാണ് ബാക്കി 2 പേർക്ക് കിട്ടിയത്. അവരിൽ നിന്നൊക്കെ എത്ര പേരിലേക്ക് രോഗം പടർന്നുവെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
ആരെയും പാനിക്കാക്കാൻ വേണ്ടിയല്ലാ. പക്ഷെ അതീവ ജാഗ്രതയല്ലാതെ നമ്മുടെ മുന്നിൽ വേറെ മാർഗങ്ങളില്ല. ആദ്യം സൂചിപ്പിച്ച ഡോക്ടർ ലീ കൊറോണ ബാധിച്ചാണ് മരിച്ചത്. WHO യും ആരോഗ്യപ്രവർത്തകരും പറയുന്നതനുസരിക്കാൻ (സ്വയമേവ തന്നെ) നമ്മളിനിയെങ്കിലും തയ്യാറാവണം.
സീരിയസ് ആണ് കാര്യങ്ങൾ
സർക്കാർ തീർച്ചയായും ഭക്തരുടെ പൊങ്കാല പേടിച്ചാണ്, രാഷ്ട്രീയ മുതലെടുപ്പുകൾ പേടിച്ചാണ് പൊങ്കാല വേണ്ടാന്ന് പറയാത്തത്. ഇനീപ്പോ എന്തായാലും പൊങ്കാല നടക്കും.
ആയുരാരോഗ്യ സൗഖ്യത്തിനും ഐശ്വര്യത്തിനുമൊക്കെയാണ് വിശ്വാസികൾ പൊങ്കാല ഇടാൻ വരുന്നത്. പക്ഷെ, ഈ കൊറോണക്കാലത്ത് ഇത്രയും റിസ്കെടുത്ത് പൊങ്കാലയിട്ടാലും ഐശ്വര്യവും ആരോഗ്യവും ആയുസുമൊക്കെ കിട്ടുമായിരിക്കുമെന്ന് കരുതുന്നവരോട് എന്ത് പറയാനാണ്! പൊങ്കാലയ്ക്ക് വരുന്ന ഒരാൾക്ക് കൊറോണയുണ്ടെങ്കിൽ അയാളിൽ നിന്നത് ചുരുങ്ങിയത് 10 പേരിലേക്കും, ആ പത്തുപേരിൽ നിന്നത് 1000 പേരിലേക്കും പകരാൻ ഒരു ബുദ്ധിമുട്ടുമില്ല.
പൊങ്കാലയിടാൻ വരുന്ന ഭക്തജനം ആരോഗ്യമുള്ള ആളാണെങ്കിൽ രോഗം വന്നാലും രക്ഷപ്പെട്ടുപോകുമായിരിക്കും. ഉറപ്പൊന്നുമില്ല. പക്ഷെ പൊങ്കാലയുമായി വീട്ടിൽ ചെന്ന്, വീട്ടിൽ വയ്യാതെ കിടക്കുന്ന ആർക്കെങ്കിലും രോഗം കൊടുത്താൽ അവർ രക്ഷപ്പെടാൻ സാധ്യത തീരെ കുറവാണ്. അപ്പൊ കുടുംബത്തിലും ഐശ്വര്യം വരുമെന്ന് കരുതാൻ കോമൺസെൻസുള്ള വിശ്വാസിക്ക് പറ്റില്ല.
പ്രിയപ്പെട്ടവരേ, അനുഗ്രഹം പാഴ്സലായും ഈ-മെയിലിലും വരെ കിട്ടുന്ന കാലമാണ്. പൊങ്കാലയുടെ കാര്യത്തിലും കുറച്ചൊന്ന് അപ്ഡേറ്റഡാവൂ. നിർബന്ധമാണേൽ പൊങ്കാല വീട്ടിലിടൂ. അല്ലെങ്കിൽ മറ്റൊരു ദിവസം തെരഞ്ഞെടുക്കൂ. അമ്പലം അവിടെ തന്നെ ഉണ്ടാവുമല്ലോ. എന്തെല്ലാം ഓപ്ഷൻസുണ്ട്.
ആരെയും കളിയാക്കിയതൊന്നുമല്ലാ, ഒരാൾ അപകടത്തിലാക്കുന്നത് അയാൾക്ക് ചുറ്റുമുള്ള ഒരു സമൂഹത്തെ മൊത്തത്തിലാണ്. വീട്ടിൽ തന്നെ ഇരിക്കുന്നവരെ കൂടിയാണ്. അതുകൊണ്ടാണിങ്ങനെ വീണ്ടും വീണ്ടും പറയുന്നത്.
വാട്സാപ്പും ഫേസ്ബുക്കും ഇല്ലാത്തവരായിരിക്കും പൊങ്കാലയിടാൻ വരാൻ ഒരുങ്ങിയിരിക്കുന്നവരിൽ ഒരു വിഭാഗം. അവർക്കീ സാഹചര്യത്തിൻ്റെ പ്രാധാന്യം ചിലപ്പോൾ മനസിലായിട്ടുണ്ടാവില്ല. ഇത്തരം കാര്യങ്ങൾ അറിയുന്ന ആരെങ്കിലുമൊക്കെ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക.
പൊങ്കാല മാത്രമല്ല റിസ്കുള്ള സ്ഥലങ്ങൾ. നിലവിൽ ഇറ്റലിയിൽ നിന്ന് വന്ന പത്തനംതിട്ടക്കാർ കോട്ടയത്തും കൊല്ലത്തുമൊക്കെ വന്നു പോയന്നേ അറിയൂ. അവർ ഏതൊക്കെ ആൾക്കൂട്ടങ്ങളിൽ (തിയറ്റർ, മാൾ, മാർക്കറ്റ് etc) പോയിട്ടുണ്ടെന്നാർക്കുമറിയില്ല. അതിനാൽ കുറച്ചു ദിവസം എല്ലാ തരം ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. വെറുതേ മാസ്കൊന്നും വാങ്ങി ധരിക്കണമെന്നില്ല. ഹാൻഡ് സാനിറ്റൈസർ വാങ്ങി സ്റ്റോക്ക് ചെയ്യണമെന്നില്ലാ. ഒഴിവാക്കാവുന്ന യാത്രകളും ഒത്തുകൂടലുകളും ഒഴിവാക്കുക. ജാഗ്രതയോടെ മാത്രം ഇടപെടുക. അത്രേം മതി.
ഒരു വലിയ സമൂഹത്തിൻ്റെ വിധി, ചിലപ്പോൾ നിങ്ങളുടെ ഇപ്പോഴത്തെ തീരുമാനങ്ങളാവാം. ഇറ്റലിയിൽ നിന്ന് വന്നവരുടെ തെറ്റായൊരു തീരുമാനമാണ്, നമ്മളെയിപ്പോൾ ഇത്രയും ആശങ്കയിലാക്കിയിരിക്കുന്നതെന്ന് ഓർക്കുക. നാളെ അവർക്കു പകരം നിങ്ങളാവരുത് എന്നു മാത്രം ചിന്തിക്കുക.