ഭക്തരുണ്ട്, സൂക്ഷിക്കുക!

1121

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കു മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മത്സരിച്ചു പൂജിക്കുന്നത് ബൂലോകവും വിവിധ മാധ്യമങ്ങളും പണ്ടും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എവിടെയെങ്കിലും ഒരു പ്രതിമ സ്ഥാപിച്ചാൽ
കാലക്രമേണ അതിനെയും പൂജിക്കുന്ന വിഡ്ഢികൾ ആയി മാറി മലയാളികൾ. ഡോക്ടർ മനോജ് വെള്ളനാടിന്റെ പോസ്റ്റ് വായിക്കൂ.

ബൂലോകം മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ടു മുമ്പ് ചെയ്ത പോസ്റ്റ്റിന്റെ ലിങ്ക് >> മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ?

===========
ഡോ. മനോജ് വെള്ളനാട് എഴുതുന്നു 

ഭക്തരുണ്ട്, സൂക്ഷിക്കുക!

കുറച്ചുദിവസം മുമ്പ് വരെ തിരോന്തരം മെഡിക്കൽ കോളേജിൽ സന്ധ്യാസമയത്ത് ഒരു സ്ഥിരം കാഴ്ചയുണ്ടായിരുന്നു. ഇപ്പോഴും ഇടയ്ക്കു കാണാം. SAT ആശുപത്രിയുടെ മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുമ്പിൽ മെഴുകുതിരി, ഇടിഞ്ഞിൽ, സാമ്പ്രാണിത്തിരി തുടങ്ങിയവയൊക്കെ കത്തിച്ചുവച്ചുള്ള ഒരുതരം മെഡിക്കൽ ദീപാരാധന.

സുഖപ്രസവ പ്രദായിനി, സിസേറിയൻ ഒഴിവാക്കിയമ്മ തുടങ്ങിയ നാമങ്ങളിൽ അന്യദേശങ്ങളിൽ വരെ പ്രശസ്തയായ വലിയ ദൈവമാണ് ഈ പ്രതിമ. പൊതുവേ സ്ത്രീദൈവങ്ങളിൽ താൽപര്യമില്ലാത്ത മതക്കാർ വരെ ഇവിടെ അനുഗ്രഹം ഫ്രീയായി കൊടുക്കുന്നതറിഞ്ഞ് തടിച്ചുകൂടിയപ്പോൾ തലയിൽ കാക്ക വന്നിരുന്ന് സാധിക്കുന്നത് പോലും മറന്ന് ചില കാക്കമാരുടെ ഭാര്യമാരുടെ പ്രസവം കൂടി സാധിച്ചുകൊടുക്കേണ്ട അവസ്ഥയായി, ഈ പുതിയ പുണ്യാളത്തിക്ക്. ആദ്യമാദ്യം SAT യിലെ പ്രസവക്കേസുകൾ മാത്രം കൈകാര്യം ചെയ്തിരുന്ന മെഡിക്കൽ കോളേജിലമ്മ ഇതിന്റെ ബിസിനസ് സാധ്യത മനസിലാക്കി പതിയെ RCC യിലെയും ശ്രീചിത്രയിലെയും അൽപ്പം കൂടി സങ്കീർണമായ ആതുരതകളെയും കൂടി കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

ഫലമോ, സന്ധ്യാനേരങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. പ്രാർത്ഥിക്കുന്നവരും പ്രാർത്ഥന കാണാനെത്തുന്നവരും അവർക്ക് കൂട്ടു വന്നവരും ഒക്കെ ഇവിടെ പ്രതിയാണ്. പക്ഷെ, ആർക്കെങ്കിലും ഇവർക്കെതിരെ എന്തെങ്കിലും പറയാൻ പേടിയായിരുന്നു. കാരണം, ഇവരാരും സാധാരണ മനുഷ്യരല്ലാ, ഭക്തരാണ്!

ആദ്യം ആശുപത്രിക്കാർ ചെറുതായൊന്ന് ഉപദേശിച്ചു നോക്കി. രക്ഷയില്ല. പിന്നെ കമ്പിവളച്ച് വേലികെട്ടി നോക്കി. ആദ്യമാദ്യം കമ്പിയ്ക്കിടയിലൂടെയും പിന്നെ വേലി പൊളിച്ചും ആരാധനകൾ നിർബാധം തുടർന്നു. പിന്നൊരു ദിവസം ഒരു ബോർഡ് കൊണ്ടുവച്ചു, ”ഇത് ആര്യനാട് രാജേന്ദ്രനെന്ന ശിൽപ്പി കോൺക്രീറ്റിൽ പണിഞ്ഞ ഒരു സാധാപ്രതിമയാണ്. ദൈവമല്ലാ. പിന്നെയിവിടെ ഇങ്ങനെ തീ കത്തിച്ചുവയ്ക്കുന്നത് അപകടകരമാണ്” എന്നൊക്കെയായിരുന്നു ബോർഡിൽ.

ഇവർ ബോർഡു വായിക്കുമെന്ന് കരുതിയവരാണ് ശരിക്കും മണ്ടന്മാർ. ഇവരാരും സാധാരണക്കാരല്ലല്ലോ, ഭക്തരല്ലേ. ബോർഡൽപ്പം ഇടത്തോട്ട് നീക്കിവച്ച് ദീപാരാധനയും കുർബാനയും നിസ്കാരവുമൊക്കെ മുറ പോലെ നടത്തി. പിന്നെയാ ബോർഡുമവർ ദൈവത്തിന് സമർപ്പിച്ചു. ശല്യം കൂടിയപ്പോൾ അധികൃതർ വീണ്ടുമൊരു ബോർഡ് കൊണ്ടുവച്ചിട്ടുണ്ട്. പുതിയ ബലമുള്ള ഒരു വേലിയും കെട്ടി. കഷ്ടപ്പെട്ട് വേലിക്കപ്പുറം പോയി തിരി കത്തിക്കാൻ മെനക്കേടായതുകൊണ്ട് ഇപ്പൊ പ്രസവാമ്മയുടെ നടയിൽ തിരക്കിത്തിരി കുറവാണ്. എന്നാലും ചില തീവ്രഭക്തർ അതിനൊരപവാദവുമാണ്.

മെഡിക്കൽ കോളേജിലമ്മയെ ഒരുദാഹരണത്തിന് പറഞ്ഞെന്നേയുള്ളു. ചില ആൾക്കാരുടെ ചിലതരം ആരാധനകൾ കാണുമ്പോൾ ഞാനീ അമ്മയെ അറിയാതെ ഓർക്കാറുണ്ട്. ജീവനുള്ള ചില കളിമൺ പാവകളെ വാഴ്ത്തുപാട്ടുകൾ കൊണ്ടവർ ദൈവമാക്കുന്നത് കാണുമ്പോൾ നമ്മുടെയീ വിശുദ്ധ സിസേറിയാമ്മയുടെ അനർഹമായ ദൈവയോഗത്തെ പറ്റി ചിന്തിക്കാറുണ്ട്. കോൺക്രീറ്റ് പ്രതിമകളെ ആരാധിക്കുന്നതു പോലൊന്നുമല്ലാ, മാരക ദുരന്തമാണ് ജീവനുള്ളതിനെ പിടിച്ച് ദൈവമാക്കുന്നതെന്ന് തിരിച്ചറിയാനാണ് പ്രയാസം. സാമാന്യബോധം (കോമൺസെൻസ്) ഇല്ലാതെയുള്ള ആരാധനകൾ ആൾക്കഹോൾ ഡിപ്പൻഡൻസ് പോലൊരു മാരകരോഗം കൂടിയാണ്. അത് ചികിത്സിക്കപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ തകരുന്നത് ആ വ്യക്തി മാത്രമല്ലാ, ചുറ്റുപാടുകൾ കൂടിയാണ്.

വേദവചനം: സൂക്ഷിച്ചു നോക്കൂ, ജീവനുള്ള വെറും കളിമൺ കഷ്ണങ്ങളാണ് നിങ്ങളുടെ ആ ആരാധനാമൂർത്തിയെന്ന് ഇവരോട് പറഞ്ഞുനോക്കൂ. നിങ്ങളുടെ ജീവനവർ ബാക്കി വച്ചാൽ അത് ബോണസായി കരുതണം. കാരണം, അവരാരും സാധാരണക്കാരല്ല, ഭക്തരാണ്..!

=====