മണ്ടത്തരം കാട്ടുന്ന ആ പാചകക്കാരനെ ഇനി ഞാൻ വിളിക്കില്ല, നിങ്ങളോ ?

538

Manoj Vellanad എഴുതുന്നു 

ദി പ്രൈം കുക്ക്.

എന്റെ ബന്ധുവായ ഒരപ്പൂപ്പൻ. നൂറ് വയസുണ്ട്. സ്വന്തം കാര്യമൊക്കെ നോക്കാനുള്ള ആരോഗ്യം ഇപ്പോഴും ഉണ്ട്. പുള്ളി ആവുന്ന കാലത്ത് നാട്ടിലും പുറത്തും അറിയപ്പെടുന്ന പാചകക്കാരനായിരുന്നു. അന്നീ കാറ്ററിംഗ് സംവിധാനമൊന്നും കണ്ടുപിടിച്ചിട്ടില്ല. കല്യാണത്തിനായാലും പാലുകാച്ചിനായാലും പതിനാറടിയന്തിരത്തിനായാലും പാചകം നമ്മുടെ അപ്പൂപ്പൻ.

അപ്പൂപ്പന്റ മറ്റൊരു പ്രത്യേകത, എന്ത് ആന മണ്ടത്തരങ്ങളൊക്കെ പറഞ്ഞാലും അതിലുറച്ചു നിൽക്കാനുള്ള ആ വിൽ പവറാണ്. താൻ പിടിച്ച മുയലിന് നാലുകൊമ്പും ആറുവാലുമാണെന്ന് തർക്കിച്ച് നിൽക്കും, അതും ഒറ്റയ്ക്ക്. എന്റെ മണ്ടത്തരങ്ങളെ ഞാൻ തന്നെ ന്യായീകരിച്ചോളാം എന്നതാണ് സ്റ്റാൻഡ്. നോ ഫാൻസ് അസോസിയേഷൻ.

അപ്പൂപ്പൻ ഒരിക്കൽ പുറത്തൊരിടത്ത് പാചകത്തിന് പോയി. സദ്യ എല്ലാം റെഡിയായി കഴിഞ്ഞു വിശ്രമിക്കുവാണ് നമ്മുടെ പ്രധാനകുക്ക്. വീട്ടുടമസ്ഥൻ വന്ന് നോക്കുമ്പോഴുണ്ട്, സാമ്പാറിലിടാനായി അരിഞ്ഞു വച്ചിരിക്കുന്ന ചേമ്പുംമുട്ടയും വെള്ളരിക്കയുമെല്ലാം ദേ അതേ പടി ഇരിക്കുന്നു. ആ നിമിഷമാണ് തനിക്ക് അമളി പറ്റിയ കാര്യം അപ്പൂപ്പനുമറിയുന്നത്. പക്ഷെ സമ്മതിക്കാൻ ആ പ്രൈം ഈഗോ അനുവദിക്കില്ലല്ലോ.

”അതിനെന്താ കുഴപ്പം? ഞങ്ങടെ നാട്ടിലിങ്ങനെയാണല്ലോ. വിളമ്പുന്നതിന് മുമ്പ് ഈ കഷ്ണങ്ങൾ അതിലേക്കിട്ട് ഇളക്കിയാമതി. അതിനാണ് രുചി കൂടുതൽ. എന്റെ തന്നെ കണ്ടുപിടിത്തമാണ്”

കൊടുങ്ങല്ലൂർ ഭരണി എന്നാണ് പിന്നവിടെ നടന്ന സംഭവങ്ങളെ ദൃക്സാക്ഷികൾ വിളിക്കുന്നത്.

പ്രധാനമന്ത്രിയുടെ മണ്ടത്തരങ്ങളെ പറ്റി ഇന്നലത്തെ ഒരു ന്യായീകരണം- പ്രായമായ ആളല്ലേ, ചില തെറ്റൊക്കെ പറ്റില്ലേ, ക്ഷമിച്ചൂടെ- കേട്ടപ്പോൾ ഞാൻ നമ്മുടെ പ്രധാനകുക്കിനെ ഓർത്തുപോയി. പ്രായമായ ആളല്ലേ, കല്യാണസദ്യയൊക്കെ നമുക്ക് വേറൊരു ദിവസം നടത്താന്നേ, ക്ഷമിക്കൂ ചേട്ടാ എന്ന് വീട്ടുകാരനോട് പറയുന്ന പോലെ.  അത്രയ്ക്കും വയ്യെങ്കിൽ ഇനി വിശ്രമിക്കാൻ പറയുന്നതല്ലേ ശരി?

പിന്നെ, അയാൾ മനപ്പൂർവ്വം മണ്ടത്തരം പറഞ്ഞതാണെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അവർക്കുള്ള ഉദാഹരണവും പ്രധാന കുക്കപ്പൂപ്പൻ തന്നെ. നമ്മുടെ അപ്പൂപ്പൻ ഇതൊന്നും മനപ്പൂർവ്വം ചെയ്യുന്നതല്ല. മനപ്പൂർവ്വം അങ്ങനെ ചെയ്യാൻ അപ്പൂപ്പന്റെ ഈഗോ, സ്വയം ഊതി വീർപ്പിച്ച ഇമേജ്, ഒന്നും ഒരിക്കലും അനുവദിക്കില്ല. പിന്നെ? ഇതൊക്കെ സ്വതസിദ്ധമാണ്. സ്വാഭാവികമാണ്.

പ്രധാന അപ്പൂപ്പനെ ഇനിയും ന്യായീകരിച്ച്, സ്വന്തം വീട്ടിലൊരു സദ്യയുണ്ടാക്കാൻ വിളിക്കാൻ ഞാൻ മുതിരില്ല. നിങ്ങളോ?