നാട്ടിലിപ്പോ മിക്ക കാര്യങ്ങൾക്കും ഇളവുണ്ട്, അടുത്തു നിൽക്കുന്നയാൾ രോഗാണു വാഹകരായിരിക്കാമെന്ന ജാഗ്രതയോടെ മാത്രം പ്രവർത്തിക്കുക

0
41

മനോജ് വെള്ളനാട്

കൊവിഡ്19-മായുള്ള നമ്മുടെ 20-20 മാച്ച് 5 മാസമായി ഒരു ടെസ്റ്റ് സീരീസ് കണക്കെ മുന്നോട്ട് പോകുവാണ്. ലോകത്താകെ 48 ലക്ഷം രോഗികൾ. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിന്ന് 1 ലക്ഷം കടക്കാൻ സാധ്യതയുണ്ട്. ലോകത്ത് 11-ആം സ്ഥാനമാണിന്ത്യയ്ക്കിപ്പോൾ.

കേരളം, ഒഡീഷ, ഗോവ തുടങ്ങിയ കുറച്ച് സംസ്ഥാനങ്ങളിലൊഴികെ കാര്യക്ഷമമായി രോഗവ്യാപനം തടയാൻ ഇനിയും കഴിഞ്ഞിട്ടില്ല. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പുതിയ രോഗികളുടെ 90 ശതമാനത്തിലധികവും അന്തർദ്ദേശീയ-അന്തർസംസ്ഥാന പ്രവാസികളായിരുന്നു. അത് നമ്മൾ പ്രതീക്ഷിച്ചതുമാണ്, അതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തതുമാണ്.
പക്ഷെ എത്ര മുന്നൊരുക്കങ്ങളും ജാഗ്രതയും പാലിച്ചാലും പുറത്തു നിന്ന് വരുന്നവർ കൂടി സഹകരിച്ചാലേ കേരളം ഇത്രയും നാൾ ചെയ്തതിനൊക്കെ ഫലമുണ്ടാവൂ. സർക്കാർ നിർദേശങ്ങൾ പാലിക്കേണ്ടത്, ഓരോരുത്തരുടെയും കടമയാണെന്ന് വരുന്നവർ തിരിച്ചറിഞ്ഞ് ചെയ്യേണ്ടതല്ലേ..

ഇന്ന് രോഗം സ്ഥിരീകരിച്ച 3 പേർ രോഗമുണ്ടായിരുന്ന വിവരം മറച്ചു വച്ചാണത്രേ, നാട്ടിലെത്തിയത്. രോഗമുണ്ടാവുന്നത് തെറ്റൊന്നുമല്ലാ. പക്ഷെയത് മറച്ചു വച്ചത്, കബളിപ്പിക്കാൻ ശ്രമിച്ചതൊക്കെ ഗുരുതരമായ തെറ്റു തന്നെയാണ്. തിരികെ വരുന്ന പ്രവാസികളിൽ പൊതുസമൂഹം പുലർത്തുന്ന വിശ്വാസ്യതയ്ക്ക് ഇത്തരം പ്രവണതകൾ വിള്ളൽ വീഴ്ത്തും. എല്ലാവരെയും സംശയത്തോടെ കാണുന്ന സ്ഥിതി വിശേഷമുണ്ടാവും.

ഇനിയും പതിനായിരക്കണക്കിന് മനുഷ്യർ ഇങ്ങോട്ടേക്ക് വരാൻ കാത്തിരിക്കുന്നുണ്ട്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചാലേ ഇനി വരുന്നവരിലും ഇത്തരം പ്രവണതകൾ ഉണ്ടെങ്കിൽ തടയാൻ പറ്റൂ. ദുരന്തനിവാരണ നിയമപ്രകാരം നിലവിലുള്ള ശിക്ഷ നൽകണം. കൂടാതെ വിദേശരാജ്യങ്ങളിലേതു പോലെ വലിയ തുകകൾ പിഴയായി ഈടാക്കുകയും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉടൻ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യണം. നാട്ടുകാർക്കും ഗുണമുണ്ടാവട്ടെ അവരെക്കൊണ്ട്.
5 മാസമായിട്ടും ഒരു വലിയ സമൂഹം ഇവിടെ ആശങ്കകളോടെ കഴിയുമ്പോൾ, ആരോഗ്യപ്രവർത്തകരും പോലീസും കുറേ ഉദ്യോഗസ്ഥരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമ്പോൾ, ഇത്തരം കബളിപ്പിക്കലുകളെ ലാഘവത്തോടെ കാണുന്നതെങ്ങനെ.. അങ്ങനെ കാണരുതെന്നാണ് ആവശ്യപ്പെടാനുള്ളത്.

പൊതുജനങ്ങളോടാണ്, നാട്ടിലിപ്പോ മിക്ക കാര്യങ്ങൾക്കും ഇളവുണ്ട്. നല്ല തിരക്കാണ് എല്ലായിടത്തും. എവിടെപ്പോയാലും എന്താവശ്യത്തിനു പോയാലും, അടുത്തു നിൽക്കുന്നയാൾ രോഗാണു വാഹകരായിരിക്കാമെന്ന ജാഗ്രതയോടെ മാത്രം പ്രവർത്തിക്കുക. തൊടുന്ന ഏതൊരു പ്രതലവും ഒരു കൊവിഡ് രോഗി തൊട്ടിരിക്കാൻ സാധ്യതയുള്ളതാണെന്ന ചിന്ത ഉള്ളിൽ കരുതുക.
നമ്മൾ ചെയ്യേണ്ടത് ചെയ്താൽ, ഈ ടെസ്റ്റ് മാച്ചിൽ നമുക്ക് കൊറോണയുമായി ഉടനെ ടൈയിൽ എത്താം. ഇല്ലേൽ, കുറേ കളിച്ച് കഴിയുമ്പോൾ നമ്മൾ സ്വാഭാവികമായും തളരും. തളർന്ന നമ്മളെ കൊറോണ ഈസിയായി തോൽപ്പിച്ചിട്ടങ്ങ് പോകും. മറക്കരുത്.