അധ്യാപികയെ അവഹേളിച്ചത്, കേസെടുക്കാൻ വകുപ്പില്ലെങ്കിൽ വകുപ്പുണ്ടാക്കണം

0
42

Manoj Vellanad എഴുതുന്നു.

പീഡോഫീലിയ, എക്സിബിഷനിസം, ഫെറ്റിക്കിസം, സെക്സ്വൽ സാഡിസം/മസോക്കിസം
ഈ പറഞ്ഞവയെല്ലാം സെക്സ്വൽ പെർവേർഷൻസ് അഥവാ രതി വൈകൃതങ്ങളാണ്. ഇവമാത്രമല്ല, ഇനിയും ധാരാളമെണ്ണമുണ്ട്. രതി വൈകൃതങ്ങൾ എന്നുവച്ചാൽ വ്യക്തിപരമായ ലൈംഗിക സുഖത്തിനായി ഒരു സമൂഹത്തിന് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്ത ലൈംഗിക താൽപ്പര്യങ്ങൾ വച്ചു പുലർത്തുന്നവർ എന്നാണർത്ഥം.

അമ്മാതിരിയൊരു വൈകൃതമാണ് ചില അധ്യാപികമാരുടെ online ക്ലാസുകൾക്കു താഴെ വരുന്ന കമൻ്റുകളും. അവർ അധ്യാപികമാർ ആയതുകൊണ്ടല്ല, ഏതൊരു പെൺകുട്ടിയ്ക്കും സോഷ്യൽ മീഡിയയിൽ ഈ ആഭാസന്മാരെ കണ്ടുമുട്ടാതെ കടന്നു പോകാനാവില്ല. ഇതിനൊക്കെ ഒരു ഡയഗ്നോസിസേ ഉള്ളൂ, ‘കഠിനമായ ലൈംഗിക ദാരിദ്ര്യം’. അത്രയ്ക്കും ബുദ്ധിമുട്ടാണേൽ ആ റോഡിൽ കൊണ്ടിട്ടുരക്കെടാ… എന്നേ ഇവനോടൊക്കെ പറയാനുള്ളൂ. കാരണം, ഇവൻ്റെയൊന്നും ഫ്രസ്ട്രേഷൻ സഹിക്കേണ്ട ബാധ്യത പൊതുസമൂഹത്തിനില്ല തന്നെ.

സ്വയംഭോഗം തെറ്റായൊരു സംഗതിയല്ല. പക്ഷെ, അതൊരു സെക്സ്വൽ ഒഫൻസ് (ലൈംഗികാതിക്രമം) ആവാറുണ്ട്, പൊതു ഇടങ്ങളിൽ വച്ചത് ചെയ്താൽ. ബസിലും ട്രെയിനിലുമൊക്കെ ഈ അറപ്പുളവാക്കുന്ന സംഗതി പലർക്കും, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്, അനുഭവമുണ്ടാകും. സോഷ്യൽ മീഡിയയിൽ, പെൺ പ്രൊഫൈലുകളിലും അവരുടെ ഏതെങ്കിലും ആക്റ്റിവിറ്റീസിനും താഴെ വരുന്ന കമൻ്റുകളും ഒരുതരം ‘പബ്ലിക് മാസ്റ്റർബേഷ’നാണ്. അതധ്യാപികയായാലും അമ്മയായാലും ഇവൻ്റെയൊക്കെ മുന്നിൽ അവർ വെറും പെണ്ണ് മാത്രമാകുന്നത് കൊണ്ടാണ്.

നിർഭാഗ്യവശാൽ ഇതിനൊന്നും നേരിട്ട് കേസെടുക്കാൻ ഇന്ത്യയിൽ വകുപ്പില്ല. എന്തിന് മേൽപ്പറഞ്ഞ പബ്ലിക് മാസ്റ്റർബേഷൻ പോലും ക്രൈമല്ലാ. വേണമെങ്കിൽ പബ്ലിക് നൂയിസൻസിന് പരാതി കൊടുക്കാം. അത്ര തന്നെ. അതുകൊണ്ടിവരുടെ അസുഖം മാറില്ലല്ലോ.എന്നുകരുതി നിസാരമായി കാണാനുമാവില്ല. ‘ഒരു കളി തരുമോ’ എന്ന തരത്തിലൊക്കെ കമൻ്റ് ചെയ്യുന്നത്, റേപ്പ് അറ്റംപ്റ്റ് ആയി തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. അതെഴുതിയതൊരു ഫേക്ക് പ്രൊഫൈലിൽ നിന്നാണെങ്കിൽ പോലും സൈബർ പോലീസിന് അൽപ്പം മെനക്കെട്ടാൽ അവനെ കണ്ടെത്താൻ കഴിയും. അവരെ കണ്ടെത്തുകയും, തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുകയും, അതിൻ്റെ വാർത്ത മാദ്ധ്യമങ്ങളിൽ വരികയും വേണം.

എന്തായാലും അധ്യാപികമാരെ അപമാനിച്ച ഈ സംഭവം തീർച്ചയായും മുഖ്യമന്ത്രിയും വേണ്ടപ്പെട്ട വകുപ്പുകളും അതീവ ഗൗരവത്തോടെ ഇടപെടേണ്ട സംഗതിയാണ്. ഒന്നാന്തരം ക്രൈം. കേസെടുക്കാൻ നിലവിൽ വകുപ്പില്ലെങ്കിൽ വകുപ്പുണ്ടാക്കുകയെങ്കിലും വേണം..