പ്രാകൃതചിന്തകൾ ഡിറ്റിപ്പിയെടുത്ത് പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കുന്നവരെ അതേ പൊതുയിടങ്ങളിൽ നിന്നകറ്റി നിർത്തേണ്ട ബാധ്യത കൂടി സമൂഹത്തിനുണ്ട്

93

മനോജ് വെള്ളനാട്

‘സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും രക്ഷപ്പെട്ടിട്ടില്ലാ’ എന്ന് ഏതോ പുരാതനകാലത്ത് ഏതോ ഒരാൾ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതല്ല ചർച്ച ചെയ്യേണ്ട വിഷയം. അങ്ങനെ പറഞ്ഞാലെന്ത്, പറഞ്ഞില്ലെങ്കിലെന്ത്.. അട്ടർ നോൺസെൻസ്..
അങ്ങനെ പറഞ്ഞിട്ടുണ്ടേലും ഇല്ലേലും അതൊരു ആന മണ്ടത്തരമാണെന്ന്, ഇന്നുള്ളവർ തിരിച്ചറിയുന്നുണ്ടോ എന്നതാണ് കാര്യം. അത്, ഇസ്ലാം മതത്തിൽ പെട്ടവരായാലും വേറെ മതങ്ങളിൽ പെട്ടവരായാലും ഇതൊക്കെ പ്രാകൃതചിന്താഗതികളാണെന്ന് തിരിച്ചറിയുന്നില്ലേൽ പിന്നെ കാര്യമില്ല.

ഇത്തരം ചിന്തകൾ, അതായത് 916 സ്ത്രീവിരുദ്ധത, ഒരു മതത്തിൻ്റെ മാത്രം പ്രത്യേകതയൊന്നുമല്ലാ. എല്ലാ മതങ്ങളും പല അടരുകളായി നിർമ്മിക്കപ്പെട്ട സ്ത്രീവിരുദ്ധതയുടെ മുകളിലാണ് പടുത്തുയർത്തിയിരിക്കുന്നത് തന്നെ. ഒരു സ്ത്രീക്ക്, രാജ്യം ഭരിക്കാൻ കഴിവുണ്ടോ, സംസ്ഥാനം ഭരിക്കാൻ കഴിവുണ്ടോ എന്നതൊന്നുമല്ലാ ഈ വിശ്വാസം പേറുന്നവരെ നയിക്കുന്ന ചിന്ത. അവൾ ചെയ്യുന്നതെന്തായാലും അത് തെറ്റായിരിക്കുമെന്ന അധമ ചിന്തയാണ്. വാഹനമോടിക്കുന്ന സ്ത്രീകളെ കുറിച്ച് നമുക്കുള്ള പൊതുബോധത്തെ പറ്റി മാത്രമൊന്ന് ഓർത്തു നോക്കിയാൽ പോലും, വളരെ സിമ്പിളായി സ്വയം തിരിച്ചറിയാമത്.
‘അച്ഛൻ മരിച്ചതല്ലേ. പിന്നെ രണ്ടു പെൺമക്കളും. അപ്പൊ, അമ്മയാണ് ഭരണം.. ഇത് ശരിയാവുവോ?’ ഒരിക്കൽ ഒരാളെന്നോട് ചോദിച്ചതാണ്.
‘അതിലെന്ത് കുഴപ്പം?’ ഞാൻ ചോദിച്ചു.
‘കുഴപ്പോന്നുമില്ല.. എന്നാലും..’
ഒരെന്നാലുമില്ലാ. ആ അമ്മ വളർത്തിയ കുട്ടിയെ തന്നെയാണ് ഞാൻ കല്യാണം കഴിച്ചത്. അതിലൊരു കുഴപ്പവും സംഭവിച്ചില്ല. ഞാനൊരുപാട് ബഹുമാനിക്കുന്ന, വളരെ സ്ട്രോങ്ങായൊരു ലേഡിയാണവർ. അവരെപ്പോലെ, അല്ലെങ്കിൽ അവരേക്കാൾ സ്ട്രോങ്ങായ വേറെയും എത്രയോ അമ്മമാരെ അറിയാം.

ഭൂരിഭാഗം ആണുങ്ങളും, ജോലി ചെയ്ത് കിട്ടുന്നതിൽ നിന്നും കുറച്ച് വീട്ടിൽ കൊടുത്തിട്ട്, ബാക്കിയ്ക്കു മുഴുവൻ വെള്ളമടിച്ചു കോൺ തിരിഞ്ഞു നടന്ന ഒരു നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ആ ആണുങ്ങളല്ലാ, അവർ കൊടുത്ത നക്കാപ്പിച്ചാ കാശല്ലാ, ആ കുടുംബങ്ങളെ ഒരുവിധം സ്റ്റെബിലൈസ് ചെയ്ത് നിലനിർത്തിയിരുന്നത്. പല കുടുംബങ്ങളും എങ്ങനെ നിലനിൽക്കുന്നുവെന്നത് സത്യത്തിൽ എനിക്കത്ഭുതമായിരുന്നു. ആ അത്ഭുതം പ്രവർത്തിച്ചതൊക്കെ വീട്ടിലെ പെണ്ണുങ്ങളായിരുന്നു. ഇന്നും പെണ്ണുങ്ങളുടെ ഇത്തരം ഇച്ഛാശക്തിയിൽ തന്നെയാണ് പല വീടുകളും വീടായിരിക്കുന്നതും.

അതുകൊണ്ട്, പെണ്ണ് ഭരിക്കുന്നിടം ചൂണ്ടിക്കാണിക്കാൻ പറയുമ്പോൾ, ഉടനെ ഇന്ദിരാഗാന്ധിയെയോ ഷൈലജ ടീച്ചറിനെയോ ജസിൻഡ ആർഡനെയോ ചൂണ്ടേണ്ട കാര്യമൊന്നുമില്ല. സ്വന്തം വീട്ടിലേക്ക് തന്നെ ചൂണ്ടാൻ പറ്റും, മിക്കവാറും എല്ലാവർക്കും. സ്വന്തം അമ്മയെയോ പെങ്ങളെയോ ഭാര്യയെയോ പെൺ സുഹൃത്തിനെയോ സുഹൃത്തിൻ്റെ ഭാര്യയെയോ സഹപ്രവർത്തകയെയോ ഒക്കെ ചൂണ്ടിക്കാണിക്കാൻ നമുക്ക് സാധിക്കും. സാധിക്കണം.. വെറുതെ ഒന്ന് കണ്ണു തുറന്ന് നോക്കിയാൽ മതി.

അങ്ങനെ ചിന്തിക്കേണ്ട ഈ കാലത്ത്, പ്രാകൃതചിന്തകൾ വരെ ഡിറ്റിപ്പിയെടുത്ത് പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കുന്നവരെ അതേ പൊതുയിടങ്ങളിൽ നിന്നകറ്റി നിർത്തേണ്ട ബാധ്യത കൂടി സമൂഹത്തിനുണ്ട്. കാരണം, അത്തരക്കാരെക്കൊണ്ട് ഈ ലോകത്താർക്കും ദോഷമല്ലാതൊന്നുമുണ്ടാവില്ല.