ബാങ്കിൽ ചെന്ന് തെറിവിളിക്കാൻ പോലും തോന്നുന്നവർ ഉണ്ടെങ്കിൽ ഇതുവായിക്കുക, അവർ നിസ്സഹായരാണ്

247

ഡോക്ടർ മനോജ് വെള്ളനാടിന്റെ ഫേസ്ബുക് കുറിപ്പ്

SBI-യിലായിരുന്നു എൻ്റെ കാർ ലോൺ. രണ്ടുമാസം മുമ്പ് ലോൺ അടഞ്ഞുതീർന്നു. ലോൺ ക്ലോസ് ചെയ്യുന്നതിനും കുടിശികയില്ലെങ്കിലും ECS വഴി കാശ് പിടിക്കുന്നത് നിർത്തുന്ന കാര്യം പറയുന്നതിനും വേണ്ടി ഞാൻ എന്നും വിളിക്കും. പക്ഷെ ആരും ഫോണെടുക്കില്ല.
ജോലിത്തിരിക്ക്, പിന്നെ കൊവിഡ് വന്നതിൻ്റെ പ്രശ്നങ്ങൾ ഒക്കെയായതിനാൽ എനിക്ക് നേരിട്ടു പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ബാങ്കിൽ ലാൻഡ് ലൈനില്ല. മൊബൈൽ നമ്പർ കൈകാര്യം ചെയ്യുന്നത് മാനേജർ തന്നെ. ഞാനങ്ങനെ ഏതാണ്ട് ഒരു മാസത്തോളം മിക്ക ദിവസങ്ങളിലും വിളിക്കും, അതും പല പ്രാവശ്യം.

ഇടയ്ക്ക് എൻ്റെ ആവശ്യം അറിയിച്ചുകൊണ്ട് മെയിലയച്ചു. അതിനും മറുപടിയില്ല. ആദ്യമൊക്കെ തിരക്കായതു കൊണ്ടാണല്ലോ എടുക്കാത്തത് എന്നോർത്ത് സമാധാനിച്ചെങ്കിലും പിന്നെപ്പിന്നെ എനിക്കും ദേഷ്യം തോന്നിത്തുടങ്ങി. അങ്ങനെയൊരു ദിവസം 3-4 പ്രാവശ്യം വിളിച്ചിട്ടും എടുക്കാതായപ്പോൾ ദേഷ്യം വന്ന ഞാനൊരു മെസേജയച്ചു,

‘I don’t know why you are keeping this phone in your bank. I’m calling you for the last 1 month to discuss a matter. If you can’t attend, then what is the purpose of this number?’ എന്ന്.

ഏതാണ്ട് 10 മിനിട്ടു കഴിഞ്ഞപ്പോൾ മാനേജർ തിരിച്ചു വിളിച്ചു. ഞാനിത്തിരി ഇറിറ്റേറ്റഡ് ആയിരുന്നെങ്കിലും അത് പ്രകടിപ്പിക്കാതെ തന്നെ ആവശ്യം പറഞ്ഞു. കാരണം അവർ മനപ്പൂർവ്വം ഫോണെടുക്കാത്തതാവില്ലെന്ന് അപ്പോഴും ഞാൻ വിചാരിച്ചു. എല്ലാം പറഞ്ഞ് ഫോൺ വയ്ക്കാൻ നേരം ഞാൻ പറഞ്ഞു,

‘സർ, ഞാനീ കാര്യം പറയാൻ കഴിഞ്ഞ ഒരു മാസമായി വിളിക്കുന്നുണ്ട്. മെയിലും അയച്ചിരുന്നു. തീരെ നിവൃത്തിയില്ലാത്തോണ്ടാണ് ഞാനിപ്പൊ ഇങ്ങനെയൊരു മെസേജയച്ചത്. സോറി.’

അപ്പോൾ അദ്ദേഹം പറഞ്ഞു,
‘എന്തു പറയാനാണ് സർ. മനപ്പൂർവ്വം എടുക്കാത്തതാണ് സത്യത്തിൽ. ഫോണെടുക്കാനാണെങ്കിൽ എനിക്കതിനേ നേരമുണ്ടാവു. പ്രധാനപ്പെട്ട രണ്ടു സ്റ്റാഫ്സ് ഇപ്പൊ ഇല്ല. പകരം ആരെയും നിയമിച്ചിട്ടുമില്ല. അവരുടെ ജോലി കൂടി ഞാനാണിപ്പൊ ചെയ്യുന്നത്. രാത്രി ഏതെങ്കിലും സമയത്തൊക്കെയാണ് വീട്ടിൽ പോകുന്നത്. ഫോണെടുത്താൽ, അതിൽ സാറീ പറഞ്ഞതുപോലെ എന്തെങ്കിലും ആവശ്യമാവും. അറ്റൻഡ് ചെയ്താൽ അത് ചെയ്യേണ്ടത് പിന്നെ എൻ്റെ ഉത്തരവാദിത്തവുമാവും. അത്യാവശ്യക്കാർ നേരിട്ടു വരുമല്ലോ..’
പൊതുമേഖലാ ബാങ്കുകാർക്കും പ്രതിമാസ ടാർജറ്റ് ഉണ്ടെന്ന് അറിയില്ലായിരുന്നെങ്കിലും, അദ്ദേഹം പറഞ്ഞ ആ ജോലിത്തിരക്ക് എനിക്കൂഹിക്കാവുന്നതായിരുന്നു. നമ്മൾ പലപ്പോഴും ബാങ്ക് ജോലിക്കാരെ, ഏസിയിലിരുന്ന് മേലനങ്ങാതെ പണിയെടുക്കുന്ന എലീറ്റ് ക്ലാസ് ജോലിക്കാരായിട്ടാണ് കാണാറുള്ളത്. അവരുടെ തലച്ചോറിലൂടെ എന്തൊക്കെ വിഷയങ്ങൾ, വ്യക്തിപരമോ ജോലി സംബന്ധമോ ആയ എന്തൊക്കെ പ്രശ്നങ്ങൾ, കടന്നുപോകുന്നുണ്ടെന്ന് നമുക്കറിയില്ല. ചുരുക്കം ചിലരുടെ മോശം പെരുമാറ്റം ആ സമൂഹത്തെയാകെ ജാഡ ടീംസായി കാണാൻ പലരെയും പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കണ്ണൂരിലെ ബാങ്ക് മാനേജരുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണ്. മിക്ക ബാങ്ക് ജീവനക്കാരും ഈ വക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ്‌ ഈ അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഇത് ബാങ്കിംഗ് മേഖലയുടെ മാത്രം പ്രശ്നവുമല്ല. എല്ലാ തൊഴിൽ മേഖലയിലും ആവശ്യത്തിന് വിശ്രമവും വിനോദവും സ്ട്രെസ് റിലീവിംഗിനുള്ള എന്തെങ്കിലും മാർഗങ്ങളും ഒക്കെ അത്യന്താപേക്ഷിതമാണ്. തീരെ പറ്റുന്നില്ലെങ്കിൽ ജോലി രാജി വയ്ക്കാനുള്ള (എല്ലാവർക്കും പറ്റില്ലാ അതൊന്നും, എന്നാലും) ഓപ്ഷനും അതിനെ പറ്റി ചിന്തിക്കാനുള്ള മാനസികാരോഗ്യമെങ്കിലും ബാക്കി വയ്ക്കാൻ പറ്റണം. താൻ ചത്ത് മീൻ പിടിച്ചിട്ടെന്തിനാണ്..?മരിച്ചുപോയ മാനേജർക്ക് ആദരാജ്ഞലി.