21 വയസുള്ള ആര്യയുടെ മേയറാവാനുള്ള അനുഭവപരിചയത്തിൽ ആശങ്കപ്പെടുന്നത് കപടമാണ്

119

രാജ്യത്തെ പ്രായം കുറഞ്ഞ മേയർ എന്ന നിലയിലാണ് നിയുക്ത തിരുവനന്തപുരം മേയർ ആര്യ വാർത്തകളിൽ ഇടം പിടിക്കുന്നത്.പ്രായത്തിന്റെ കാര്യത്തിലല്ല; പരിഗണന, കീഴ് വഴക്കങ്ങൾ മറികടക്കാൻ കാണിക്കുന്ന രാഷ്ട്രീയ ആർജ്ജവം എന്ന നിലയിലാണ് ആഘോഷിക്കപ്പെടേണ്ടത്.അത് ആലത്തൂർ MP രമ്യ ഹരിദാസിന്റെ കാര്യത്തിലായാലും. തീരുമാനം എടുത്ത പാർട്ടിക്കും മേയർക്കും ആശംസകൾ, മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കാം

Manoj Vellanad :

“18 വയസിൽ കെട്ടിച്ചു വിടരുത്, പെൺകുട്ടികളെ പഠിപ്പിക്കണം, ജോലി നേടിയെടുക്കാൻ അവസരം കൊടുക്കണം എന്നൊക്കെ പറഞ്ഞപ്പൊ അയ്യോയെന്ന് പകച്ചുപോയവർ പലരും 21 വയസുള്ള ആര്യയുടെ മേയറാവാനുള്ള അനുഭവപരിചയത്തിൽ ആശങ്കപ്പെടുന്നതായി കണ്ടു. കപടമാണ്. 100% കാപട്യം. 21 വയസിൽ 2 കുട്ടികളുടെ അമ്മയും കുടുംബനാഥയുമായ ക്ലാസ്മേറ്റ്സ് ഉണ്ടെനിക്ക്. അല്ലാതെയും നിരവധി പേരെ അറിയാം. ചുറ്റുമൊന്ന് വെറുതേ കണ്ണോടിച്ചാൽ മിനിമം 10 പേരെ നിങ്ങൾക്കും കണ്ടെത്താം. ആ പ്രായത്തിൽ അമ്മാതിരി ഒരു കുടുംബം നോക്കുന്നതിൻ്റെ 10-ൽ ഒന്ന് കഴിവുണ്ടായാൽ മതി ജനപ്രതിനിധിയാവാൻ.എന്ത് മുൻ അനുഭവത്തിൻ്റെ, പ്രവൃത്തി പരിചയത്തിൻ്റെ ബലത്തിലാണ് ഭാര്യ, അമ്മ തുടങ്ങിയ പദവികൾ 18- വയസിൽ നമ്മൾ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് കൽപ്പിച്ചു നൽകിയത്? ഇപ്പൊഴും നൽകുന്നത്. ഒന്നുമില്ലല്ലോ. അപ്പൊ ആ കാര്യം പറഞ്ഞ് ആശങ്കപ്പെടുന്നവർ അങ്ങോട്ട് മാറി നിന്നാട്ടെ.നാട് ആര്യമാർ ഭരിക്കട്ടെ. ഇനിയും നൂറ് ആര്യമാർ നാടിൻ്റെ നാനാ ദിക്കിലും ഉണ്ടാവട്ടെ.ആര്യമാർക്ക് ആശംസകൾ “