മലയാള സിനിമ കണ്ടിട്ടാണ് ഇത്രയധികം കുട്ടികൾ ചീത്തയാകുന്നത്

619

Manoj Vellanad

മലയാള സിനിമയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച IP കമ്മീഷൻ മുമ്പാകെ സമർപ്പിക്കാനുള്ള ചില നിർദ്ദേശങ്ങളുടെ കരട് രൂപരേഖ.

സർ/ മാഡം,
കേരളത്തിലെ കുട്ടികൾ മലയാള സിനിമ കണ്ടിട്ടാണ് ഇത്രയധികം ചീത്തയാകുന്നതെന്ന് ഇവിടുത്തെ മയിൽകുറ്റികൾക്കു പോലുമറിയാം. ഇനിയതിനനുവദിച്ചു കൂടാ. സിനിമയിലെ കുറ്റങ്ങൾ നമ്മൾ ഇനിയെങ്കിലും തിരുത്തണം. അതിനായി, കുട്ടികളുടെ ശോഭനമായ ഭാവി മുന്നിൽ കണ്ടുണ്ടാക്കിയ നിർദ്ദേശങ്ങളാണ് താഴെ. സ്വീകരിക്കണം.

1.മലയാള സിനിമയിലെ കഥാപാത്രങ്ങൾ എപ്പോഴും പരസ്പരം പുഞ്ചിരിയോടും സ്നേഹത്തോടും മാത്രമേ പെരുമാറാൻ പാടുള്ളൂ. ദേഷ്യപ്പെടുകയോ ഉച്ചത്തിൽ സംസാരിക്കുകയോ പാടില്ല.

2. കഥാപശ്ചാത്തലം എല്ലായ്പ്പോഴും കാണികളിൽ സ്നേഹത്തിന്റെ നീരുറവ തെളിയ്ക്കുന്നതാവണം.

3. കുട്ടികൾ അച്ഛനമ്മമാരെ ധിക്കരിക്കുന്ന രംഗങ്ങൾ, ഹോം വർക്ക് ചെയ്യാതെ സ്കൂളിൽ പോവുന്ന രംഗങ്ങൾ, പരീക്ഷയ്ക്ക് തോൽക്കുന്നത് ഒന്നും കാണിക്കാൻ പാടില്ല.

4. മോഷണം, പോക്കറ്റടി, കള്ളം പറയൽ, തുറിച്ചു നോട്ടം, പണം പലിശയ്ക്ക് കൊടുക്കൽ, ലോണെടുത്താൽ അടവ് മുടങ്ങൽ, ഭക്ഷണമോ പാത്രങ്ങളോ വലിച്ചെറിയൽ, ‘എനിക്കിപ്പൊ ഭക്ഷണം വേണ്ടാ’ പോലുള്ള ഡയലോഗുകൾ തുടങ്ങിയവ ഒന്നും ഒരു കാരണവശാലും അനുവദിക്കരുത്.

5. അതുപോലെ പോലീസ് ലാത്തിച്ചാർജ്, പട്ടാളക്കാരുടെ വെടി വയ്പ്പ്, സിനിമാ തിയറ്ററിലിരുന്നുള്ള കൂവൽ, റോഡിലെ ഗട്ടറുകൾ, കറണ്ടു പോവുമ്പോഴുള്ള ഇരുട്ട് തുടങ്ങിയവയും സ്ക്രീനിൽ കാണാൻ പാടില്ല.

6. കുട്ടികളിൽ അമിത വണ്ണത്തിന് കാരണമാകാവുന്ന ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, കോള തുടങ്ങിയവ കാണിക്കാനേ പാടില്ല. ഭക്ഷണം കഴിക്കുന്ന രംഗങ്ങൾ നിർബന്ധമാണെങ്കിൽ വളരെ കുറച്ച് ചോറ് സാമ്പാറും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും ചേർത്ത് കഴിക്കുന്നത് കാണിക്കാം.

7. കഴിക്കുന്ന പാത്രങ്ങൾ അതത് കഥാപാത്രങ്ങൾ തന്നെ കഴുകി വയ്ക്കണം.

8. ഒരു കാരണവശാലും കഥാപാത്രങ്ങൾ ആത്മഹത്യ ചെയ്യാൻ പാടില്ല.

9. റോഡ് വരുന്ന രംഗങ്ങളിലെല്ലാം സ്ക്രീനിൽ കാണുന്ന വാഹനങ്ങളുടെ രെജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും സ്ക്രീനിന്റെ ഒരു വശത്ത് വായിക്കാവുന്ന വിധം പ്രദർശിപ്പിച്ചിരിക്കണം. കൂടെ പ്രധാന വാഹനത്തിന്റെ സ്പീഡ് 70 km/hr ൽ താഴെയായിരുന്നെന്ന് MVD ന്റെ സർട്ടിഫിക്കറ്റും.

10. ട്രെയിനിലാണെങ്കിൽ യാത്ര ചെയ്യുന്ന കഥാപാത്രങ്ങളുടെ ടിക്കറ്റ് ഡീറ്റെയിൽസും ഇതുപോലെ പ്രദർശിപ്പിക്കണം. ടിക്കറ്റില്ലെങ്കിൽ പിഴയടച്ച രസീത് വച്ചാലും മതി.

11. ബിവറേജസ് കോർപറേഷൻ, ജയിൽ, ഷാപ്പുകൾ, ആശുപത്രി, രാഷ്ട്രീയക്കാരുടെ വീടുകൾ, പൊട്ടിപ്പൊളിഞ്ഞ പാലം, ഉണക്കാനിട്ട അടി വസ്ത്രങ്ങൾ എന്നിവ ഫ്രെയിമിൽ വിദൂരതയിൽ പോലും വരാൻ പാടില്ല.

12. പ്രേമം, ചുംബനം, ആലിംഗനം, ലൈംഗികത, പോൺ വീഡിയോ കാണൽ, ആണും പെണ്ണും അടുത്തടുത്ത് ഇരിക്കുന്നത്, ഒളി കണ്ണിട്ട് നോക്കുന്നത് ഒന്നും അനുവദിക്കാൻ പാടില്ല.

13. പറ്റുമെങ്കിൽ ആണും പെണ്ണും ഒരുമിച്ചുള്ള രംഗങ്ങൾ തന്നെ ഒഴിവാക്കുക. അല്ലെങ്കിൽ അങ്ങനെയുള്ള ഓരോ സീനിനും ടാക്സ് ഏർപ്പെടുത്തുക.

കേരളത്തിലെ കുട്ടികൾ മലയാള സിനിമ കണ്ട്, കാക്കപ്പുള്ളിയോളം പോലും കളങ്കപ്പെടാൻ നമ്മളനുവദിക്കരുത്. കുട്ടികളുടെ ഭാവിയെ കരുതി ഈ നിർദ്ദേശങ്ങൾ കമ്മീഷൻ സ്വീകരിക്കണമെന്ന അപേക്ഷയോടെ,

മനോജ് വെള്ളനാട്