ഡോക്ടർ മനോജ് വെള്ളനാട് എഴുതുന്നു

Manoj Vellanad

മെഡിക്കൽ കോളേജുകളിൽ പുതിയ ബാച്ച് MBBS കുട്ടികളെത്തിയിട്ടുണ്ട്. പുതുക്കിയ MBBS കരിക്കുലമനുസരിച്ച് അവരിപ്പോൾ ഒരു മാസത്തെ ഫൗണ്ടേഷൻ കോഴ്സ് ഓടി നടന്ന് അറ്റൻഡ് ചെയ്യുന്നുണ്ട്. നല്ലൊരു ഐഡിയയായിരുന്നു ഒറിജിനൽ സിലബസിലേക്ക് കടന്നുവരുന്നതിന് മുമ്പ് എന്താണ് MBBS കോഴ്സ്, മെഡിക്കൽ കോളേജുകളുടെ ഫംഗ്ഷനിംഗ്, സമൂഹവും മെഡിക്കൽ

Manoj Vellanad

കമ്യൂണിറ്റിയും, നൈതികത, മെസിക്കൊലീഗൽ സംഗതികൾ, സയന്റിഫിക് ടെമ്പർ ഒക്കെ ഒരു കുട്ടി അറിഞ്ഞിരിക്കുന്നത്. ഒരു ദിവസം ഈ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവസരം കിട്ടിയപ്പോഴാണ് ശരിക്കുമവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായത്.

ചുരുക്കം ചിലർ മാത്രമാണ്, യാഥാർഥ്യബോധത്തോടെ, ഒരു വിഷനോടെ, കുട്ടികളോട് സംസാരിക്കുന്നത്. ബാക്കിയെല്ലാം ദാ ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം –

“കൺഗ്രാറ്റ്സ് ആൾ.. ദി മോസ്റ്റ് ഗ്ലോറിഫൈഡ് മെഡിക്കൽ പ്രൊഫഷനിലേക്ക് സ്വാഗതം. നിങ്ങളൊക്കെ ഇനി മുതൽ ഒരു എലൈറ്റ് ക്ലാസ് ആൾക്കാരാണ്. പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും അതു നിങ്ങൾ പ്രതിഫലിപ്പിക്കണം. അതുകൊണ്ട് ജീൻസോ ടീ ഷർട്ടോ പെൺകുട്ടികൾ ലെഗിങ്സോ സ്ലിറ്റ് ഉള്ള ചുരിദാറോ ഇടാൻ പാടില്ല. മുടി കെട്ടി വയ്ക്കണം. അധ്യാപകരോടൊക്കെ ഭയഭക്തി ബഹുമാനത്തോടെ പെരുമാറണം. പേഷ്യന്റ്സിനോടും. ഹോസ്റ്റലിൽ ഒക്കെ നിൽക്കുന്നവർ കൂട്ടുകൂടി വഷളാവരുത്. ”

പിന്നെ, ഞാൻ —– ഡിപ്പാർട്ട്മെന്റിൽ നിന്നാണ്, അവിടെ ഇന്ന ഇന്ന കാര്യങ്ങളാണുള്ളത് എന്ന് കൂടി പറയും. എല്ലാവരും ഏതാണ്ടിത് തന്നെ. ഒരാളുപോലും ഈ നഴ്സറി കുട്ടികളെ പെരുമാറ്റച്ചട്ടം പഠിപ്പിക്കാതെ പോയിട്ടില്ല.

പക്ഷെ, ഒരാൾ പോലും
1. എന്താണ് മോഡേൺ മെഡിസിനെന്നോ ഇതര ചികിത്സാ രീതികളിൽ നിന്ന് അതെങ്ങനെ വ്യത്യാസപ്പെടുന്നെന്നോ എവിഡൻസ് ബേസ്ഡ് മെഡിസിന്റെ പ്രത്യേകതകളോ പറഞ്ഞില്ല.
2. സയന്റിഫിക് ടെമ്പർ എന്നൊരു സംഗതി ഉണ്ടാവേണ്ട ആവശ്യകത പറഞ്ഞില്ല.
3. MBBS ഉം PG യും കഴിഞ്ഞ് ചാനലുകളിൽ ചെന്നിരുന്ന് (അമേരിക്കയിലെ മറ്റേ കാർഡിയോളജിസ്റ്റിനെ പോലെ) അശാസ്ത്രീയ ജൽപ്പനങ്ങൾ നടത്തരുതെന്ന് പറഞ്ഞില്ല.
4. ഡോക്ടർ എന്നാൽ സാധാരണ മനുഷ്യനാണെന്നോ MBBS മറ്റേതൊരു ഡിഗ്രിയെയും പോലെ ഒരു പ്രൊഫഷണൽ കോഴ്സ് മാത്രമാണെന്നോ പഠനം കഴിഞ്ഞാൽ ചെയ്യേണ്ടത് ഒരു തൊഴിൽ മാത്രമാണെന്നോ പറഞ്ഞില്ല.
5. ജൻഡർ സെൻസിറ്റൈസേഷനെ പറ്റി മിണ്ടിയില്ല (നിലവിൽ സിലബസിലില്ല. എന്നാലും കാലത്തിനൊപ്പം മാറണമല്ലോ.)
6. ചുറ്റുപാടുകളെ പറ്റി അവബോധമുണ്ടാവണമെന്നോ മെഡിക്കൽ മേഖലയിൽ മാറുന്ന രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളെ പറ്റി അറിവുണ്ടാവണമെന്നോ പറഞ്ഞില്ല.

ലാൻസറ്റിൽ വന്ന ലേഖനത്തെ രാഷ്ട്രീയമായെടുത്ത് ഇന്ത്യയിലെ മെഡിക്കൽ സമൂഹം അപലപിക്കുന്നതിനെ പലരും വിമർശിക്കുന്നത് കണ്ടപ്പോൾ ഇതെഴുതണമെന്ന് തോന്നി. ഒരു സോഷ്യൽ കോസിൽ മനുഷ്യപക്ഷത്തു നിന്ന് അഭിപ്രായം പറയാൻ കെൽപ്പുള്ളവർ, അങ്ങനെ അല്ലാത്ത പക്ഷം അതിനെതിരെ ശബ്ദമുയർത്താൻ ഔചിത്യമുള്ളവർ ഇന്ത്യയിലെ മെഡിക്കൽ ഫ്രറ്റേണിറ്റിയിൽ കുറവാണ്. ആ കുറവുകൾ ഉള്ളവർ ട്രെയ്ൻ ചെയ്തിറക്കുന്ന പുതിയ ഡോക്ടർമാർ അവരേക്കാൾ അരാഷ്ട്രീയവാദികൾ ആവുമോ എന്നാണെന്റെ ഭയം.

നമുക്ക് കണ്ടു പഠിക്കാൻ നല്ല മാതൃകകളില്ലാ എന്നത് ആ ഭയത്തിന്റെ ഭീകരത കൂട്ടുന്നു.

അനു: എനിക്ക് സംസാരിക്കാൻ അവസരം കിട്ടിയ ഒരു ബാച്ചിനോട് കിട്ടിയ 10 മിനിട്ടിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ സൂചിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അണ്ണാൻ കുഞ്ഞ് തന്നാലായത്.

മനോജ് വെള്ളനാട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.