തെച്ചിക്കാട്ടെ രാമേന്ദ്രന് വേണ്ടത് പൂരമല്ല

553

Dr. Manoj Vellanad എഴുതുന്നു

തെച്ചിക്കാട്ടെ രാമേന്ദ്രന് വേണ്ടത് പൂരമല്ല..

അമ്പലമെന്നാൽ അൻപുള്ള ഇല്ലമെന്നാണ് അർത്ഥം. സ്നേഹമുള്ള വീട്. അങ്ങനെ അൻപ് നിറയേണ്ട ഇല്ലങ്ങളിൽ മരണങ്ങളും ആതുരങ്ങളും ഉണ്ടാക്കാവുന്ന ഒക്കെയും ഒഴിവാക്കേണ്ടതല്ലേ? നിങ്ങളൊക്കെ മരിക്കാനാണോ അവിടെ പോകുന്നത്? മനസമാധാനത്തിനെന്നല്ലേ വയ്പ്പ്. പിന്നെ, ഈ അൻപ് എന്നത് മനുഷ്യന് മാത്രമല്ലല്ലോ, എല്ലാ ജീവികൾക്കും വേണ്ടതുമാണ്. എന്നുവച്ചാൽ അവിടങ്ങളിൽ മനുഷ്യർ മരിക്കാനും പാടില്ല, മറ്റു ജീവികൾ പീഡിപ്പിക്കപ്പെടാനും പാടില്ല.

ഒരുപാട് ദുരന്തങ്ങൾ നമ്മുടെ കൺമുന്നിലുള്ളപ്പോഴും, പലതിന്റെയും മുറിപ്പാടുകൾ ഉണങ്ങിയിട്ടുകൂടി ഇല്ലാത്ത ഈ അവസ്ഥയിൽ പോലും ആചാരം ആചാരമെന്ന് മുറവിളി കൂട്ടി വീണ്ടും മരണത്തെ നമ്മൾ ക്ഷണിക്കുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.

Manoj Vellanad
Manoj Vellanad

ആനകൾ മെരുക്കാനാകാത്ത മൃഗമാണെന്ന് നമ്മളെന്നാണ് തിരിച്ചറിയുക. പീഢിപ്പിച്ചും മുറിവേൽപ്പിച്ചും അനുസരിപ്പിക്കുന്ന ഒരു മൃഗം, അമിതമായ ശബ്ദവും വെളിച്ചവും ചൂടും അരോചകമായ ഒരു മൃഗം, ഓരോ നിമിഷവും ഭയന്ന് ജീവിക്കുന്ന ഒരു മൃഗം ഏത് നിമിഷമാണ് സമനില തെറ്റി പെരുമാറുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. അതിനെ ജനസഹസ്രങ്ങൾക്കിടയിൽ കൊണ്ടുനിർത്തി മരണം ഇരന്ന് വാങ്ങുന്നതിന്റെ പേര് ആചാരം. ആ പീഢനത്തിന്റെ പേര് പ്രേമം.

തെച്ചിക്കാട്ടു രാമചന്ദ്രനെന്ന് നിങ്ങൾ വിളിക്കുന്ന ആ പടുവൃദ്ധൻ തന്റെ അവസാനത്തെ കൊലപാതകം നടത്തിയിട്ട് ഇന്ന് വെറും മൂന്ന് മാസമേ ആയിട്ടുള്ളൂ. പൂരത്തിന് അതിനെ തന്നെ വേണമെന്ന ധാർഷ്ട്യം ആചാരം സംരക്ഷിക്കാനുള്ള കൊതിയല്ലെന്ന് പച്ചവെള്ളം കുടിക്കുന്ന ആർക്കും മനസിലാവും. ആ വൃദ്ധമൃഗത്തിന് ഇനി വേണ്ടത് ചികിത്സയും വിശ്രമവുമാണ്. ഒരുതരം പാലിയേറ്റീവ് കെയർ. അതിനെ മനസമാധാനത്തോടെ മരിക്കാനെങ്കിലും അനുവദിക്കണം. ആ ജീവിയോട് ഒരൽപം അൻപ് കാണിക്കണം.

എന്ന്,
ആനകളോട് ഒട്ടും പ്രേമമില്ലാത്ത ഒരു മനുഷ്യൻ

മനോജ് വെള്ളനാട്